ആത്മീയ ശക്തിയുടെയും അത്ഭുതങ്ങളുടെയും നാടാണ് ഉത്തരകാശിയെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. നിര്‍മാണത്തിലിരിക്കുന്ന സില്‍ക്കാര തുരങ്കത്തില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ നാല്‍പ്പത്തിയൊന്നു തൊഴിലാളികളെ പതിനേഴ് ദിവസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിക്കാന്‍ കഴിഞ്ഞത് ലോകം വലിയൊരു നെടുവീര്‍പ്പോടെയാണ് കണ്ടത്. വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ പന്ത്രണ്ട് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനം നിരവധി സാങ്കേതിക തടസ്സങ്ങളും ആകാംക്ഷയും അനിശ്ചിതാവസ്ഥയും നിരാശയും സങ്കടങ്ങളുമൊക്കെ മറികടന്നാണ് വിജയം നേടിയത്. അപ്രതീക്ഷിതമായ തിരിച്ചടികള്‍ നേരിട്ടെങ്കിലും പ്രതീക്ഷകള്‍ കൈവിടാതെയുള്ള രക്ഷാപ്രവര്‍ത്തനം ഒടുവില്‍ മഹത്തായ വിജയത്തിന് വഴിമാറുകയായിരുന്നു. തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികളുമായി ആശയവിനിമയം സാധ്യമായിരുന്നെങ്കിലും, ഇവര്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ആഗ്രഹിച്ച രീതിയില്‍ യഥാസമയം ഇവരെ പുറത്തേക്ക് കൊണ്ടുവരാനാവില്ല. മരണത്തിനും ജീവിതത്തിനുമിടയില്‍ അകപ്പെട്ടുപോയ ഇവരുടെ ആത്മവിശ്വാസം നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ഭാരതത്തിനകത്തും പുറത്തുമുള്ള പല ദൗത്യങ്ങളും വിജയകരമായ പരിസമാപ്തിയിലെത്തിച്ച മുന്‍ കരസേനാ മേധാവി കൂടിയായ കേന്ദ്രമന്ത്രി വി.കെ.സിങ്, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകന് ഭാസ്കര്‍ കല്‍ബെ, ലഫ്. ജനറല്‍ ഹര്‍പാല്‍ സിങ് എന്നിവര്‍ തുരങ്കത്തില്‍ പ്രവേശിച്ച് തൊഴിലാളികള്‍ക്ക് ആത്മവീര്യം പകര്‍ന്നു നല്കി. തൊഴിലാളികളെ അണിയിക്കാന്‍ നാല്‍പ്പത്തിയൊന്ന് പുഷ്പഹാരവുമായാണ് ഇവര്‍ തുരങ്കത്തില്‍ പ്രവേശിച്ചത്.
നവംബര്‍ പന്ത്രണ്ടിനാണ് തുരങ്കത്തില്‍ അറുപത് മീറ്റര്‍ വീതിയില്‍ മണ്ണിടിഞ്ഞുവീണത്. പൈപ്പുകള്‍ വഴി വെള്ളവും ഭക്ഷണവും മരുന്നുമൊക്കെ എത്തിച്ചു. ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. തൊഴിലാളികളുടെ ആത്മവിശ്വാസം തകരാതിരിക്കാന്‍ ആശയവിനിമയ സംവിധാനങ്ങളും സജ്ജീകരിച്ചു. ബന്ധുക്കളെ വരുത്തി തൊഴിലാളികളുമായി സംസാരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി അപ്പപ്പോള്‍ ഇവരെ അറിയിച്ചുകൊണ്ടിരുന്നു. പ്രധാനമന്ത്രി മോദിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും ഓരോ ദിവസവും സ്ഥിതി വിലയിരുത്തി. സംഭവസ്ഥലത്ത് തുടര്‍ച്ചയായി എത്തിയ പുഷ്കര്‍ ധാമി തൊഴിലാളികളുമായി ഫോണില്‍ സംസാരിക്കുകയും അവരുടെ അവസ്ഥയെക്കുറിച്ച് ആരായുകയും ചെയ്തു. ഒടുവില്‍ തൊഴിലാളികള്‍ പുറത്തെത്തിയപ്പോള്‍ അവരെ സ്വീകരിക്കാന്‍ ഈ മുഖ്യമന്ത്രി കാത്തുനില്ക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രധാനമന്ത്രി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന ദേശീയ ദുരന്ത നിവരാണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റ് നിരവധി ഏജന്‍സികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. യാതൊരു ദുരഭിമാനവും കൂടാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സഹായം തേടിയത്. നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു ഇതെന്നും, ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ സദാസന്നദ്ധമാണെന്നുമുള്ള എന്‍ഡിആര്‍എഫ് പ്രതികരണത്തില്‍നിന്നുതന്നെ എല്ലാം വ്യക്തമാണ്. ഒരു എന്‍ഡിആര്‍എഫ് ഭടന് തടസ്സങ്ങളെല്ലാം തട്ടിനീക്കി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തെത്തുകയും ചെയ്തു. ‘എന്‍ഡിആര്‍എഫ് കി ജയ്’ എന്നു പറഞ്ഞുകൊണ്ടാണ് തൊഴിലാളികള്‍ ഈ ധീരനെ വരവേറ്റത്.
രക്ഷാദൗത്യത്തില്‍ ധീരമായി പ്രവര്‍ത്തിച്ച മറ്റൊരാളെ മറക്കാന്‍ പാടില്ല. ദല്‍ഹി സ്വദേശിയായ സുരേന്ദ്ര സിങ് രജ്പുത്താണിത്. 2006 ല്‍ ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ ഒരു കുട്ടിയെ തുരങ്കം നിര്‍മിച്ച് അത്ഭുതകരമായി രക്ഷിച്ചയാളാണ് സുരേന്ദ്ര സിങ്. സില്‍ക്കാര ദൗത്യത്തിലെ അവസാന ഘട്ടത്തില്‍ തടസ്സങ്ങള്‍ നീക്കാന്‍ ഈ ധീരന്റെ പ്രവര്‍ത്തനം വളരെയധികം സഹായകമായി. ജീവന് രക്ഷാപ്രവര്‍ത്തനത്തിന് ഹരിയാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുള്ള സുരേന്ദ്രയുടെ ചരിത്രമറിയാവുന്നതിനാല് സില്‍ക്കാര ദൗത്യത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു സാഹചര്യത്തെയാണ് സില്‍ക്കാരയില്‍ രാജ്യത്തിന് നേരിടേണ്ടി വന്നത്. ഒരാളുടെ പോലും ജീവന് അപകടപ്പെടാതെ എങ്ങനെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് ചിന്തിച്ച് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ അപവാദ പ്രചാരണവുമായി ചില രാഷ്ട്രീയ കഴുകന്മാര് വട്ടമിട്ടു പറന്നു. തുരങ്കം ഇടിയാന്‍ കാരണം നിര്‍മാണത്തിലെ തകരാറാണെന്നു പറഞ്ഞ് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം നടന്നു. നിര്‍മാണക്കരാര്‍ അദാനിക്കാനാണെന്നുവരെ ദുഷ്പ്രചാരണം നടന്നു. അശുഭകരമായ എന്തെങ്കിലും സംഭവിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറ്റപ്പെടുത്താന്‍ കാത്തുനില്ക്കുകയായിരുന്നു ഇക്കൂട്ടര്‍. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇങ്ങനെ സംഭവിച്ചു കാണാന്‍ നാശത്തിന്റെ പ്രവാചകന്മാര് ആഗ്രഹിക്കുകയും ചെയ്തിരിക്കാം. എന്നാല്‍ ഇക്കൂട്ടരെ നിരാശപ്പെടുത്തുന്ന വിജയമാണ് പുണ്യഭൂമിയില്‍ രാജ്യം നേടിയത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ ലോകത്തിനു മുന്നില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ അത്ഭുത മാതൃകയാണ് നാം കാഴ്ചവച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ ഇനിയും ഈ കൂട്ടായ്മയുടെ ശക്തി നമുക്കും ലോകത്തിനും പ്രചോദനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: