തിരുവനന്തപുരം: മുഖ്യമന്ത്രിക്കായി സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ അത്യാധുനിക സംവിധാനങ്ങളൊരുക്കി നവീകരിക്കാന്‍ ഒന്നരക്കോടി അനുവദിച്ചു. കോണ്‍ഫറന്‍സ് ഹാളിലെ ശുചിമുറിക്ക് മാത്രം ഒന്നര ലക്ഷമാണ് ചിലവഴിക്കുന്നത്. ശീതീകരണ സംവിധാനത്തിന് മാത്രം 13 ലക്ഷം. കോണ്‍ഫറന്‍സ് ഹാളില്‍ പണിയുന്ന അടുക്കളയ്ക്ക് 74,917 രൂപ. മെയ് 1 ന് ഒന്നരക്കോടി അനുവദിച്ചതിന്റെ രേഖകള്‍ പുറത്തുവന്നു.
ഹാളിന്റെ ഇന്റീരിയര്‍ വര്‍ക്കിന് 18.39 ലക്ഷം രൂപ. ഫര്‍ണിച്ചറുകള്‍ക്ക് 17.42 ലക്ഷം. മുഖ്യമന്ത്രിയുടെ നെയിം ബോര്‍ഡ്, ദേശീയപതാക ഉറപ്പിക്കാനുളള പോസ്റ്റ്, സര്‍ക്കാര്‍ മുദ്ര എന്നിവയ്ക്ക് മാത്രം 1.51 ലക്ഷം. പ്ലമ്പിംഗ് ജോലികള്‍ക്ക് 1.03 ലക്ഷം. പ്രത്യേക ഡിസൈനുള്ള ഫഌഷ് ഡോറിന് 1.85 ലക്ഷം. 18 ശതമാനം ജിഎസ്ടിയായി 7.62 ലക്ഷം. ഇത് സിവില്‍ വര്ക്കിനെങ്കില് വൈദ്യുതീകരണത്തില്‍ ഇലക്ട്രീഷ്യന് വര്‍ക്കിന് 6.77 ലക്ഷം. അഗ്നിസുരക്ഷാ സംവിധാനത്തിന് 1.31 ലക്ഷം. ശീതീകരണ സംവിധാനത്തിന് 13.72 ലക്ഷം. ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ ഒരുക്കാന്‍ 79 ലക്ഷവുമാണ് അനുവദിച്ചത്. എന്നാല്‍ എന്തെല്ലാം ഇലക്ട്രോണിക്സ് സംവിധാനങ്ങളാണ് ഒരുക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുമില്ല. ആകെ 1,50,80,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നിലവില്‍ അത്യാധുനിക സംവിധാനമുള്ള കോണ്‍ഫറന്‍സ് ഹാള്‍ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന് ഉണ്ട്. മാത്രമല്ല മറ്റൊരു മീഡിയ റൂമും നോര്‍ത്ത് ബ്ലോക്കിലുണ്ട്. ഇതിനെല്ലാം പുറമെയാണ് വീണ്ടും ഹാള്‍ നവീകരിക്കാന്‍ ഒന്നരക്കോടി ചെലവഴിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാചിലവിന് 74 ലക്ഷം രൂപയോളം അനുവദിച്ചതും നവകേരള ബസിന് ഒരുകോടി ചെലവാക്കിയതും വിവാദമായിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് കോടികള്‍ അത്യാധുനിക സുഖസൗകര്യം ഒരുക്കാന്‍ ചെലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: