ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി തുരങ്കത്തിന്റെ മുകള്‍ ഭാഗത്തുനിന്നുള്ള ഡ്രില്ലിങ് ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെ 17 മീറ്റര്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി. തൊഴിലാളികളുടെ അടുത്തെത്താന്‍ 82 മീറ്റര്‍ ഡ്രില്ലിങ് നടത്തണം. മറ്റു തടസങ്ങളില്ലെങ്കില്‍ ഇത്തരത്തില്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.
ഓഗര്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതോടെയാണ് മുകള്‍ ഭാഗത്തു നിന്നുള്ള ഡ്രില്ലിങ് ആരംഭിച്ചത്. അതേസമയം ഓഗര്‍ യന്ത്രത്തിന്റെ കേടായ ഭാഗങ്ങള്‍ പൂര്‍ണമായി നീക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഡിആര്‍ഡിഒ ഹൈദരാബാദില്‍ നിന്നെത്തിച്ച പ്ലാസ്മ കട്ടര്‍ ഉപയോഗിച്ച് യന്ത്രത്തിന്റെ കേടായ ഭാഗങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു ദിവസം വേണ്ടിവരുമത്രെ.
പ്രവര്‍ത്തനം തടസപ്പെടും മുമ്പ് ഓഗര്‍ യന്ത്രം 47 മീറ്റര്‍ ഉള്ളിലേക്ക് ഡ്രില്ലിങ് നടത്തിയിരുന്നു. പിന്നാലെ ഇരുമ്പുപാളികളില്‍ തട്ടി പ്രവര്‍ത്തനം തടസപ്പെടുകയായിരുന്നു. തടസങ്ങള്‍ നീക്കിയാലുടന്‍ തിരശ്ചീനമായ ഡ്രില്ലിങ് തുടരും. തിരശ്ചീന ഡ്രില്ലിങ് 60 മീറ്റര്‍ പൂര്‍ത്തിയാക്കിയാല്‍ തൊഴിലാളികളുടെ അടുത്തെത്താം. യന്ത്രം ഒഴിവാക്കി രക്ഷാപ്രവര്‍ത്തകര്‍ തന്നെ തുരക്കേണ്ടി വന്നാല്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ആഴ്ചകളോളം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ക്രിസ്മസിന് മുന്‍പായി തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച് തുരങ്കനിര്‍മാണ വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സിന്റെ പ്രതികരണം.
തൊഴിലാളികളുമായി കുടുംബാംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തുരങ്കത്തില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലാന്‍ഡ്ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണുകള്‍ ഭക്ഷണം എത്തിക്കാന്‍ സ്ഥാപിച്ചിട്ടുള്ള കുഴലുകള്‍ വഴിയാണ് തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചത്. തുരങ്കത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ ഇതിനാവശ്യമായ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചിട്ടുണ്ട്.
തുരങ്കത്തില്‍ സ്ഥാപിച്ച എന്‍ഡോസ്‌കോപിക് ക്യാമറയും വാക്കിടോക്കികളും വഴിയാണ് ഇപ്പോള്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നത്. തുരങ്കത്തിനകത്തുള്ള തൊഴിലാളികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ പാകം ചെയ്ത ഭക്ഷണവും പഴങ്ങളും മരുന്നുകളും നല്‍കുന്നുണ്ട്. പതിവായി ആശയവിനിമയം നടത്തി തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഉറപ്പുവരുത്തുന്നുണ്ട്. 12ന് പുലര്‍ച്ചെയാണ് 41 തൊഴിലാളികള്‍ ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: