പത്തനംതിട്ട: കേരളത്തില്‍ നടപ്പാക്കിവരുന്ന അശാസ്ത്രീയമായ സമീപനമാണ് ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിക്കും കര്‍ഷക ആത്മഹത്യക്കും കാരണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തി പരിഹാരം നിര്‍ദേശിക്കുന്നതിനും വിദഗ്ധ കേന്ദ്രസംഘത്തെ അയക്കണമെന്നും കര്‍ഷകമോര്‍ച്ച സംസ്ഥാന കമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായം അഭ്യര്‍ഥിക്കാന്‍ തയാറാകണം. കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന് അയച്ച കത്തിലാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്.
കേരളത്തിന്റെ പ്രധാന കാര്‍ഷിക വിളയായ നെല്ലിന്റെയും തെങ്ങിന്റെയും കൃഷിരീതി, താങ്ങുവില കൊടുത്തുള്ള സംഭരണം, വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കല്‍ തുടങ്ങിയ മേഖലകളില്‍ ശരിയായ രീതിയിലുള്ള മാറ്റം ഉണ്ടാവണം. കേന്ദ്ര ധനമന്ത്രി ആവശ്യപ്പെട്ടതുപോലെ നെല്ലിന്റെ വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൊടുക്കുന്ന സമ്പ്രദായം നടപ്പാക്കണം. റബര്‍, സുഗന്ധവിള കര്‍ഷകരും പ്രതിസന്ധിയിലാണ്.
കേരളത്തില്‍ ഇന്ന് കൃഷി ലാഭകരമല്ലാത്ത ഒരു സംരംഭമായി മാറിയിരിക്കുന്നു കേരളം ഇപ്പോള്‍ തന്നെ കര്‍ഷക ആത്മഹത്യാ നിരക്കില്‍ രാജ്യത്തു തന്നെ ഒന്നാമതാണ്. ഇത് തുടര്‍ന്നാല്‍ കൃഷിയുടെയും കര്‍ഷകരുടെയും ശവപ്പറമ്പായി കേരള മാറും. കേരളത്തിലെ തുടര്‍ച്ചയായ കര്‍ഷക ആത്മഹത്യക്ക് കാരണം ഈ മേഖല കേരളത്തില്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ്.
നവംബറില്‍ മാത്രം കേരളത്തില്‍ ആത്മഹത്യ ചെയ്തത് നാല് കര്‍ഷകരാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത തരം പ്രതിസന്ധി നേരിടുന്ന കേരളത്തില്‍ വിശദമായ പഠനവും അതിനനുസരിച്ച് ആവശ്യമായ മാറ്റങ്ങളും ഉണ്ടാകണം. ഇതിനായി കേരളം കേന്ദ്രസഹായം തേടുക എന്നതാണ് ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: