തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്ന് തിരുവനന്തപരുത്ത് തുടക്കമാകും.
അഞ്ചു വേദികളിലായി നടക്കുന്ന ശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 7500 കുട്ടികളാണ് പങ്കെടുക്കുന്നത്. ശാസ്ത്ര വിഭാഗത്തില്‍ 18 ഇനങ്ങളിലും ഗണിതശാസ്ത്ര വിഭാഗത്തില്‍ 20 ഇനങ്ങളിലും സാമൂഹ്യശാസ്ത്ര വിഭാഗത്തില്‍ 15 ഇനങ്ങളിലും പ്രവൃത്തി പരിചയവിഭാഗത്തില്‍ 102 ഇനങ്ങളിലും ഐടി വിഭാഗത്തില്‍ 16 ഇനങ്ങളിലുമായി 180 ഇനങ്ങളിലാണ് മത്സരം. ഡിസംബര്‍ മൂന്നു വരെയാണ് ശാസ്‌ത്രോത്സവം.
ഇന്ന് രാവിലെ 11ന് പ്രധാനവേദിയായ കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം പറയും. ഇന്നലെ പാചകപ്പുരയില്‍ മേയര്‍ ആര്യാ രാജേനന്ദ്രന്‍ പാലുകാച്ചി പാചകത്തിന് തുടക്കം കുറിച്ചു.
സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ശാസ്ത്രമേളയും പട്ടം ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ ഗണിതശാസ്ത്രമേളയും ഗവ. കോട്ടഹില്‍ ഗേള്‍സ് എച്ച്എസ്എസില്‍ സാമൂഹ്യശാസ്ത്രമേള, ഐടി മേള എന്നിവയും പട്ടം സെന്റ്‌മേരീസില്‍ പ്രവൃത്തി പരിചയമേളയും മണക്കാട് ഗവ. ഗേള്‍സ് വിഎച്ച്എസ്എസില്‍ വൊക്കേഷണല്‍ എക്‌സ്‌പോ ആന്‍ഡ് കരിയര്‍ ഫെസ്റ്റും ആണ് നടക്കുക. 55ാമത് ശാസ്ത്രമേളയും 41ാമത് പ്രവൃത്തി പരിചയ മേളയും 36ാമത് ഗണിത ശാസ്ത്രമേളയും 25ാമത് സ്‌പെഷല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയമേളയും 20ാമത് ഐടി മേളയുമാണ് ഇത്തവണ നടക്കുന്നത്. തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് എച്ച്എസ്എസിലാണ് രജിസ്‌ട്രേഷന്‍. തൈക്കാട് മോഡല്‍ എല്‍പി സ്‌കൂളിലാണ് ഭക്ഷണം. മത്സരാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നഗരപരിധിയിലെ 21 സ്‌കൂളില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ക്വിസ് മത്സരങ്ങളാണ് നടക്കുക.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന മത്സരാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വി. കെ പ്രശാന്ത് എംഎല്‍എ സമ്മനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക