കേരളത്തിന്റെ പൂര്‍വ്വകാലം സമ്പന്നതയുടെയും സമൃദ്ധിയുടേതുമായിരുന്നു. ഓണപ്പാട്ടില്‍ പറയുന്ന ഒരു സാമൂഹിക സാമ്പത്തിക ഉന്നതി കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സത്യത്തില്‍ ഇത്തരം പാട്ടുകള്‍ രൂപം കൊള്ളുന്നത് അനുഭവങ്ങളില്‍ നിന്നോ ചരിത്രത്തിന്റെ ഒരു അംശമോ ആസ്പദമാക്കിയോ ആയിരിക്കും. ചില ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കും. കാരണം തലമുറകളിലൂടെ കൈമാറി കൈമാറി നിലനിന്നു വരുന്നതാണല്ലോ, ഇത്തരം പാട്ടുകള്‍. എന്നാലും സത്യത്തിന്റെ അംശങ്ങള്‍ അതില്‍ കാണുമെന്ന കാര്യത്തില്‍ സംശയമില്ല.
മൈലുകള്‍ താണ്ടി ഒന്നും രണ്ടും മാസങ്ങള്‍- ചിലപ്പോള്‍ അതില്‍ കൂടുതലും- ദുര്‍ഘടം പതിയിരിക്കുന്ന കടല്‍ യാത്ര നടത്തി വിദേശികളായ സഞ്ചാരികളും, കച്ചവടക്കാരും കേരളത്തില്‍ വന്നുകൊണ്ടിരുന്നത്, ഇവുടുത്തെ ദാരിദ്ര്യം കണ്ടു രസിക്കാനോ പങ്കിടുവാനോ അല്ലായിരുന്നു. മറിച്ച് കേരളത്തിന്റെ സമ്പല്‍സമൃദ്ധി കണ്ടും കേട്ടുമാണ് വന്നുകൊണ്ടിരുന്നത്. ഇവിടെ ലഭ്യമായിരുന്ന സുഗന്ധ ദ്രവ്യങ്ങളിലും കടല്‍ സമ്പത്തിലും വിദേശ വാണിജ്യത്തിലൂടെ നേടികൊണ്ടിരുന്ന സമ്പത്തിലും കണ്ണു വെച്ചായിരുന്നു അവരുടെ വരവ്. കൂടാതെ ഭാരതത്തിലെ ആത്മീയത തേടിയുമാണ് വരൂന്നത്. ഇതൊക്കെ കേരളത്തിന്റെ സാമ്പത്തിക ഉന്നമനത്തിനു കാരണമായിട്ടുണ്ട്. മറ്റൊരു കാര്യം കേരളത്തില്‍ ഉണ്ടായിരുന്ന തുറമുഖങ്ങളുടെ എണ്ണത്തില്‍ നിന്നു തന്നെ വിദേശ കപ്പലുകളുടെ വരവും വ്യാപാരവും അതുവഴി നേടുന്ന സമ്പത്തും സഞ്ചാരികളെ അല്‍ഭുതപ്പെടുത്തിയിരുന്നു. അവരുടെ സഞ്ചാരക്കുറിപ്പുകളില്‍ നിന്നു ഇക്കാര്യം വ്യക്തമാണ്.
വിദേശ സഞ്ചാരികളുടെ വിവരണത്തില്‍ പത്തും പതിനഞ്ചും കപ്പലുകള്‍ ഒരേ സമയം ദിവസങ്ങളോളം കേരള തുറമുഖങ്ങളില്‍ നിത്യ കാഴ്ചയായിരുന്നു എന്ന വിവരണവും പ്രത്യേക ശ്രദ്ധിക്കേണ്ടതല്ലേ? ഇതൊക്കെ സൂചിപ്പിക്കുന്നത് കേരളത്തിന്റെകപ്പല് വഴിയുള്ള വിദേശ വ്യാപാരവും അതിലൂടെ കേരളം വാരിക്കൂട്ടിയിരുന്ന സാമ്പത്തിക നേട്ടവും വിപുലമായിരുന്നു എന്നാണ്. വിദേശങ്ങളുമായുള്ള വ്യാപാരം കാരണം വളരെയധികം ധനം ലഭിച്ചിരുന്നു. സുഗന്ധദ്രവ്യങ്ങളും മുത്തുകളും രത്നങ്ങളും ആനക്കൊമ്പുകളും വലിയ തോതില്‍ കേരളത്തില്‍ നിന്നു അന്നു കയറ്റി അയച്ചിരുന്നു…, വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യം മൂലം ചേര രാജ്യവും സാമ്പത്തികമായി വളരെ ഉന്നതി പ്രാപിചിരുന്നു. (പേജ് 33 കേരള ചരിത്രം വേലായുധന് പണിക്കശ്ശേരി).
വിദേശികള്‍ ഇടതടവില്ലാതെ ഇന്ത്യയെ ആക്രമിച്ചുകൊണ്ടിരുന്നത് ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കാനായിരുന്നു. കേരളത്തിലും മുസ്ലിം ആക്രമണങ്ങളും പടയോട്ടങ്ങളും നടന്നിരുന്നു. പടയോട്ടങ്ങളില്‍ എത്ര എത്ര കേരളക്കാരുടെ ജീവന് നഷ്ടപ്പ്പ്പെട്ടു. എത്രയെത്ര ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു. ക്ഷേത്രങ്ങള്‍ തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കേരളത്തില്‍ അങ്ങിങ്ങായി കിടപ്പുണ്ട്. ഇതൊക്കെ സംഭവിച്ചതും കേരളത്തിന്റെ സമ്പത്തു കണ്ടുകൊണ്ടാണ്. കേരളം സമ്പത്തില്ലാത്ത ഒരു രാജ്യമായിരുന്നുവെങ്കില്‍ ഈ ആക്രമണങ്ങളും കൊള്ളയും കൊലയും വംശഹത്യയും ഉണ്ടാകുമായിരുന്നോ? ഇത്തരം അക്രമവുംകൊള്ളയും കൊലയും കേരളത്തിന്റെ താഴ്ന്നുകൊണ്ടിരുന്ന സാമ്പത്തിക നിലയെ കൂടുതല്‍ പിറകോട്ടു വലിക്കാന്‍ കാരണമായി. അതുവരെ നിലനിന്നിരുന്ന സാമൂഹിക അന്തരീക്ഷവും മത സൗഹാര്‍ദ്ദവും കലുഷിതമാക്കാനും ഇതു ഒരു കാരണമായി. കച്ചവടത്തിനു വന്ന വിദേശികള്‍ ക്രമേണ നമ്മുടെ യജമാനന്മാരായി, നമ്മുടെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോകാന്‍ തുടങ്ങി. പോര്‍ത്തുഗീസ്കാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, അവസാനം വന്ന ബ്രിട്ടിഷുകാര്‍ അങ്ങനെ എല്ലാവരും കൂടി കേരളത്തിന്റെ അടിത്തറയടക്കം തട്ടിമാറ്റി.
ബ്രിട്ടീഷുകാരെ പറയുന്നതിനു മുന്‍പ് പോര്ത്തുഗീസുകാരെപ്പറ്റി ഒരു കാര്യം പറയാതിരുന്നുകൂട. ക്രൂരരും സൂത്രശാലികളും ആണ് ഇവര്‍. നേട്ടങ്ങള്‍ക്കുവേണ്ടി എന്തു ഹീനകൃത്യവും ചെയ്യും. കാര്യം നേടിക്കഴിഞ്ഞാല്‍ എല്ലാ കരാറുകളും ഇവര്‍ കാറ്റില്‍ പറത്തും. ആത്മാര്‍ത്ഥത എന്നൊന്നില്ല, ഇവര്‍ക്ക്. പോര്‍ത്തുഗീസുകാര്‍ കോഴിക്കോട് കോട്ട കെട്ടി സ്ഥിരമായി താമസിക്കാന്‍ തുടങ്ങിയതോടെ പല ഗൂഢതന്ത്രങ്ങളും ചെയ്യാന്‍ തുടങ്ങി. അവര്‍ക്കവിടെ താമസിക്കാന്‍ സ്ഥലം കൊടുത്ത സാമൂതിരിയെത്തന്നെ രഹസ്യമായി ചതിയില്‍ തടവിലാക്കാന്‍ കരുനീക്കങ്ങള്‍ നടത്തി. പോര്‍ത്തുഗീസ് രാജാവ്കൊടുത്തയച്ച സമ്മാനം കൊടുക്കാനെന്ന പേരില്‍ സാമൂതിരിയെ കോട്ടയത്തെ ഒരു വീട്ടിലെക്കു ക്ഷണിച്ചു. പോര്‍ത്തുഗീസുകാരുടെ ചതി രഹസ്യമായി മനസ്സിലാക്കിയ സാമൂതിരി യാത്ര റദ്ദു ചെയ്തു. അതിനാല്‍ ആ പദ്ധതി പാളിപ്പോയി. നാട്ടു രാജക്കന്മാരെ സമ്മാനം നല്‍കിയും, മറ്റുള്ളവരെ പണം നല്‍കിയും വശത്താക്കിയും രാജാക്കന്മാരെ പരസ്പരം തെറ്റിപ്പിച്ചും കാര്യം നേടുന്ന രീതി ആദ്യം തുടങ്ങിയത് പോര്‍ത്തുഗീസുകാരാണു്. (പേജ് 119 കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ട്).
ബ്രിട്ടിഷുകാരാകട്ടെ മറ്റൊരു രീതിയില്‍ ഭാരതത്തെ കൊള്ളചെയ്തു. ഇന്ത്യന്‍ സമ്പത്തു മുഴുവന്‍ ബ്രിട്ടനിലേക്കു കടത്തി അവരുടെ നദീ തീരത്ത് വ്യവസായങ്ങള്‍ സ്ഥാപിച്ചു. 1750ല്‍ ലോകത്തിന്റെ മൊത്തം വ്യവസായ ഉല്പാദനത്തിന്റെ 75 ശതമാനം ഇന്ത്യയും ചൈനയും ചേര്‍ന്നതായിരുന്നു. 1800ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കുമ്പോള്‍ ലോകത്തിന്റെ മൊത്തം ഉല്പാദനത്തിന്റെ 1.8 ശതമാനമായിരുന്നു ബ്രിട്ടന്റെ പങ്ക്. അതേ സമയം ഭാരതം അന്ന് 23 ശതമാനം ഉല്പാദനം നടത്തിയിരുന്ന രാജ്യമായിരുന്നു. 1.8 ശതമാനം മാത്രം ഉണ്ടായിരുന്ന ബ്രിട്ടന് ഇന്‍ന്ത്യ ഭരിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടന്റെ വളര്‍ച്ച മേലോട്ടും ഭാരതത്തിന്റെ വളര്‍ച്ച താഴോട്ടുംപോയി. ഇതിന്റെ കാരണം വളരെ വ്യക്തമാണല്ലൊ.
ഇരുന്നൂറു കൊല്ലത്തെ ഭരണംകൊണ്ട് കേരളത്തെ ബ്രിട്ടീഷുകാര്‍ ഒരു ദരിദ്ര രാജ്യമാക്കിയാണുരാജ്യം വിട്ടത്. അവസാന ഭരണാധികാരികളായിരുന്ന ബ്രിട്ടിഷുകാര്‍ എങ്ങനെയാണു കേരളത്തെ നശിപ്പിച്ചതെന്നു ശശി തരൂരിന്റെ ‘ഇരുളടഞ്ഞ കാലം : ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത്’ എന്ന പുസ്തകത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരോടു ചെയ്ത ക്രൂരതകള്‍ ഓരോന്നും എണ്ണിയെണ്ണി പറയുന്നുണ്ട്. കൂട്ടത്തില്‍ കേരളത്തില്‍ ചെയ്ത ക്രൂരതകളും ഇതില്‍ കാണാവുന്നതാണു്. ബ്രിട്ടീഷുകാരുടെ ഇരുനൂറു വര്‍ഷത്തെ ഭരണം ദുര്‍ഭരണം തന്നെയായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: