ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ നിരോധിത പോപ്പുലര്‍ഫ്രണ്ട് ഭീകരവാദികള്‍ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് ഭാഗം അന്തിമ വാദം മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി മുമ്പാകെ പൂര്‍ത്തിയായി.
2021 ഫെബ്രുവരിയില്‍ ചേര്‍ത്തലയില്‍ നന്ദു കൃഷ്ണ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക ശേഷം രാഷ്ട്രീയ ശത്രുക്കളെ തിരഞ്ഞുപിടിച്ച് വധിക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തന രീതിയാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടപ്പിലാക്കിയിരുന്നത് എന്ന വാദമാണ് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ പ്രധാനമായും മുന്നോട്ട് വച്ചത്. ഹിറ്റ് ലിസ്റ്റ് തയാറാക്കിയ പ്രതികള്‍ കൊലപ്പെടുത്തുന്നതിനായി എതിര് രാഷ്ടീയ സംഘടനയുടെ സംസ്ഥാന ചുമതലയിലുണ്ടായിരുന്ന രണ്‍ജീത് ശ്രീനിവാസനെ ആദ്യ ലക്ഷ്യമായി തിരഞ്ഞെടുത്തു. 2021 ഡിസംബര്‍ 18ന് രാത്രി എട്ടിന്് ശേഷം മണ്ണഞ്ചേരിയിലുള്ള പതിനാലാം പ്രതിയുടെ വീട്ടില്‍ വച്ച് കൊലപാതകത്തിനുള്ള ആസൂത്രണ ഗൂഢാലോചന നടന്നു. അതേ സമയം തന്നെ ആലപ്പുഴയില്‍ പിഎഫ്ഐ ഓഫീസിനു സമീപം തന്നെ മറ്റൊരു ഗൂഢാലോചന നടന്നു. രണ്‍ജീതിനെ അന്നു രാത്രിയില്‍ തന്നെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തെന്നു തെളിവുകള്‍ ഉള്ളതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
രാത്രി പതിനൊന്നരയോടെ നടന്ന മൂന്നാം ഘട്ട ഗൂഢാലോചനയില്‍ അന്ന് രാത്രി ഒരു മണിയോടെ കൊലപാതകം നടത്താന്‍ തീരുമാനിച്ചു. ആദ്യ ഉദ്യമം വിഫലമായതിനെ തുടര്‍ന്ന് പ്രതികളായ അനുപ്, ഷാജി തുടങ്ങിയവര്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം വച്ച് മറ്റൊരു ഗൂഢാലോചന നടത്തുകയും പത്തൊമ്പതിന് രാവിലെതന്നെ കൊലപാതകം നടത്താന്‍ അന്തിമമായി തീരുമാനമെടുക്കുകയും ചെയ്തു. റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രതികളെ കണ്ടതായി കോടതിയില്‍ മൊഴി കൊടുത്തിരുന്നു. പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ ഇത് ശരിവയ്ക്കുന്നതായും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി.
ആറു വാഹനങ്ങളിലായി എത്തിയ 12 പ്രതികള്‍ രണ്‍ജീതിന്റെ വീട്ടിലെത്തുകയും അവരില്‍ എട്ടു പേര് വീടിനുള്ളില്‍ പ്രവേശിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തത് സാക്ഷിമൊഴികള്‍ കൊണ്ട് വ്യക്തമാകുന്നതായി പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: