”അവിടെ മഴപെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുക”എന്നത് ഒരു ചൊല്ലാണ്. തികച്ചും അനാവശ്യമായ ഒരു പ്രവൃത്തി. ആര്‍ക്കും ഗുണഫലമില്ലാത്തത്. ആര്‍ക്കോ വേണ്ടി ചെയ്യുന്ന ഒരു പാഴ്പ്പണി. ”ഉറക്കത്തില്‍ കാല് തിരുമ്മു” ന്നതും പാഴ്പ്പണിയാണ്. ഇത് രണ്ടുംകൂടി ഒന്നിച്ച് പ്രയോഗിക്കാവുന്ന ഒരു അവസരമുണ്ട്, അതാണ് കേരളത്തിലെ പാലസ്തീന് ഐക്യദാര്‍ഢ്യ പരിപാടികള്‍ എന്ന് തോന്നിപ്പോകുന്നു. ഗാസ എന്ന പ്രദേശത്തില്‍ അധികാരം സ്ഥാപിച്ചെടുക്കാന്‍ അങ്ങകലെ ഇസ്രായേല്‍, പാലസ്തീന് രാജ്യങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നടക്കുന്ന തര്‍ക്കം, സംഘര്‍ഷം, പോരാട്ടം, യുദ്ധം, കേരളത്തില്‍ യുദ്ധസമാനമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നത് ”മഴയവിടെയും കുടയിവിടെയും” എന്ന പറച്ചിലിനെ ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യും.
മുമ്പ്, റഷ്യയില്‍ മഴ പെയ്താന്‍ കേരളത്തില്‍ കുട നിവര്‍ക്കുന്ന വിചിത്ര കര്‍മ്മം ചെയ്തിരുന്നത് കമ്യൂണിസ്റ്റുകളായിരുന്നു. ‘സോവിയറ്റ് എന്നൊരു നാടുണ്ടേ, പോവാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം’ എന്ന് ‘നാണീ വിലാപം’ പാടി നടന്നത് അവരായിരുന്നു. ‘മാവേലി നാടു വാണീടും കാലം’ എന്ന പാട്ടിന്റെ അതേ ഈണം. അത്രയ്ക്ക് വൈകാരിക ഐക്യമുണ്ടായിരുന്നു കമ്യൂണിസ്റ്റുകള്‍ക്ക് റഷ്യയോട്. റഷ്യ തകര്‍ന്നപ്പോള്‍ പാട്ടും നിര്‍ത്തി.
ഭാരതമെങ്ങും ബിജെപി ഭരണം വന്നപ്പോള്‍, ”താമര മുകുളങ്ങള്‍ വിരിഞ്ഞപ്പോള്‍” കമ്യൂണിസ്റ്റ് പാര്‍ട്ടി, അവരുടെ ആത്മഗീതവും ആത്മീയഗീതവും ആയിരുന്ന ‘ബലികുടീരങ്ങളേ’ എന്ന പാട്ട് പാടുന്നതും പാടിക്കുന്നതും നിര്‍ത്തിയതും അതു പോലെയാണ്; ഇതു കൂടി പറയട്ടെ-‘ബലികുടീരങ്ങളേ…’ എന്ന പാട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി മോഷ്ടിച്ച് സ്വന്തമാക്കിയതാണ്. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സ്മാരകമാണ് തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപം. അതിന്റെ വാര്‍ഷികത്തിന് പാടാന്‍ വയലാര്‍ രാമവര്‍മ എഴുതിയ ഗാനം, അതിലെ ഒരു വാക്കു മാറ്റി, കമ്യൂണിസ്റ്റ് പാര്‍ട്ടി, ‘സ്വന്തം’ആക്കുകയായിരുന്നു. ‘പൊന്‍ കൊടി’ എന്നത് ‘ചെങ്കൊടി’യെന്നാക്കി, പാര്ട്ടിപ്പാട്ടാക്കി. പില്ക്കാലത്ത്, പാട്ടിലെ ”വിരിഞ്ഞു താമരമുകുളങ്ങള്‍” എന്ന വരി, ബിജെപിയുടെ ചിഹ്നം താമര ആയതിനാല്‍ പാട്ടുതന്നെ ഉപേക്ഷിച്ചു. നമ്മുടെ വിഷയം അതല്ല, പാലസ്തീനാണാണല്ലോ.
ഇസ്രയേലും പാലസ്തീനും തമ്മിലുള്ള യുദ്ധമെങ്ങനെ കേരളത്തില്‍ രാഷ്ട്രീയ യുദ്ധമാകുന്നു എന്ന് ചോദിച്ചാല്‍ മറുപടി പ്രശ്നമാകും. അത്, ”പൊളിറ്റിക്കലി കറക്ട്” അല്ലാതാവും. കാരണം, മനുഷ്യര്‍- പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും-കൊല്ലപ്പെടുന്ന യുദ്ധത്തെ എതിര്‍ക്കണം, പ്രതിഷേധിച്ച് പ്രതിരോധിക്കണം. അതാണ് മാനവികത. ശരിയാണ്, പക്ഷേ, യുദ്ധമാണ്, ആക്രമണമാണ്, അപ്പോള്‍ ഇരുപക്ഷത്തുമില്ലാതെ എതിര്‍ക്കുന്നതല്ലേ മാനവികത എന്ന് ചോദിച്ചാല്‍ ഉത്തരം കൃത്യമായി കിട്ടില്ല. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തില്‍ കേരളത്തിന്റെ മാനവികത എവിടെ എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. അതും അവിടെ നില്ക്കട്ടെ. അവിടത്തെ മഴയത്ത് ഇവിടെ കുടപിടിക്കുന്നതിലെ അപകടം പറയാം.
മുമ്പ്, എന്നു പറഞ്ഞാല്‍ 100 വര്‍ഷം മുമ്പ്, സംഭവിച്ച ഒരു ദുരന്തം ഓര്‍മ്മിപ്പിക്കാം. അതും ‘കുടപിടിച്ച’ ചരിത്രമാണ്. രണ്ടാം ലോകയുദ്ധം കഴിഞ്ഞ കാലം. തോല്ക്കുന്നവര്ക്കുമേല് ജയിക്കുന്നവര്‍ കുതിര കയറുന്നതാണല്ലോ ചരിത്രത്തിലെ യുദ്ധപാഠം. തോറ്റ ജര്‍മ്മനിയുടെ പക്ഷത്തായിരുന്നു തുര്‍ക്കി. യുദ്ധാനന്തരം, വിജയിച്ച സഖ്യകക്ഷികള്‍, ബ്രിട്ടനും ഫ്രാന്‍സും മറ്റും ചേര്‍ന്ന് തുര്‍ക്കി ഭരിച്ചിരുന്ന സുല്‍ത്താനെ സ്ഥാനഭ്രഷ്ടനാക്കി. ലോക മുസ്ലിങ്ങള്‍ ആത്മീയ നേതാവായിക്കണ്ട്, ഖലീഫയായി അംഗീകരിച്ച് വാഴിച്ചിരുന്നയാളാണ്, ഇസ്ലാമിക വിശ്വാസ പ്രകാരം ആത്മീയ കേന്ദ്രങ്ങളായ മക്കയും മദീനയും സ്ഥിതി ചെയ്യുന്ന അറേബ്യയുടെയും ഈ സുല്‍ത്താന്‍. ബ്രിട്ടന് തുര്‍ക്കി ഖലീഫയെ പുറത്താക്കി, ഭരണത്തിന് ഗവര്‍ണറെ നിയമിച്ചു. ഭാരതം അക്കാലത്ത് ബ്രിട്ടീഷ് ഭരണത്തിലായിരുന്നുവല്ലോ.
ആഗോളതലത്തില്‍ മുസ്ലിങ്ങള്‍ ഖലീഫയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചു. ഭാരതത്തിലും ഖിലാഫത്ത് പുനഃസ്ഥാപനത്തിന് സംഘടിത പ്രതിഷേധമുണ്ടായി. ഭാരത സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ടു വരികെ, സമരത്തില്‍ പങ്കാളികളായിരുന്ന, നയിച്ചിരുന്ന ഭാരതാഭിമാനികളായിരുന്ന മുസ്ലിം നേതാക്കളും തുര്‍ക്കി സംഭവത്തില്‍ മതവികാരം പ്രകടിപ്പിച്ചു. മൗലാനാ മുഹമ്മദ് അലി, മൗലാനാ അബ്ദുള്‍ കലാം ആസാദ്, ഹക്കിം അഹമ്മദ് ഖാന് തുടങ്ങിയവര്‍ തുര്‍ക്കി ഖലീഫയെ പുനരവരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തി. ബ്രിട്ടീഷ് ഭരണകൂടത്തോട് ആവശ്യം ഉന്നയിച്ചു. ബ്രിട്ടനു വേണ്ടി സൈനിക സേവനത്തിന് ചേരരുതെന്ന് അവര്‍ ആഹ്വാനം ചെയ്തു. നികുതി, പാട്ടം തുടങ്ങിയവ കൊടുക്കരുത്, വിദ്യാലയങ്ങളില്‍ പോകരുത് എന്നിങ്ങനെയായി സമരമുറകള്‍. മഹാത്മാഗാന്ധി, ഈ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു, സമരക്കാരോടൊപ്പം നിന്നു. ‘ദേശീയ പ്രസ്ഥാനം’ ആയിരുന്ന ഖിലാഫത്ത് കേരളത്തില്‍ തീവ്ര മതവികാരമായി; 1920-21 കാലത്തെ കാര്യമാണ് പറയുന്നത്. ഗാന്ധിജി ഖിലാഫത്ത് വിഷയത്തില്‍ നേതാക്കളെ കാണാനും ജനങ്ങളോട് സംസാരിക്കാനും കേരളത്തിലെത്തി.
1920 ആഗസ്ത് 18 ന് 2:30 നാണ് ഗാന്ധിജി കോഴിക്കോട്ട് ട്രെയിനിറങ്ങിയത്. ഒപ്പം മൗലാനാ ഷൗഖത്ത് അലിയുമുണ്ടായിരുന്നു. പില്ക്കാലത്ത് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതില്‍ ഗാന്ധിജി പശ്ചാത്തപിച്ചെങ്കിലും, ആഗസ്ത് 18ന് വൈകിട്ട് 6.30ന് കോഴിക്കോട്ടു നടന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം ഖിലാഫത്ത് പ്രക്ഷോഭത്തെ ന്യായീകരിച്ചു; പിന്തുണച്ചു. ഈ ഖിലാഫത്തിന് കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നു, ”കമ്യൂണിസ്റ്റുകളുടെ”പിന്തുണ ഉണ്ടായിരുന്നു.
”കമ്യൂണിസ്റ്റുകളുടെ” എന്ന് പറയുന്നത് വാസ്തവത്തില്‍ വസ്തുതാ വിരുദ്ധമാണ്. 1925ലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുന്നത്. കേരളത്തില്‍ പിന്നെയും പതിറ്റാണ്ടു കഴിഞ്ഞു. പക്ഷേ, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലിരിക്കെ കമ്യൂണിസ്റ്റ് ആശയഗതി പുലര്‍ത്തി, അതിനായി രഹസ്യ പ്രവര്‍ത്തനം നടത്തിയവരാണ് പില്ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായത്. ഈ ഖിലാഫത്ത് പ്രക്ഷോഭമാണ് 1921ല്‍ മാപ്പിള ലഹള, മലബാര്‍ കലാപം, കാര്‍ഷിക വിപ്ലവം, ജന്മി വിരുദ്ധ കലഹം എന്നെല്ലാം പല പേരില്‍ ഇന്ന് അറിയപ്പെടുന്ന വര്‍ഗീയ-വംശീയഹത്യാ കലാപമായി മാറിയത്. അപകടകരമായ സ്ഥിതിയിലേക്ക് കേരളത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം നീങ്ങാന്‍ കാരണം, ആ പ്രക്ഷോഭത്തിന് നേതാക്കള്‍ പോലും പ്രതീക്ഷിക്കാത്ത തോതില്‍ ഇവിടെ കിട്ടിയ രാഷ്ട്രീയ പിന്തുണയാണ്. ഹിന്ദു വംശീയഹത്യയെന്ന മതവെറിയായിരുന്നു 1921ലെ മാപ്പിളക്കലാപമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. അതിന്റെ കാരണത്തിലും പ്രേരണയിലും മാത്രമാണ് ഭിന്ന വാദങ്ങള്‍. വാസ്തവത്തില്‍ ചരിത്രവും വസ്തുതയും യാഥാര്‍ത്ഥ്യവും മറന്നുള്ള പാലസ്തീന് ഐക്യദാര്‍ഢ്യ പ്രദര്‍ശനങ്ങള്‍ ഖിലാഫത്തിന്റെ അബദ്ധങ്ങളുടെ ആവര്‍ത്തനമായി മാറിക്കൊണ്ടിരിക്കുകയല്ലേ എന്ന് സംശയിക്കണം.
തുര്ക്കിപോലൊരു വിദേശ രാജ്യത്തെ ഭരണാധികാരി ആരായിരിക്കണമെന്ന് നിശ്ചയിക്കാന്‍, സ്വന്തമായി ഭരണാധികാരമില്ലാത്ത ഒരു രാജ്യത്തെ ജനത, അതിനുള്ള സ്വന്തം സമരം മാറ്റി വച്ച് നടത്തിയ പ്രക്ഷോഭമായിരുന്നുവല്ലോ ഖിലാഫത്ത് പ്രക്ഷോഭം. ഗാസാ ഭരണം ആര് നിയന്ത്രിക്കണമെന്ന് ഇസ്രയേലും പാലസ്തീനും തമ്മിലുള്ള തര്‍ക്കമാണല്ലോ അവിടെ. ഇപ്പോള്‍ ഭാരത സര്‍ക്കാര്‍ ആ വിഷയത്തില്‍ നിലപാടെടുത്തിട്ടുണ്ട്. ആ തര്‍ക്കം അവര്‍ തീര്‍ക്കട്ടെ, എന്നാല്‍, രണ്ടു സര്‍ക്കാരുകള്‍ക്കും അന്താരാഷ്ട്ര നയ-നിയമങ്ങള്‍ക്കും രാജ്യത്തിന്റെ തുടര്‍ന്നു വരുന്ന നയതന്ത്ര പ്രകാരവുമുള്ള പിന്തുണ എന്നതാണ് ഭാരത നിലപാട്.
അതേസമയം, ആക്രമണവും യുദ്ധവും നടത്തുന്ന ഭീകര പ്രസ്ഥാനങ്ങളോട് വിയോജിപ്പ് എന്നതാണ് അതിന്റെ നിര്‍വഹണം. ഗാസയില്‍ മാത്രമല്ല, അന്താരാഷ്ട്ര വേദികളില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഏത് വിഷയത്തിലും ഇതാണ് നില. ശ്രീലങ്കയിലും യുക്രൈനിലും യെമനിലും, അഫ്ഗാനിലും എല്ലാം അതാണ് നയം. അത് സാമാന്യ യുക്തിബോധമുള്ളവര്‍ക്ക് ബോധ്യപ്പെടേണ്ടതാണ്. അതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുന്നത്. ഈ നിലപാടിനപ്പുറം ഒരു പക്ഷത്തോട് മാത്രം ചേര്‍ന്ന് നില്‍ക്കുകയും പ്രസംഗിക്കുകയും പ്രകടിപ്പിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് അപകടകരമാണ്.
പക്ഷേ, നാട് നശിച്ചാലും ”ഞാനും കുടുംബവും സ്വര്‍ണപ്പണിക്കാരനും മാത്രം ശേഷിച്ചാല്‍ എല്ലാമായി” എന്ന ചിന്തക്കാരായ ”തമ്പ്രാന്മാര്ക്ക്” അങ്ങനെയാവണമെന്നില്ല. അവര്‍ ഗാസയിലെ യുദ്ധത്തിന് കോഴിക്കോട്ട് കുടപിടിക്കും. ആ കുടക്കീഴില് കയറാന്‍ മറ്റു ചില തമ്പ്രാന്മാര് മത്സരിക്കും. ”രാഷ്ട്രീയ കുടമാറ്റം” പ്രദര്‍ശനമാക്കുന്നവര്‍ വാക്കുകൊണ്ട് ഏറ്റുമുട്ടും. അവരില്‍ ചിലര്‍ ചിലപ്പോള്‍ വസ്തുത പറയും, സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പിന്നെ മാറ്റിപ്പറയും. പക്ഷേ, ഖിലാഫത്ത് ദുരന്തം നിരത്തില്‍ ഇനി ആവര്ത്തിക്കപ്പെടാനിടയില്ലെങ്കിലും ചില മനസ്സുകളിലെങ്കിലും അത് രൂപം കൊള്ളുന്നെങ്കില്‍ അതുതന്നെ മതി വലിയ സാമൂഹ്യ വിപത്തിന് വഴിവെക്കാന്‍. പാലസ്തീന് ഐക്യദാര്‍ഢ്യമല്ല, യുദ്ധവിരുദ്ധ പ്രതികരണങ്ങളാണ് അനിവാര്യം; അല്ലാത്തത് അപകടംതന്നെയാണ്.
പിന്കുറിപ്പ്:
ആലപ്പുഴ വഴി സര്‍വീസ് നടത്തേണ്ട വന്ദേഭാരത് അതിവേഗ ട്രെയിന്‍ കോട്ടയം വഴി ആക്കാന്‍ ‘ജനസേവനം’ ചെയ്ത് വിയര്‍ക്കുന്നു ആലപ്പുഴ എംപി! ട്രെയിന്‍ അട്ടിമറിക്കുന്ന സാമൂഹ്യ വിരുദ്ധരെ കേട്ടിട്ടുണ്ട്; ട്രെയിന്‍ സര്‍വീസ് അട്ടിമറിക്കുന്ന ജനസേവകര്‍ ഇതാദ്യമാണ്. ശരിയായിരിക്കാം, ”കനലൊരു തരിമതി” ഇത്തരം വിധ്വംസക പ്രവര്ത്തനത്തിനൊക്കെ. കാരണം, ഇത്തരം കനലിന്റെ അടിസ്ഥാന സ്വഭാവവും ആത്യന്തിക ലക്ഷ്യവും ഇതൊക്കെത്തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: