ഉത്തരകാശി: സില്‍ക്യാരയില്‍ 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ടണലിന് അഞ്ച് മീറ്റര്‍ അകലെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയതായി വിവരം. മറ്റ് പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കില്‍ ഇന്ന് തന്നെ എല്ലാവരേയും പുറത്തെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘം. മാനുവൽ ഡ്രില്ലിംഗ് തിങ്കളഴ്ച രാത്രിയോടെ ഒന്നര മീറ്റർ പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ.
ഓഗർ ഡ്രില്ലിംഗിന്റെ പ്രവർത്തനം നിലച്ചതോടെയാണ് തിങ്കളാഴ്ച മുതൽ മാനുവൽ ഡ്രില്ലിംഗ് ആരംഭിച്ചത്. പൈപ്പിൽ കുടുങ്ങിയിരുന്ന ഓഗർ ഡ്രില്ലിംഗ് മെഷീന്‍ മുറിച്ചുമാറ്റി പുറമേനിന്ന് യന്ത്രസഹായത്താല്‍ കുഴല്‍ ടണലിന് അകത്ത് കടത്താനും ശ്രമിക്കുന്നുണ്ട്. പൈപ്പില്‍ കുടുങ്ങിയിരുന്ന ഓഗര്‍ യന്ത്രത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടുണ്ട്.
തുരങ്കത്തിലെ കുഴലിനുള്ളില്‍ കുടുങ്ങിയ അമേരിക്കന്‍ ഡ്രില്ലിംഗ് മെഷീന്‍ നന്നാക്കാനാകാത്ത വിധം തകര്‍ന്നതിനെ തുടര്‍ന്നാണ് പൂര്‍ണമായി മുറിച്ച് മാറ്റി അവശിഷ്ടങ്ങള്‍ നീക്കാന്‍ തുടങ്ങിയത്. ഈ തകര്‍ന്ന ഭാഗം നീക്കി മാനുഷികമായി തന്നെ തുരങ്കത്തില്‍ കുഴിക്കുന്ന പ്രക്രിയയും തുടരുകയാണ്.
മലയില്‍ കരസേനയുടെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് കൂടാതെ മല കുത്തനെ തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഏകദേശം 22 മീറ്റര്‍ മലമുകളില്‍ നിന്ന് താഴേക്ക് കുഴിയെടുത്തിട്ടുണ്ട്. 86 മീറ്ററോളം താഴെയാണ് ടണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: