പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനും പരിവാരവും സഞ്ചരിക്കുന്ന നവകേരള സദസിന്റെ വാഹനത്തിന് ചെലവാക്കിയ പണം സാമൂഹ്യ പെന്ഷന് നല്കാന് വിനിയോഗിച്ചിരുന്നെങ്കില്‍ ആ പാവങ്ങളുടെ പ്രാര്‍ഥനക്ക് ഫലമുണ്ടാവുമായിരുന്നുവെന്ന് സുരേഷ്ഗോപി.
എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പാലക്കാട് പല്ലശ്ശന പഞ്ചായത്ത് പത്താം വാര്‍ഡ് ഒഴിവുപാറ കെസി പറമ്പ് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവകേരള സദസില്‍ വെറും വാചകവും തള്ളും മാത്രമാണ്. ഇത് പാര്‍ട്ടിയെ കനപ്പിക്കാനും, പാര്‍ട്ടിയിലെ വ്യക്തികളെ കനപ്പിക്കാനുമാണ്. വെറും ധൂര്‍ത്താണെന്നും തുറന്നടിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന് അവരുടെ പങ്ക് നിര്‍വഹിക്കാന്‍ കഴിയുന്നില്ല. പ്രതിപക്ഷം ആരായാലും അവര്‍ ജനങ്ങളുടെ ശബ്ദമായി മാറേണ്ടതാണ്.
തളിപ്പറമ്പില്‍ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തെയും സുരേഷ് ഗോപി വിമര്‍ശിച്ചു. ജനകീയ സമരങ്ങള്‍ നടത്തേണ്ട കാലം അതിക്രമിച്ചു.
പെട്രോളിനും, ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ പിരിക്കുന്ന ചുങ്കം ഇനി തരില്ലെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അതിനായി ഒരു കക്ഷിക്കു വേണ്ടിയും കാത്തുനില്‍ക്കരുത്. ഈ മണ്ണും രാജ്യവും നമ്മുടേതാണെന്നും രാജ്യത്തിന് വേണ്ടി ഒത്തൊരുമിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
വെറുതെ പെട്രോളിനും ഡീസലിനും വിലകൂട്ടിയെന്ന് പറഞ്ഞ് അക്രമം അഴിച്ചുവിടുന്നവരാണ് അതിന് രണ്ടു രൂപ കൂട്ടിക്കൊണ്ട് അടിച്ചുമാറ്റുന്നത്. അതില്‍ നിന്നു പോലും പെന്ഷന് കൊടുക്കാന്‍ സാധിക്കുന്നില്ലെന്നത് പരിതാപകരമാണ്. ബിഡിഒ ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: