കൊച്ചി: കൊച്ചിയിലെ കുസാറ്റില്‍ നടന്ന ദുരന്തവാര്‍ത്ത തന്റെ ഹൃദയം തകര്‍ത്തെന്ന് കുസാറ്റില്‍ സംഗീത നിശയില്‍ പാടാനെത്തിയ ബോളിവുഡ് ഗായിക നികിതാഗാന്ധി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
“സംഗീത പരിപാടി തുടങ്ങാന്‍ വേദിയില്‍ എത്തുന്നതിന് മുന്‍പേ അപകടം സംഭവിച്ചു. എന്റെ വേദനയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും കുടുംബത്തിന്‍റയും ദുഖത്തില്‍ പങ്കുചേരുന്നു. “- സമൂഹമാധ്യമങ്ങളായ ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നികിതാഗാന്ധി കുറിച്ചു.
കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗാണ് ടെക് ഫെസ്റ്റായ ധിഷണയുടെ ഭാഗമായി നികിതാ ഗാന്ധിയുടെ സംഗീത പരിപാടി സംഘടിപ്പിച്ചത്. പൊടുന്നനെ ഉണ്ടായ മഴയാകാം അപകടത്തിന് കാരണമായേക്കാവുന്നതെന്ന് എഡിജിപി അജിത് കുമാര്‍ പറഞ്ഞു. മഴയില്‍ നിന്നും രക്ഷപ്പെടാന്‍ ഓഡിറ്റോറിയത്തിന് പുറത്തുള്ളവരെല്ലാം ഉള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു.
ആരാണ് നികിതാ ഗാന്ധി? ഇത്രയ്‌ക്കധികം യുവാക്കള്‍ ആകര്‍ഷിക്കപ്പെട്ടത് എന്തുകൊണ്ട്?
പാതി പഞ്ചാബിയും പാതി ബംഗാളിയുമാണ് കൊല്‍ക്കൊത്തയില്‍ ജനിച്ച നികിതാഗാന്ധി. ഇപ്പോള്‍ ബോളിവുഡ് സംഗീതരംഗത്തെ താരമാണ് ഗായിക നികിതാ ഗാന്ധി. അരിജിത് സിംഗിനൊപ്പം പാടിയ ‘ഉല്ലൂ കാ പത്താ’ എന്ന ഗാനമാണ് നികിതാഗാന്ധിയെ പ്രശസ്തയാക്കിയത്. പിന്നീട് ഒട്ടേറെ ഹിന്ദി സിനിമകളില്‍ പാടി. പാശ്ചാത്യസംഗീതത്തിന്റെ വന്യതാളവും വേദിയിലെ നൃത്തവും ത്രസിപ്പിക്കുന്ന ട്യൂണുകളുമാണ് നികിതാഗാന്ധിയെ കൗമാരക്കാരുടെ ഹരമാക്കിയത്. അതുകൊണ്ടായിരിക്കാം കുസാറ്റില്‍ ഇത്രയ്‌ക്കധികം ചെറുപ്പക്കാര്‍ നികിതാഗാന്ധിയുടെ ഗാനം കേള്‍ക്കാന്‍ തടിച്ചുകൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: