കൊച്ചി: തൃശൂർ കേരള വർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി. എസ് എഫ് ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി. ചട്ടപ്രകാരം റീ കൗണ്ടിംഗ് നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. 27 അസാധുവോട്ടുകൾ കൂടി എണ്ണിയാണ് എസ്എഫ്‌ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിച്ചത്. ചട്ടപ്രകാരം വീണ്ടും എണ്ണുമ്പോൾ ഈ വോട്ടുകൾ മാറ്റി നിർത്തേണ്ടി വരും.
അതേസമയം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെ എസ് യുവിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോൾ വിജയിച്ച കെഎസ്‌യു പ്രതിനിധി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. എസ്എഫ്‌ഐയുടെ കുത്തകയായിരുന്ന കേരള വർമ്മ കോളജിൽ വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി വിജയിക്കുന്നത്. ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ഒരു വോട്ടിനായിരുന്നു ശ്രീക്കുട്ടന്റെ വിജയം.
എന്നാൽ എസ്എഫ്‌ഐ റീ കൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. റീ കൗണ്ടിംഗിനിടയിൽ കറണ്ട് കട്ട് ആക്കുകയും ഇതിന്റെ മറവിൽ തിരിമറി നടത്തുകയുമായിരുന്നു. ആദ്യഘട്ടത്തിൽ സാധുവായ വോട്ടുകൾ പലതും റീ കൗണ്ടിംഗിൽ അസാധുവായെന്ന് ശ്രീക്കുട്ടൻ പറഞ്ഞു. അസാധുവായ എസ്എഫ്‌ഐ അനുകൂല വോട്ടുകളിൽ പലതും സാധുവായി. ഒടുവിൽ 11 വോട്ടുകൾക്ക് എസ്എഫ്‌ഐ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി അന്നേ ആരോപണം ഉയർന്നിരുന്നു.
റീ കൗണ്ടിംഗ് പകൽ വെളിച്ചത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു രേഖാമൂലം പരാതി നൽകിയെങ്കിലും പക്ഷെ അത് സ്വീകരിക്കാൻ പോലും റിട്ടേണിംഗ് ഓഫീസർ തയ്യാറായില്ല. രാഷ്‌ട്രീയ അട്ടിമറിക്കെതിരെ അനുകൂല വിധി നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. റീ കൗണ്ടിംഗിൽ അപാകതയുണ്ടായി എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി ശ്രീക്കുട്ടൻ പ്രതികരിച്ചു.
എസ്എഫ്‌ഐ ക്രമക്കേടിനെ നിശിതമായി വിമർശിക്കുന്ന പല ചോദ്യങ്ങളും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. ആദ്യഘട്ട വോട്ടെണ്ണലിൽ എസ്എഫ്‌ഐ ആയിരുന്നു മുന്നിലെന്നാണ് എസ്എഫ്‌ഐയുടെ വാദം. എങ്കിൽ എന്തിനാണ് എസ്എഫ്‌ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടതെന്ന് ഉൾപ്പെടെ കോടതി ചോദിച്ചിരുന്നു. ഇടത് അധ്യാപക സംഘടനാ അനുകൂലികളും മന്ത്രി ആർ ബിന്ദുവും ദേവസ്വം ബോർഡ് പ്രസിഡൻ്റും വോട്ടെണ്ണൽ അട്ടിമറിക്കാൻ ഇടപെട്ടെന്നും കെ എസ് യു കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: