ആളൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് വിജയത്തുടര്‍ച്ച. ഇന്നലെ നടന്ന മത്സരത്തില്‍ ത്രിപുരയ്ക്കെതിരെ 119 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കി. ലീഗ് റൗണ്ടിലെ മൂന്നാം ജയത്തോടെ പട്ടികയില്‍ 12 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. അപരാജിത കുതിപ്പ് തുടരുന്ന മുംബൈ നാലാം ജയവുമായി 16 പോയിന്റ് നേടി.
ത്രിപുരയ്ക്കെതിരെ കേരളം മുന്നില്‍ വച്ച ലക്ഷ്യം 232 റണ്‍സാണ്. ഇതിനെതിരെ ബാറ്റിങ് ആരംഭിച്ച അവരെ ബൗളര്‍മാരായ അഖിന് സത്താറും അഖില്‍ സ്കറിയയും ചേര്‍ന്ന് എറിഞ്ഞിട്ടു. ഇരുവരും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ രണ്ട് വിക്കറ്റുമായി വൈശാഖന് ചന്ദ്രനും ഒരു വിക്കറ്റ് പ്രകടനവുമായി ശ്രേയസ് ഗോപാലും പിന്തുണ നല്കി.
തകര്‍ന്ന് തരിപ്പണമായ ത്രിപുര ഇന്നിങ്സിനെ നൂറ് കടത്തിയത് രജത് ഡേയുടെ തട്ടുപൊളിപ്പന്‍ പ്രകടനമാണ്. 34 പന്തുകള്‍ നേരിട്ട് അഞ്ച് സിക്സറും ഒരു ഫോറും സഹിതം 46 റണ്‍സെടുത്ത താരത്തെ ശ്രേയസ് ഗോപാല്‍ ആണ് പുറത്താക്കിയത്. ത്രിപുര ഇന്നിങ്സിലെ ടോപ് സ്കോററും രജത് തന്നെ. മറ്റുള്ളവരില്‍ ഗണേഷ് സതീഷ് നേടിയ 17 റണ്‍സ് ആണ് മികച്ച സ്കോര്‍. ത്രിപുര സ്കോര്‍ 50 എത്തുമ്പോഴേക്കും വൃദ്ധിമാന്‍ സാഹ അടക്കം അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. പിന്നീട് രജത് ഡേ നടത്തിയ ഒറ്റയാന് പ്രകടനം കൊണ്ട് ടീമിന് മത്സരം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ 27.5 ഓവറില്‍ 112 റണ്‍സില്‍ എല്ലാവരും പുറത്തായി.
നേരത്തെ ടോസ് ത്രിപുരയ്ക്കായിരുന്നു. കേരളത്തെ ബാറ്റിങ്ങിന് വിട്ടു. ഇന്നലെ ഓപ്പണര്‍മാര്‍ തിളങ്ങിയപ്പോള്‍ മധ്യനിര നിരാശപ്പെടുത്തി. ബിലോ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ബലത്തില്‍ കേരളം പൊരുതാവുന്ന സ്കോര്‍ കണ്ടെത്തുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനും രോഹന് കുന്നുമ്മലും ചേര്‍ന്ന് 95 റണ്‍സെടുത്തു. 61 പന്തുകള്‍ നേരിട്ട അസ്ഹറുദ്ദീന് ഏഴ് ബൗണ്ടറികളും ഒരു സിക്സും സഹിതം 58 റണ്‍സെടുത്തപ്പോള്‍ 70 പന്തുകള്‍ നേരിട്ട റോഹന്‍ 44 റണ്‍സെടുത്ത് ഫോം വീണ്ടെടുത്തു. 23.4-ാം ഓവറില്‍ കേരള ടോട്ടല്‍ 118 റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും പുറത്തായി. തൊട്ടുപിന്നാലെ കേരളത്തിന്റെ തകര്‍ച്ച ആരംഭിക്കാനും തുടങ്ങി.
നായകന് സഞ്ജു സാംസണ്(ഒന്ന്), വിഷ്ണു വിനോദ്(രണ്ട്), സച്ചിന് ബേബി(14) എന്നിവര്‍ വളരെ വേഗം തിരിച്ചെത്തിയപ്പോള്‍ അഖില്‍ സ്കറിയ(22)യും ശ്രേയസ് ഗോപാലും(41) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം സ്കോര്‍ 200 കടത്താന്‍ സഹായിച്ചു. വമ്പന്‍ അടികളിലൂടെ നേരിയ തോതില്‍ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ബേസില്‍ തമ്പിയുടെ വിലപ്പെട്ട സംഭാവനയും(22 പന്തില്‍ 23) കൂടിയായപ്പോള്‍ കേരള ടോട്ടല്‍ 47.1 ഓവറില്‍ 231 റണ്‍സില്‍ അവസാനിച്ചു.
ത്രിപുരയ്ക്കുവേണ്ടി അഭിജിത്ത് കെ.സര്‍ക്കാര്‍, ബിക്രംജിത്ത് ദേബ്നാഥ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേട്ടവുമായി തിളങ്ങി. മണിശങ്കര്‍ മുരാസിങ്, റാണാ ദത്ത, ജോയ്ദേബ് ദേബ് എന്നിവര്‍ ഓരോ വിക്കറ്റ് സംഭാവന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: