അബിഗേല്‍ സാറ ജെറി എന്ന ആറുവയസ്സുകാരിയെ ഓയൂരില്‍നിന്ന് ഒരുസംഘം തട്ടിയെടുത്തെന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ കേരളം നിതാന്തജാഗ്രതയിലായിരുന്നു. പ്രാര്‍ത്ഥനയിലും അന്വേഷണത്തിലുമായിരുന്നു. ഒടുവില്‍ ആ പ്രാര്‍ത്ഥനകള്‍ക്കും ശ്രമങ്ങള്‍ക്കും ഫലമുണ്ടായി. കൊല്ലത്തെ ആശ്രാമം മൈതാനത്ത് പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പോലീസ് പഴുതുകളടച്ച് വലവിരിച്ചെന്നവകാശപ്പെടുമ്പോഴാണ് തിരക്കേറിയ നഗരത്തിലൂടെ വന്ന് പൊതുസ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ചത്.
മുഖ്യമന്ത്രിയുടെയും രണ്ട് മന്ത്രിമാരുടെയും നിരീക്ഷണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഹോട്ട്ലൈന്‍ ബന്ധപ്പെടല്‍. ആയിരത്തോളം പോലീസുകാര്‍. മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള എ ഐ ക്യാമറകള്‍ വഴിനീളെ. പോലീസിന്റെ സിസിടിവി ക്യാമറകള്‍ വേറെ. തലങ്ങും വിലങ്ങും ചീറിപ്പായുന്ന പോലീസ് വാഹനങ്ങള്‍. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാടെങ്ങും പഴുതടച്ച പരിശോധന. അതിനുപുറമേ ഓരോ നിമിഷവും പകര്‍ത്തിയെടുത്ത് പുറത്തെത്തിക്കുന്ന ചാനലുകള്‍. പക്ഷെ ഒരു ഭയവും കൂടാതെ പിടിക്കപ്പെടില്ലെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ നട്ടുച്ചയ്ക്ക് ഓട്ടോയില്‍ സഞ്ചരിച്ച് വലിയ ആള്‍ക്കൂട്ടത്തിന് നടുവില്‍ പോലീസിന്റെ മൂക്കിന് താഴെ പ്രതികള്‍ എത്തി. ഒരാളുപോലും തിരിച്ചറിയാതെ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നു. ആ നഗരത്തിലൂടെത്തന്നെ പ്രതികള്‍ രക്ഷപ്പെട്ടു. ഒരു മാസ്കിന്റെ പിന്‍ബലത്തില്‍ ഒരുകൂട്ടം ക്രിമിനലുകള്‍ക്ക് ഇത്രയധികം ആത്മവിശ്വാസം ലഭിച്ചുവെങ്കില്‍ അതിന് കാരണവും കേരള പോലീസിന്റെ നമ്പര്‍വണ്‍ പ്രവര്‍ത്തനമാണെന്ന് പറയാതെ വയ്യ.
ഒരുവര്‍ഷം മുമ്പാണ് കൊല്ലം ജില്ലയില്‍ത്തന്നെ കൊട്ടിയത്ത് നിന്നും 14 കാരനെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയത്. അന്ന് അരമണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കാനായത് പ്രതികള്‍ ബന്ധുക്കളാണെന്ന് തിരിച്ചറിഞ്ഞതിനാലാണ്. പക്ഷെ 17 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരന് ഇപ്പോഴും കാണാമറയത്താണ്. തുടക്കത്തില്‍ അന്വേഷിച്ച പോലീസിന്റെ വീഴ്ചകാരണം തുടര്‍ന്ന് അന്വേഷിച്ചകേന്ദ്ര ഏജന്‍സികള്‍ക്കും അധികം മുന്നോട്ടുപോകാനായില്ല. ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയായ ഇതര സംസ്ഥാന പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ കേരളം കണ്ടതാണ്.
ഓയൂരിലെ സംഭവത്തില്‍ 20 മണിക്കൂറാണ് അഞ്ച് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് പ്രതികള്‍ക്കായി വലവിരിച്ചത്. തിങ്കളാഴ്ച 4.45ന് അനുജത്തിയെ തട്ടിക്കൊണ്ടുപോയെന്ന് സഹോദരന് അറിയിച്ച നിമിഷം മുതല്‍ പോലീസ് വല നെയ്തു തുടങ്ങി എന്നാണ് ഭാഷ്യം. പക്ഷെ ലോക്കല്‍ പോലീസ് അന്വേഷണം തുടങ്ങിയത് പിന്നെയും ഒരുമണിക്കൂര്‍ വൈകിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാഹനം പോയ ദിശയില്‍ നിന്നും എങ്ങോട്ടെല്ലാം പോകാമെന്നു കണക്കുകൂട്ടിയെടുക്കാന്‍പോലും പോലീസിന് കഴിഞ്ഞില്ല. പരിശോധന നടത്തുന്നതിനിടെ തന്നെ സംഭവ സ്ഥലത്തുനിന്നും ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള പാരിപ്പള്ളിയിലെ കടയില്‍ പ്രതികള്‍ എത്തി. കടയുടമയുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. ഈസമയം പോലീസ് വീട്ടിലുണ്ടായിരുന്നു. അതേസമയം പാരിപ്പള്ളി ജംഗ്ഷനില്‍ പോലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു എന്നതാണ് ഏറെ ഗൗരവകരം. ആ ഫോണ്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതികള്‍ വീണ്ടും കാണാമറയത്തായി. രാത്രി മുഴുവന്‍ പ്രതികള്‍ക്കായി കാടടച്ച് പരിശോധന തുടര്‍ന്നത്രേ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരവരെ പോലീസ് പരക്കം പാഞ്ഞു. പക്ഷെ പട്ടാപ്പകല്‍ നഗര മധ്യത്തില്‍ അവര്‍ യഥേഷ്ടം സഞ്ചരിച്ചു. ഒരാള്‍ക്കും പിടിനല്‍കാതെ പോലീസിന്റെ വലക്കണ്ണികള്‍ നിസാരമായി പൊട്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. വളരെ വിദഗ്ദ്ധമായി പോലീസിന്റെ വീഴ്ചകള്‍ അവര്‍ ഉപയോഗപ്പെടുത്തി.
പ്രതികള്‍ക്ക് അതിനുള്ള കരുത്ത് നല്‍കിയത് ക്രിമിനലുകളോടുള്ള കേരളാ പോലീസിന്റെ മൃദുഭാവമാണ്. കൃത്യവിലോപത്തിന്റെ നീണ്ട ലിസ്റ്റ് ക്രിമിനലുകളുടെ കൈവശമുണ്ട്.
കുട്ടിയെ കാണാതായി എന്ന് പരാതി ലഭിച്ചതിനു ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതുതന്നെ അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ്. അന്വേഷണത്തിന് ഏകീകരണ സ്വഭാവം വരുന്നത് അതിനുശേഷവും. മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍കോള്‍ വന്നപ്പോള്‍ പോലും പ്ലാന്‍ചെയ്തുള്ള തട്ടിക്കൊണ്ടുപോകലാണെന്ന് വിലയിരുത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഏറെ നാളായി ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേരള പോലീസിന്റെ ബ്രഹ്മാസ്ത്രം. ഇത് അറിയാവുന്ന സംഘം സ്വന്തം മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെ മറ്റ് പലരുടേയും ഫോണുകള്‍ ഉപയോഗിച്ചു. പാരിപ്പള്ളിയിലെ കട തെരഞ്ഞെടുത്തത് അവര്‍ നേരത്തെ തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ചാണെന്ന് വ്യക്തമാണ്. കടയ്ക്ക് സമീപത്തെ ഇരുട്ടും സ്ത്രീ മാത്രമുള്ള കടയും സിസിടിവി ഇല്ലാത്ത പ്രദേശവും അവര്‍ നേരത്തെ തന്നെ തെരഞ്ഞെടുത്തതെന്ന് നിസംശയം പറയാം.
രാത്രി വലിയ വീട്ടിലെത്തിച്ച് കാര്‍ട്ടൂണ്‍ കാണിച്ച് ഉറക്കിയെന്നാണ് കുട്ടി പറയുന്നത്. കുട്ടിയെ കാണാതായതുമുതല്‍ നാട്ടുകാര്‍ രംഗത്തുണ്ട്. ഈ പ്രദേശത്തുള്ള സിസിടിവികള്‍ മുഴുവന്‍ പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടാല്‍ ജനങ്ങള്‍ അത് ഇടം വലം നോക്കാതെ ചെയ്തേനെ. ഒറ്റപ്പെട്ട വീടുകള്‍, സംശയമുള്ള ഇടങ്ങള്‍ എല്ലാം പരിസരത്തുള്ളവര്‍ പരിശോധിക്കുമായിരുന്നു. പോലീസ് കിഡ്നാപ്പ് സംഘത്തിന്റെ പുറകെ ആയിരുന്നില്ല, പോലീസിന് പിറകെ സംഘം കറങ്ങുകയായിരുന്നു. പോലീസിന്റെ നീക്കങ്ങള്‍ എങ്ങനെ ആയിരിക്കുമെന്ന് അവര്‍ക്ക് കൃത്യമായ ധാരണ ഉണ്ട്. അതുകൊണ്ടാണ് രാത്രി മുഴുവന്‍ ഒളിഞ്ഞിരുന്ന സംഘം രാവിലെ ചിന്നക്കട പോലുള്ള തിരക്കേറിയ സ്ഥലത്തേക്ക് നിഷ്പ്രയാസം എത്തിയത്. ആരംഭത്തിലുള്ള അന്വേഷണച്ചൂട് പിന്നീട് ഉണ്ടാകില്ലെന്ന അവരുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നു. പകല്‍ സമയമായതോടെ വാഹന പരിശോധന പോലീസ് അവസാനിപ്പിച്ചു. ഈസമയം കൊണ്ടാണ് അവര്‍ ഗ്രാമപ്രദേശത്ത് നിന്നും നഗരത്തിലേക്ക് ചേക്കേറിയതും.
ഓയൂരില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെ സംഭവം നടക്കുന്ന ദിവസം രാവിലെ സമാന രീതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു. രാവിലെ എട്ടരയക്ക് നടന്ന സംഭവത്തില്‍ പോലീസ് എത്തിയത് 11.30ന്. സംഭവം പോലീസിന് അറിയാം. എന്നിട്ടും ഓയൂരിലെ കേസുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞിട്ടും പ്രതികളെ തിരിച്ചറിയാന്‍ പോലീസിനായിട്ടില്ല. അന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നാണ് എഡിജിപി അജിത്കുമാര്‍ പറയുന്നത്.
ഈ വര്‍ഷം സെപ്തംബര്‍ മാസം വരെ 115 കുട്ടികളെയാണ് കാണാതായത്. കഴിഞ്ഞ വര്‍ഷം 269 ഉം 2021 ല്‍ 257 ഉം കുട്ടികളെ കാണാതായതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നിട്ടും ഒരു ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കുട്ടിയെ കണ്ടെത്തിയത് പോലീസിന്റെ അന്വേഷണത്തിലുള്ള സമ്മര്‍ദ്ദത്തിലെന്നാണ് പോലീസിന്റെ അവകാശ വാദം. പ്രതികള്‍ ഉപേക്ഷിച്ചതുകൊണ്ടുമാത്രം കണ്ടെത്താനായി എന്ന മറുവാദത്തിനും പ്രസക്തിയുണ്ട്. ആഭ്യന്തരവകുപ്പിന്റെ നേട്ടംകൊട്ടിഘോഷിച്ച് ഒരു മന്ത്രി തന്നെ രംഗത്തെത്തി ഇളിഭ്യനായി. ആശ്രാമം മൈതാനത്ത് എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍ കുട്ടി അച്ഛനും അമ്മയ്ക്കും അടുത്തേക്കെത്താന്‍ ഇനിയും ഏറെ വൈകിയേനെ, ഒരുപക്ഷെ കുട്ടിയുടെ ജീവന്‍തന്നെ അപകടത്തിലായേനെ…അങ്ങനെ സംഭവിക്കാതിരുന്നതിന് ഈശ്വരനോടും ജാഗരൂകരായ സമൂഹത്തോടും നന്ദിപറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: