ന്യൂദല്‍ഹി: യമുനോത്രി ദേശീയ പാതയിലെ സില്‍ക്യാര ടണലില്‍ ദുരന്തമുണ്ടായി അര മണിക്കൂറിനകം സര്‍വസജ്ജമായി കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ ഏകോപനത്തിന്റെ വിജയ നിമിഷം കൂടിയാണിത്. നവംബര്‍ 12ന് ദുരന്തമുണ്ടായ ഉടന്‍ തന്നെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള സന്ദേശം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്ട്രറി ഡോ.പി. കെ മിശ്രയ്‌ക്ക് ലഭിച്ചു. ഉടന്‍ തന്നെ വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു.
എത്രയും വേഗം രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഏറ്റെടുക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. മുതിര്‍ന്ന പിഎംഒ ഉദ്യോഗസ്ഥര്‍ക്ക് രക്ഷാ ദൗത്യത്തിന്റെ ചുമതലയും കൈമാറി. തുടര്‍ന്നുള്ള 17 ദിവസവും പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്ര പ്രധാനമന്ത്രിക്ക് രക്ഷാ ദൗത്യത്തിന്റെ വിവരങ്ങള്‍ യഥാസമയം നല്‍കിക്കൊണ്ടിരുന്നു. പിഎംഒയിലെ ഡപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗില്‍ദിയാലിന് ഏകോപനച്ചുമതല നല്കി സംഭവ സ്ഥലത്തേക്ക് അയച്ചു. മങ്കേഷ് ഖില്‍ദിയാല്‍ ഇന്നലെ രക്ഷാ ദൗത്യം പൂര്‍ത്തിയാവും വരെ ഉത്തരകാശിയില്‍ തങ്ങി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകനായ ഭാസ്‌ക്കര്‍ ഖുല്‍ബെയെ പ്രത്യേകമായി ഉത്തരാഖണ്ഡിലേക്ക് അയച്ചതും നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരമാണ്. തുടര്‍ന്ന് സിവില്‍ എന്‍ജിനീയറിങ്, ടണലിങ് വിദഗ്ധര്‍, ആര്‍വിഎന്‍എല്‍, ഒഎന്‍ജിസി, എസ്ജെവിഎന്‍എഎല്‍, ഡിആര്‍ഡിഒ, ടിഎച്ച്ഡിസി എന്നിവയുടെ ഉപകരണങ്ങള്‍, ഡ്രോണ്‍സ്, റോബോട്ടുകള്‍, എന്‍ഡോസ്‌കോപ്പിക് ക്യാമറകള്‍ എന്നിവയും സംഭവ സ്ഥലത്തേക്ക് എത്തിച്ചു.
ശാസ്ത്ര സാങ്കേതിക മന്ത്രാലയം, ഡിആര്‍ഡിഒ, നിരവധി സ്വകാര്യ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ സഹായങ്ങളും രക്ഷാ ദൗത്യത്തിന് ലഭ്യമാക്കി. കരസേന, വ്യോമസേന, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍, ദേശീയ ദുരന്ത നിവാരണ സന, എന്‍ഡിഎംഎ, ഉത്തരാഖണ്ഡ് സര്‍ക്കാര്‍, ഉത്തരകാശി ജില്ലാ ഭരണകൂടം എന്നിവയുമായുള്ള ഏകോപനവും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വഹിച്ചു.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് പങ്കെടുത്ത ഏകോപന യോഗങ്ങളും ഓരോ മണിക്കൂറിലും കൈമാറിയിരുന്ന രക്ഷാദൗത്യ പുരോഗതിയും ടണലില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികള്‍ക്ക് രക്ഷയായി. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള യന്ത്രങ്ങളും മറ്റും യുദ്ധകാലാടിസ്ഥാനത്തിലാണ് എത്തിച്ചത്. കേന്ദ്രആഭ്യന്തര സെക്രട്ടറിയും രക്ഷാദൗത്യത്തിന്റെ ഏകോപന ചുമതലയില്‍ പ്രവര്‍ത്തിച്ചു. കൃത്യമായ ഇടവേളകളില്‍ മാധ്യമങ്ങളെ കാണേണ്ട ചുമതല ദുരന്ത നിവാരണ സേനയ്‌ക്ക് മാത്രമായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക