ഹൈദരാബാദ്: മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന്, മിസോറാം എന്നിവിടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞു. ഇനി എല്ലാ കണ്ണുകളും തെലുങ്കാനയിലേക്കാണ്. തെലുങ്കാനയില്‍ അധികാരം പിടിച്ചെടുക്കാമെന്ന വ്യാമോഹമൊന്നും ബിജെപിയ്ക്കില്ല. പക്ഷെ തെലുങ്കാന ആര് ഭരിയ്ക്കണം എന്ന തീരുമാനിക്കുന്ന നിര്‍ണ്ണായക ശക്തിയാവാനാണ് ബിജെപി ശ്രമിക്കുന്നത്. ചന്ദ്രശേഖരറാവുവിന്റെ ബിആര്‍എസും കോണ്‍ഗ്രസും പ്രധാനമായി ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഇവരില്‍ ഒരാള്‍ക്ക് ഭരണത്തിലേറാന്‍ ബിജെപിയുടെ സഹായം വേണമെന്ന സ്ഥിതിവിശേഷം ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് ബിജെപി നോക്കുന്നത്. നവമ്പര്‍ 30നാണ് വോട്ടെടുപ്പ്. ഡിസംബര്‍ 3നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
2014ല്‍ തെലുങ്കാന എന്ന സംസ്ഥാന രൂപപ്പെട്ട അന്ന് മുതല്‍ സംസ്ഥാനം ഭരിയ്ക്കുന്നത് ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് ആണ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെരും 119 സീറ്റുകളുടെ നിയമസഭയിലേക്ക് ബിജെപി ജയിച്ച് ഒരൊറ്റ സീറ്റിലാണ്. ബിആര്‍എസ് 99 സീറ്റുകള്‍ നേടി. കോണ്‍ഗ്രസും എഐഎംഐഎമ്മും ഏഴ് സീറ്റുകള്‍ വീതം ജയിച്ചു. 2018ല്‍ ബിജെപിയുടെ വോട്ട് പങ്ക് ഏഴ് ശതമാനം മാത്രമായിരുന്നു. പക്ഷെ 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കഥ മാറി. ബിജെപി ആകെയുള്ള 17 സീറ്റുകളില്‍ നാല് സീറ്റുകളില്‍ ജയിച്ചെന്ന് മാത്രമല്ല, ബിജെപിയുടെ വോട്ട് പങ്ക് 19.7 ശതമാനമായി ഉയരുകയും ചെയ്തു. ബിആര്‍എസ് അന്ന് ഒമ്പത് സീറ്റുകളില്‍ ജയിച്ചു.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓരം പറ്റിക്കിടന്ന ബിജെപി വര്‍ധിതവീര്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അതിന് നന്ദി പറയേണ്ടത് മോദിയുടെ നിരവധിയായ സന്ദര്‍ശനങ്ങളായിരുന്നു. പ്രസംഗങ്ങളിലൂടെയും ജനസമ്പര്‍ക്കത്തിലൂടെയും മോദി തെലുങ്കാനയില്‍ ചലനമുണ്ടാക്കി. ഒപ്പം പിന്നോക്ക സമുദായക്കാരുടെ കയ്യില്‍ ബിജെപിയുടെ നേതൃത്വം ഏല്പിച്ചുകൊടുത്തതോടെ കര്ശനസമരങ്ങളിലൂടെ ചന്ദ്രശേഖരറാവുവിന് ഭീഷണിയായി.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പിന്നോക്കക്കാരനായ ബണ്ടി സഞ്ജയ് കുമാറിനെ മാറ്റി കിഷന് റെഡ്ഡിയെ ബിജെപി സംസ്ഥാനാധ്യക്ഷനാക്കി. നടി വിജയശാന്തിയും ജി.വിവേകും രാജ് ഗോപാല്‍ റെഡ്ഡിയും ബിജെപി വിടുന്ന സ്ഥിതിവിശേഷമുണ്ടായി. പക്ഷെ ദേശീയ നേതാക്കള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. ഭരണം പിടിക്കലല്ല, പകരം ആര് ഭരണത്തില്‍ എത്തണമെന്നത് നിശ്ചയിക്കുന്ന ശക്തിയായി മാറാനാണ് ബിജെപിയുടെ ശ്രമം. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുക, ഒപ്പം ബിആര്‍എസിനെതിരായ ഭരണവിരുദ്ധവോട്ടുകള്‍ പിടിച്ചെടുക്കുക-ഇതാണ് തന്ത്രം.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 20 ശതമാനം വോട്ടുകളിലാണ് ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നത്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപി മികച്ച വിജയം നേടിയതും പ്രതീക്ഷ പകരുന്നു. അധികാരത്തില്‍ എത്തിയാല്‍ പിന്നാക്ക ജാതിക്കാരനെ മുഖ്യമന്ത്രിയാക്കും എന്ന ബിജെപിയുടെ പ്രഖ്യാപനം തെലുങ്കാനയിലെ പിന്നാക്ക വിഭാഗങ്ങളെ ആവേശത്തിലാക്കിയിട്ടുണ്ട്. നടന് ചിരഞ്ജീവിയുടെ സഹോദരന് പവന് കല്യാണിന്റെ ജന സേനാ പാര്‍ട്ടിയുടെ പിന്തുണയും വൈകിയാണെങ്കിലും ലഭിച്ചതും വോട്ട് ശതമാനം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് ബിജെപി കരുതുന്നു.
2018ല്‍ മത്സരിച്ച 100 സീറ്റുകളിലെങ്കിലും കെട്ടിവെച്ച കാശ് നഷ്ടമായെങ്കില്‍, ഇത്തവണ 30 സീറ്റുകളെങ്കിലും പിടിക്കുകയാണ് ലക്ഷ്യം. അതുവഴി തെലുങ്കാന ആര് ഭരിയ്ക്കണമെന്ന് തീരുമാനിക്കുന്ന ശക്തിയായി ബിജെപി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: