കുമളി: മഴയുടെ ശക്തി കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് സാവധാനമായി. വെള്ളിയാഴ്ച ജലനിരപ്പ് 136 അടി പിന്നിട്ടിരുന്നെങ്കിലും പിന്നീട് മഴ കുറയുകയും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് കൂട്ടുകയും ചെയ്തതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനമായി.
ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ 136.2 അടിയാണ് ജലനിരപ്പ്. സെക്കന്റില്‍ 1400 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുമ്പോള്‍ തമിഴ്നാട് 1000 ഘനയടി വീതം സെക്കന്‍ഡില്‍ വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്. തമിഴ്നാട്ടിലും മഴ കുറഞ്ഞ് നില്ക്കുന്നതിനാല് കൂടുതല്‍ വെള്ളം കൊണ്ടുപോയി മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട്.
അതേസമയം നിലവില്‍ ഈ മാസം പരക്കെ ശക്തമായ മഴയുടെ സാധ്യതകള്‍ പ്രവചിക്കാത്തത് പെരിയാര്‍ തീരവാസികള്‍ക്ക് ആശ്വാസമാകുകയാണ്. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2361.76 അടിയെത്തി. മൊത്തം സംഭരണ ശേഷിയുടെ 56.01 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2383.7 അടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: