പറവൂര്‍ (കൊച്ചി): ചവിട്ട് നാടകങ്ങളില്‍ സ്ഥിരമായി രാജകുമാരി വേഷമായിരുന്നു ആന്‍ റുഫ്തയ്ക്ക്. ഗാനസന്ധ്യയിലുയര്ന്ന ദുരന്തഗാനത്തിന്റെ ഈണത്തില്‍ ആ രാജകുമാരി സ്വര്‍ഗത്തിലേക്ക് പറന്നു.
കുസാറ്റിലെ ദുരന്തത്തില്‍ തീരാനൊമ്പരമായിമാറിയ ആന്‍ റിഫ്റ്റയുടെ അച്ഛന് റോയ് ജോര്‍ജ്കുട്ടി പറവൂര്‍ കുറുമ്പത്തുരുത്തിലെ ചവിട്ട് നാടക ആശാനാണ്. താന്‍ സംവിധാനം ചെയ്ത ജോവാന് ഓഫ് ആര്‍ക്ക്, കാറല്സ്മാന്, വിശുദ്ധ ഗീവര്‍ഗീസ്, സെന്റ് സെബാസ്റ്റിയന് തുടങ്ങിയ നാടകങ്ങളിലെ രാജകുമാരി വേഷം മകള്‍ ആന്‍ റുഫ്തയെയാണ് റോയി ഏല്പിച്ചിരുന്നത്. കുട്ടിക്കാലത്തു മാലാഖയുടെ വേഷത്തിലായിരുന്നു ആനിന്റെ അരങ്ങേറ്റം. തുടര്‍ന്ന് നൂറോളം വേദികളില്‍ രാജകുമാരിയായി. സെന്റ് വാലന്റൈന്‍ എന്ന അവസാന നാടകത്തിലും രാജകുമാരിയായിരുന്നു.
പാട്ടുകാരിയുമായിരുന്ന ആന്‍ റിഫ്റ്റ പഠനത്തിലും മിടുക്കിയായിരുന്നു. പ്രിയ കലാകാരിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ഗ്രാമം. പത്താം ക്ലാസ് വരെ പുത്തന്‍വേലിക്കര മേരി വാര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നു പ്ലസ് ടു പൂര്‍ത്തിയാക്കി. മരണവിവരം അറിഞ്ഞതു മുതല്‍ വീട്ടിലേക്കു ബന്ധുക്കളുടെയും നാട്ടുകാരുടേയും പ്രവാഹമാണ്. സാധാരണ കുടുംബമാണ് റുഫ്തയുടേത്. കല്പ്പണിക്കാരന് കൂടിയാണു പിതാവ് റോയ്. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായ സഹോദരന് റിഥുലും ചവിട്ടുനാടകത്തില്‍ സജീവമാണ്.
ഒരു വര്‍ഷം മുന്‍പാണ് അമ്മ സിന്ധു ഇറ്റലിയില്‍ ഹോം നഴ്സായി ജോലിക്കു പോയത്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം കുറുമ്പത്തുരുത്തിലെ വീട്ടിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: