കൊച്ചി: പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതു കാൽപാദം മുറിച്ചുമാറ്റി. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ കാനം. ആദ്യം മൂന്ന് വിരലുകൾ മുറിച്ചുമാറ്റിയെങ്കിലും അണുബാധ നിയന്ത്രിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് കാൽപാദം മുറിക്കുകയായിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കൃത്രിമ പാദം ഘടിപ്പിക്കുന്നതിന് ഉൾപ്പെടെ സമയം വേണ്ടിവരും. ഇക്കാലയളവിൽ പാർട്ടിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് എന്തുചെയ്യണമെന്ന് 30ന് ചേരുന്ന സിപിഐ നിർവാഹ സമിതി യോഗം ആലോചിക്കും. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതുമൂലം കാനം കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലും വിശ്രമത്തിലുമാണ്. ഈ സാഹചര്യത്തിൽ അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.
2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ തിരക്കിട്ട പ്രവർത്തനങ്ങൾ വേണ്ടിവരും. കുറച്ചുനാളായി പൊതുപരിപാടികളിൽനിന്നെല്ലാം വിട്ടുനിൽക്കുന്ന കാനത്തിന് അതു വലിയ ബുദ്ധിമുട്ടാകുമെന്ന വസ്തുതകൂടി കണക്കിലെടുത്താണ് സ്ഥാനമാറ്റം സംബന്ധിച്ച ആലോചന നടക്കുന്നത്. പാർട്ടി രീതിയനുസരിച്ച് രണ്ടുവർഷംകൂടി കാനത്തിന് സെക്രട്ടറിസ്ഥാനത്ത് തുടരാം.
അസിസ്റ്റൻറ് സെക്രട്ടറിമാരായ ഈ ചന്ദ്രശേഖരൻ. പി പി സുനീർ, കേന്ദ്ര സെക്രട്ടറിയേറിയ അംഗം ബിനോയ് വിശ്വം, ദേശീയ നിർവാഹ സമിതി അംഗം കെ പ്രകാശ് ബാബു എന്നിവർ കൂടുതൽ ഉത്തരവാദിത്വം നിർവഹിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: