ന്യൂദല്‍ഹി: തെലങ്കാനയുടെ ചോയ്സ് ആയി ബിജെപി ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്നലെ പ്രധാനമന്ത്രി എക്സിലൂടെയാണ് തെലങ്കാനയിലെ ജനവികാരത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. മെഗാറാലികളിലും പ്രചാരണങ്ങളിലും ആവേശകരമായ പിന്തുണ നല്കിയ തെലങ്കാനയിലെ ജനങ്ങള്‍ക്ക് നന്ദി, അദ്ദേഹം കുറിച്ചു.
മാസ്മരികമായ പിന്തുണയാണ് തെലങ്കാനയില്‍ ലഭിച്ചത്. ബിജെപി ശരിയായ ചോയ്സായി അവിടെ ഉയര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ വികസനവും മുന്നേറ്റവും ജനങ്ങള്‍ ആഗ്രഹിക്കുന്നു. അവരുടെ പ്രതികരണത്തില്‍ അത് പ്രകടമാണ്, പ്രധാനമന്ത്രി പറഞ്ഞു.
ഹൈദരാബാദില്‍ തിങ്കളാഴ്ച നരേന്ദ്ര മോദി നയിച്ച റോഡ് ഷോ വലിയ തരംഗമാണ് ജനങ്ങളില്‍ സൃഷ്ടിച്ചത്. കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ജി. കിഷന് റെഡ്ഡി, എംപി കെ. ലക്ഷ്മണ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. പാതയുടെ ഇരുവശങ്ങളിലും പതിനായിരങ്ങളാണ് പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ തടിച്ചുകൂടിയത്.
അഴിമതിയെക്കുറിച്ച്, പ്രീണനത്തെക്കുറിച്ച്, കുടുംബരാഷ്ട്രീയത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ത്തന്നെ ജനങ്ങളുടെ മനസിലോടിയെത്തുന്നത് ബിആര്‍എസും കോണ്‍ഗ്രസുമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസുകാരനെ ജയിപ്പിച്ചാല്‍ അയാള്‍ ബിആര്‍എസില്‍ ചേരുമെന്നതാണ് സ്ഥിതി. തെലങ്കാനയെ നശിപ്പിക്കുന്നതില്‍ ഇരുപാര്‍ട്ടിക്കും തുല്യപങ്കാളിത്തമാണെന്ന് കരിംനഗറിലെ സമ്മേളനത്തില്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നാളെയാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണം. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: