ക്വാലാലംപൂര്‍: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ മലേഷ്യയിലേക്ക് 30 ദിവസത്തെ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഞായറാഴ്ച പ്രഖ്യാപിച്ചു. അതേസമയം വിസ ഇളവ് ഇപ്പോഴും കുറ്റകൃത്യങ്ങളുടെയോ അക്രമത്തിന്റെയോ മുന്‍കാല റെക്കോര്‍ഡുകളുടെ സുരക്ഷാ സ്ക്രീനിംഗിന് വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യ, അറബ് രാജ്യങ്ങള്‍, തുര്‍ക്കി, ജോര്‍ദാന്‍, ചൈന എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്ക് മലേഷ്യ സന്ദേര്ശിക്കാന് 30 ദിവസത്തെ വിസ ഇളവുകള്‍ ഞങ്ങള്‍ നല്‍കുമെന്ന് 2023 ലെ പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി (പികെആര്‍) നാഷണല്‍ കോണ്‍ഗ്രസിലെ പ്രസംഗത്തില്‍ അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.
മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളായ തുര്‍ക്കിയും ജോര്‍ദാനും ഇതിനകം 30 ദിവസത്തെ വിസ രഹിത പ്രവേശനം ആസ്വദിക്കുന്നുണ്ടെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി, ഇപ്പോള്‍ ഇത് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആളുകള്‍ക്ക് കൂടി നീട്ടിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ആസിയാന്‍ മേഖലയിലെ വിനോദസഞ്ചാരം കൂടുതലും അയല്‍രാജ്യങ്ങളായ സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീലങ്കയും തായ്ലന്ഡും സമാനമായ വിസ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മലേഷ്യയുടെ തീരുമാനം. പൈലറ്റ് പ്രോജക്ടിന് കീഴില്‍ ഇന്ത്യ, ചൈന, റഷ്യ എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ രഹിത പ്രവേശനം ശ്രീലങ്ക അനുവദിക്കുമെന്ന് ഒക്ടോബറില്‍ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. ശ്രീലങ്കന്‍ കാബിനറ്റ് തീരുമാനത്തിന് അംഗീകാരം നല്‍കിയതായി അലി സാബ്രി ചൂണ്ടിക്കാട്ടി. പൈലറ്റ് പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വന്നതായും 2024 മാര്‍ച്ച് 31 വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: