തിരുവനന്തപുരം : ഖജനാവിലെ പണം സഖാക്കളിലേക്കോ വേണ്ടപ്പെട്ടവരിലേക്കോ തിരിച്ചെത്തിക്കുന്ന തന്ത്രമാണ് കിഫ്ബിയിലൂടെ പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്ജ്. അങ്ങിനെയാകത്തക്ക തരത്തിലാണ് കിഫ്ബി ഓഡിറ്റിങ്ങ് നടക്കുന്നത്. അതായത് കിഫ്ബി കടമെടുക്കുന്നത് സംബന്ധിച്ച് വിശദമായി ഓഡിറ്റ് വേണ്ട, ഓഡിറ്റിങ്ങ് പ്രാഥമിക തലത്തില്‍ മതി എന്നാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ഭേദഗതി. ഇത് മൂലം കിഫ്ബി ഓരോ പദ്ധതിയ്ക്കായും ചെലവിടുന്ന തുകയുടെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയാതെ പോവുകയാണ്. – മേരി ജോര്‍ജ്ജ് പറയുന്നു.
കിഫ്ബി വഴി കടമെടുക്കുന്നത് കെണിയാകും എന്ന് ആരംഭത്തിലേ സിഎജി പറഞ്ഞിരുന്നു. കാരണം കിഫ്ബിയുടെ കടമെടുപ്പിന് യാതൊരു വിധത്തിലുള്ള സുതാര്യതയും ഇല്ല. ലണ്ടന്‍ സ്റ്റോക്ക് എക്സ് ചേഞ്ചില്‍ വെച്ച് സിഡിപിക്യൂ (കാനഡയിലെ ഒരു പെന്ഷന് ഫണ്ട്) കേരള സര്‍ക്കാരിന് നല്കിയ 2185 കോടി രൂപയുടെ കടമെടുത്തത് 9.72 ശതമാനം പലിശയ്ക്കായിരുന്നു.
ആലപ്പുഴയില്‍ കിഫ്ബി ഫണ്ടില്‍ പണിത റോഡ് താഴ്ന്നതിനെക്കുറിച്ച് സിപിഎമ്മിലെ തന്നെ ആരിഫ് എംപി പരാതി പറഞ്ഞിരുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് പണിത വയനാട്ടിലേക്കുള്ള ചുരം റോഡ് ഒരു മാസത്തിനുള്ളിലാണ് ഇടിഞ്ഞുതാണത്. അതുപോലെ കിഫ്ബി ഫണ്ടുപയോഗിച്ച് തൃശൂരില്‍ പണിത സ്കൂള്‍ കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്ങ് കൈയിലെ നഖം ഉപയോഗിച്ച് ചുരണ്ടുമ്പോള്‍ താഴെ വീഴുന്നത് നമ്മള് കണ്ടതാണ്.- മേരി ജോര്‍ജ്ജ് പറഞ്ഞു.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് എങ്ങിനെയെങ്കിലും റോഡ് പണിയുടെയും കെട്ടിടം പണിയുടെയും കരാറുകള്‍ കൊടുക്കുക അതിന് തോന്നിയത് പോലെ പണം ചെലവഴിക്കുക. എന്നിട്ട് ആ ഖജനാവിലെ തുക പാര്‍ട്ടിക്കോ, പാര്‍ട്ടിക്ക് അകത്തുള്ള വേണ്ടപ്പെട്ടവര്‍ക്കോ എത്തിക്കുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ തന്ത്രം. . കാര്യക്ഷമതയില്ലാതെ ഖജനാവിലെ പണം ധൂര്‍ത്തടിച്ചുകൊണ്ടിരിക്കുകയാണ്.- മേരി ജോര്‍ജ്ജ് പറഞ്ഞു. .
28258.39 കോടി രൂപ കേരളം പിരിച്ചെടുക്കാനുള്ള നികുതി കുടിശ്ശികയാണ്. നമുക്ക് കിട്ടേണ്ട ആകെ റവന്യൂ സമാഹരണത്തിന്റെ 23.6 ശതമാനമാണെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. കിട്ടുന്ന ധനം ധൂര്‍ത്തടിക്കുന്നത് ഒരു വശത്ത്, എന്നാല്‍ കിട്ടേണ്ട നികുതിത്തുക പിരിച്ചെടുക്കുന്നുമില്ല. അതാണ് ഇന്നത്തെ വലിയ പ്രശ്നം. – മേരി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടുന്നു.
ജിഎസ് ടി കുടിശ്ശിക ഇനത്തില്‍ കേരളം14000 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. പക്ഷെ പിരിച്ചെടുക്കുന്നില്ല. കേരളീയത്തിന് ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് കണ്ടെത്തിയത് ജിഎസ് ടി കുടിശ്ശിക പിരിക്കേണ്ട ചുമതലയുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ്. നിങ്ങളില്‍ നിന്ന് ഞങ്ങള്‍ നികുതി പിരിക്കില്ല. ആ സ്പോണ്‍സര്‍ഷിപ്പ് ഇങ്ങ് തന്നേക്കൂ എന്നാണ് പറയുന്നത്. എത്രത്തോളമാണ് ഉദ്യോഗസ്ഥര്‍ അധിപതിച്ചിരിക്കുന്നത് എന്ന് ഇതില്‍ നിന്നും മനസ്സിലാകും. എങ്ങിനെയാണ് ഐഎഎസ്, ഐആര്‍എസ് ഉദ്യോഗസ്ഥന് സര്‍ക്കാരിന്റെ വാലേല്‍ തൂങ്ങികളാകുകയാണ്. -മേരി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ പലതരം ക്ഷേമപെന്‍ഷനുകള്‍ ഒന്നിച്ച് വാങ്ങുന്ന നിരവധി പേരെ കണ്ടെത്തിയിരുന്നു. മരിച്ചവര്‍ പല വര്‍ഷങ്ങളായി പെന്ഷന് വാങ്ങുന്നു. ഇതൊക്കെ സിഎജി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. – മേരി ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: