ദുബായ് : മലബാർ മേഖലയിലെ പ്രവാസികളെ ലക്ഷ്യമിട്ടു കൊണ്ട് യുഎഇയിലെ റാസൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള തങ്ങളുടെ ആദ്യത്തെ നോൺ-സ്റ്റോപ്പ് വിമാന സർവീസ് എയർ അറേബ്യ സർവീസ് ആരംഭിച്ചു. നവംബർ 22-നാണ് ഈ റൂട്ടിൽ എയർ അറേബ്യ സർവീസ് ആരംഭിച്ചത്. കമ്പനി വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനോടനുബന്ധിച്ച് ഈ റൂട്ടിലെ ആദ്യ സർവീസിന് മുന്നോടിയായി റാസ് അൽ ഖൈമ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. റാസൽഖൈമയിലെ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ദുബായ്, വടക്കൻ മേഖലകളിലെ ഇന്ത്യൻ കോൺസൽ ജനറലായ സതീഷ് കുമാർ ശിവൻ, എയർ അറേബ്യ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അദെൽ അൽ അലി തുടങ്ങിയവർ ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഈ പുതിയ റൂട്ടിന്റെ ഭാഗമായി റാസൽഖൈമ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് എയർ അറേബ്യ ആഴ്‌ചയിൽ മൂന്ന് സർവീസ് വീതം നടത്തുന്നതാണ്. ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബജറ്റ് എയർലൈനാണ് എയർ അറേബ്യ. മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് മിതമായ നിരക്കിൽ യാത്ര ചെയ്യാൻ ഈ എയർലൈൻ അവസരമൊരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: