ശബരിമല: സന്നിധാനത്ത് ഗുണനിലവാരമില്ലാത്ത ചന്ദനമാണ് കളഭാഭിഷേകത്തിന് ഉപയോഗിക്കുന്നതെന്ന വിവരം പുറത്ത് വന്നിട്ടും ഒന്നും അറിയാത്ത മട്ടില്‍ ദേവസ്വം വിജിലന്‍സ്. ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് ദേവസ്വം വിജിലന്‍സിന്റെ പ്രതികരണം.
കളഭാഭിഷേക തട്ടിപ്പ് വിഷയത്തില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധവുമായി വരുമ്പോഴും തട്ടിപ്പ് നടത്തിയവരെ ഏത് വിധേനയും സംരക്ഷിക്കാനുള്ള നീക്കവുമായാണ് ദേവസ്വം വിജിലന്‍സ് രംഗത്ത് വന്നിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കളഭത്തിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വഴിപാടുകാര്‍ ആരുംതന്നെ പരാതി പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കളഭാഭിഷേകം സംബന്ധിച്ച ആക്ഷേപമുള്ളവര്‍ പരാതിനല്‍കിയാല്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം വിജിലന്‍സ് എസ്പി പറഞ്ഞു. ശബരിമലയില്‍ നടക്കുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും റിപ്പോര്‍ട്ട് ചെയ്യുകയും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വമുള്ളവരാണ് വിജിലന്‍സ്.
എന്നാല്‍ കളഭാഭിഷേകത്തെിന്റെ ഗുണമേന്മയില് സംശയം ഉടലെടുത്തതോടെ ഇവ പരിശോധിക്കുന്നതില്‍ വിജിലന്‍സ് മടികാണിക്കുന്നതാണ് ദുരൂഹത ഉണര്‍ത്തുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ ക്രമവിരുദ്ധ പ്രവര്‍ത്തികള്‍ നടന്നപ്പോഴും ദേവസ്വം വിജിലന്‍സ് അനങ്ങാപ്പാറനയമാണ് സ്വീകരിച്ചത്. തുടര്‍ന്ന് കോടതി ഇടപെട്ടപ്പോഴാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. സന്നിധാനത്ത് തുടര്‍ച്ചയായി നിയമലംഘന പ്രവര്‍ത്തികള്‍ ഉണ്ടാകുമ്പോഴും അതൊന്നും കണ്ടില്ലെന്നു നടിക്കുന്ന ദേവസ്വം വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിലും ഭക്തര്‍ക്ക് സംശയും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: