ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പുതുക്കി രാജ്യം. ഭീകരാക്രമണത്തില്‍ ജീവന് നഷ്ടമായവര്‍ക്കും ചെറുക്കാന്‍ ശ്രമിച്ച ധീരന്മാര്ക്കും രാജ്യം ആദരമര്‍പ്പിച്ചു. അപ്രതീക്ഷിത ആക്രമണത്തിലേറ്റ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. 2008 നവംബര്‍ 26 നാണ് പാകിസ്ഥാനില്‍ നിന്നുള്ള ലഷ്കര്‍ ഭീകരര്‍ മുംബൈയെ ചുട്ടുചാമ്പലാക്കാന്‍ ശ്രമം നടത്തിയത്. അന്നതിനു യുക്തമായ മറുപടി നല്കാന് ഭരണകൂടത്തിനു കഴിഞ്ഞില്ല. എന്നാല്‍ ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി എന്ന നയം പ്രഖ്യാപിച്ച് നടപ്പാക്കുന്ന ഭരണത്തിലാണ് 26/11ന്റെ പതിനഞ്ചാം വാര്‍ഷികം.
കടല്‍മാര്‍ഗമാണ് അജ്മല്‍ കസബിന്റെ നേതൃത്വത്തിലുള്ള പത്ത് ലഷ്കര്‍ ഭീകരര്‍ ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെത്തിയത്. ഛത്രപതി ശിവാജി റെയില്‍വേ ടെര്‍മിനസ്, താജ്, ഒബ്റോയ് ട്രൈഡന്റ് ഹോട്ടലുകള്‍, നരിമാന് ഹൗസ് തുടങ്ങിയ തിരക്കേറിയ നഗരത്തിലെ പത്തിലേറെ ഇടങ്ങളിലാണ് ഒരേസമയം ആക്രമണം തുടങ്ങിയത്. ഭീകരരെ കീഴ്പ്പെടുത്താന്‍ 200 പേരടങ്ങുന്ന എന്‍എസ്ജി കമാന്‍ഡോകളുടെ ടീമിനെയാണ് വിന്യസിച്ചത്. ഓപ്പറേഷന് ബ്ലാക്ക് ടൊര്‍ണാഡോ എന്ന പേരിലായിരുന്നു ഈ ദൗത്യം. നവംബര്‍ 26ന് ആരംഭിച്ച ആക്രമണം 29ന് രാവിലെ എട്ടുമണിക്കാണ് അവസാനിക്കുന്നത്.
മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്, എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറെ, വിജയ് സലാസ്കര്‍, പോലീസ് അഡീ. കമ്മിഷണര്‍ അശോക് കാംതെ, സബ് ഇന്‍സ്പെക്ടര്‍ തുക്കാറാം ഒബ്ല തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. കൊടുംഭീകരനായ അജ്മല്‍ കസബിനെ പിന്നീട് തൂക്കിലേറ്റി. ആക്രമണത്തില്‍ വിദേശികളടക്കം 166 പേര് കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മുംബൈ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്യം ഇരകളുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പമുണ്ട്. രാജ്യം അവരുടെ പരമോന്നത ത്യാഗത്തെ അനുസ്മരിക്കുന്നു. എല്ലാ രൂപത്തിലുള്ള ഭീകരതയ്ക്കെതിരെ പോരാടാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം, മുര്‍മു എക്സില്‍ കുറിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: