സ്വത്വത്തിലേക്ക് മടങ്ങാനുള്ള നിര്‍ദേശമാണ്, കഴിഞ്ഞ ദിവസം മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നല്‍കിയത്. വിവാഹാഘോഷങ്ങള്‍ക്ക് വിദേശങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രവണതയെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമര്‍ശം. വിവാഹം മാത്രമല്ല ഏതൊരു ആഘോഷങ്ങളും ഭാരതത്തില്‍ ഭാരതീയമായ രീതിയില്‍ നടത്തണം. നമ്മുടെ സമ്പത്ത് നമ്മുടെ നാട്ടില്‍ ചെലവഴിക്കണം. അത് നമുക്കും നമ്മുടെ നാടിനും പ്രയോജനപ്പെടണം.
സ്വദേശി പ്രസ്ഥാനത്തിന്റെ മറ്റൊരു രൂപമാണ് മോദി മുന്നോട്ടു വച്ചത്. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നില്ല സ്വദേശി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യം കൂടി അതിനുണ്ടായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച സ്വദേശി പ്രസ്ഥാനം എന്ന ആശയം ഉത്ഭവിച്ചത് ബംഗാള്‍ വിഭജന കാലഘട്ടത്തിലാണ്. ഈ ആശയത്തെ വ്യക്തതയോടെ ആദ്യം കൈകാര്യം ചെയ്ത വ്യക്തി കൃഷ്ണകുമാര്‍ മിശ്രയാണ്. വിദേശികളെ തുരത്തുന്നതിന്റെ ഒപ്പം തന്നെ സ്വന്തം നാടിന്റെ ആത്മാഭിമാനത്തെ ഉണര്‍ത്തുവാന്‍ കൂടിയാണ് ഈ മുദ്രാവാക്യം രൂപപ്പെടുത്തിയത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ബാലഗംഗാധര തിലകന്‍, ഗോപാല കൃഷ്ണ ഗോഖലെ, ലാലാ ലജ്പത് റായ്, ബിബിന്‍ ചന്ദ്ര പാല്‍, അരവിന്ദ ഘോഷ്, വി.ഓ. ചിദമ്പരം പിള്ള തുടങ്ങിയവര്‍ മുന്നോട്ട് കൊണ്ടുപോയ ഈ പ്രസ്ഥാനത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്ന് നിസ്സംശയം പറയാനാകും.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയില്‍ ഒന്നായി ഭാരതം മാറിയതിനുപിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശി പ്രസ്ഥാനത്തില്‍ അധിഷ്ഠിതമായ ആശയങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം മന്‍ കീ ബാത്തിലൂടെ ഭാരതത്തിലെ ഉന്നത കുടുംബങ്ങളോട് വിദേശരാജ്യങ്ങളില്‍ വിവാഹം നടത്തുന്നതിന് പകരം ഭാരതത്തില്‍ വെച്ച് തന്നെ ഇത്തരം ആഘോഷങ്ങള്‍ നടത്തണമെന്നഭ്യര്‍ത്ഥിച്ചു. ഇതിന് മുമ്പ് തന്നെ അദ്ദേഹം ഇത്തരത്തിലുള്ള ആഹ്വാനങ്ങള്‍ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 2019ലെ സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഭാരതത്തിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങളോട് വിദേശരാജ്യങ്ങളില്‍ ഉല്ലാസയാത്ര പോകുന്നതിന് പകരം രാജ്യത്തിനകത്തുതന്നെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോകുവാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിലൂടെ രാജ്യത്തെ സമ്പത്ത് രാജ്യത്തിനകത്ത് തന്നെ ചെലവാകുകയാണ് ചെയ്യുന്നത്.
കൂടാതെ ഭാരതത്തിലെ കളിപ്പാട്ട വ്യവസായത്തിന് മോദി നല്‍കിയ പുതുജീവന്‍ വളരെ പ്രധാനമാണ്. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കൊണ്ടുവന്ന ഈ ആശയം നടപ്പിലാക്കുവാന്‍ വേണ്ടി ചൈനീസ് നിര്‍മ്മിത കളിപ്പാട്ടങ്ങളുടെ തീരുവ ഉയര്‍ത്തി. ഇതിലൂടെ ഭാരതത്തിലെ കളിപ്പാട്ട നിര്‍മ്മാണ വ്യവസായത്തിന് പുതുജീവന്‍ തന്നെയാണ് ലഭിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് മാത്രമല്ല, 2014ല്‍ ആദ്യ മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോള്‍ തമിഴ്‌നാടിലെ ശിവകാശിയിലെ പടക്ക നിര്‍മ്മാതാക്കള്‍ക്ക് വലിയൊരു കൈത്താങ്ങ് നല്‍കിയിരുന്നു. ചൈനയില്‍ നിന്നും നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന പടക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുത്തിരുന്നു.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഭാരതത്തിന്റെ പ്രതിരോധ മേഖലയിലെ പല ആയുധങ്ങളും ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കാന്‍ തുടങ്ങിയത് മോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ്. ഈ മേഖലയിലും സ്വയം പര്യാപ്തതയാണ് ഭാരത നേടിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഇനം നായ്‌ക്കളുടെ ഉപയോഗവും വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി ഊന്നല്‍ കൊടുത്തിട്ടുണ്ട്. ഇന്ത്യന്‍ മഡ്‌ഹോള്‍ ഹൗണ്ട് എന്ന ഇനം നായ്‌ക്കളെ കൂടുതലായി പ്രതിരോധ മേഖലയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ആഹ്വാനം ഫലപ്രദമായിത്തന്നെ ഭവിച്ചു. നക്‌സല്‍ പ്രദേശങ്ങളില്‍ ഈ ഇനം നായ്‌ക്കള്‍ വളരെ ഉപകാരപ്രദമാണെന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വ്യക്തമാക്കുന്നു. ഈ ആഹ്വാനത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടായിരിക്കും സുരേഷ് ഗോപി ഒരു രാജപാളയം നായയെ വളര്‍ത്തുന്നതും.
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് തുടങ്ങിവെച്ച സ്വദേശി പ്രസ്ഥാനത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊണ്ട് പ്രായോഗികമാക്കുന്നത് നിലവിലെ കോണ്‍ഗ്രസ് അല്ല, മറിച്ച് മോദി സര്‍ക്കാര്‍ ആണെന്ന് വേണം മനസ്സിലാക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: