കൊല്ലം : ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ഫോണ്‍ സന്ദേശമെത്തിയത് പാരിപ്പള്ളിക്ക് സമീപം കിഴക്കനേലയിലെ വ്യാപാരിയുടെ ഫോണില്‍ നിന്ന്. ഓട്ടോയില്‍ വന്ന രണ്ട് പേര് തന്റെ ഫോണ്‍ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയായ സ്ത്രീയുടെ മൊഴി. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
പ്രായം 50 കളോടടുക്കുന്ന പുരുഷനും 35 വയസ് പ്രായം വരുന്ന സ്ത്രീയുമാണ് കടയിലെത്തിയതെന്നാണ് കടയുടമയായ സ്ത്രീ പറഞ്ഞത്. പച്ചയില്‍ വെളള പുളളിയുളള ചുരിദാര്‍ ധരിച്ച സ്ത്രീ കറുപ്പ് നിറമുളള ഷാള്‍ കൊണ്ട് തല മൂടിയിരുന്നു. പുരുഷന് തവിട്ട് നിറത്തിലുളള ഷര്‍ട്ടും കാക്കി പാന്റ്സുമാണ് ധരിച്ചിരുന്നത്.
സാധനം വാങ്ങവെയാണ് കടയുടമയുടെ ഫോണ്‍ വാങ്ങി അല്പം മാറി കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചതെന്നാണ് സൂചന.
സന്ധ്യക്ക് 7.30 ഓടെ കടയിലെത്തിയ ഇവര്‍ ബിസ്കറ്റും റസ്കും തേങ്ങയും വാങ്ങി പത്ത് മിനിട്ടിനകം മടങ്ങി.
ഓട്ടോ കടയ്ക്ക് മുന്നില്‍ നിന്ന് അല്പം മാറിയാണ് പാര്‍ക്ക് ചെയ്തിരുന്നത്. വണ്ണമുളള ഡ്രൈവര്‍ തലകുമ്പിട്ട് ഓട്ടോയില്‍ തന്നെയിരുന്നുവെന്നാണ് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു. കടയില്‍ നിന്ന് സാധനം വാങ്ങിയ ശേഷം ഓട്ടോ മുന്നോട്ട് ഓടിച്ചു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: