ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസ് സര്‍ക്കാര്‍ കര്‍ഷര്‍ക്ക് ധനസഹായം വിതരണം ചെയ്യാനുള്ള അനുമതി തെരഞ്ഞെടുപ്പ് കമ്മിഷന് റദ്ദാക്കി. റാബി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനുള്ള അനുമതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പിന്‍വലിച്ചത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 30ന് നടക്കുന്ന സാഹചര്യത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നിര്‍ദേശം. ഋതു ബന്ധു പദ്ധതിയെ കുറിച്ച് മന്ത്രി ടി. ഹരീഷ് റാവു നടത്തിയ പരസ്യ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
തിങ്കളാഴ്ച പണം വിതരണം ചെയ്യുമെന്നും പ്രഭാതഭക്ഷണവും ചായയും കഴിയ്ക്കുന്നതിന് മുമ്പ് തന്നെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ഗഡുക്കളുടെ വിതരണം കമ്മിഷന് തടയുകയായിരുന്നു.
നേരത്തെ ഋതു ബന്ധു സ്കീമിന് കീഴില്‍ ഒക്ടോബര്‍-ജനുവരി കാലയളവില്‍ കര്‍ഷകര്‍ക്ക് റാബി വിളകള്‍ക്കായി പണം കൈമാറ്റം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഉപാധികളോടെയായിരുന്നു ഈ അനുമതി. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം പണം നല്‍കിയത് പരസ്യമാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ഈ ഉപാധി ലംഘിച്ചെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് ഒരു വിതരണവും നടത്തരുതെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരിനോട് കമ്മിഷന് ആവശ്യപ്പെട്ടിരുന്നു. ബിആര്‍എസ് സ്ഥാനാര്‍ത്ഥി കൂടിയാണ് മന്ത്രി ഹരീഷ് റാവു.
2018ല്‍ ആരംഭിച്ചതാണ് ഋതു ബന്ധു പദ്ധതി. ഇത് പ്രകാരം കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും മറ്റുമായി കര്‍ഷകര്‍ക്ക് ഒരു വിള സീസണില്‍ ഏക്കറിന് 5,000 രൂപ വീതം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: