ന്യൂദല്‍ഹി: രാജസ്ഥാനില്‍ സ്ത്രീ വോട്ടുകള്‍ നിര്‍ണായകമാകുമ്പോള്‍ കോണ്‍ഗ്രസ് ആശങ്കയില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ ഭരണത്തില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളില്‍ വന്‍വര്‍ധനവാണുണ്ടായത്. പലസംഭവങ്ങളിലും കൃത്യമായി കേസ് എടുക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇത് കോണ്‍ഗ്രസിനെതിരെയുള്ള സ്ത്രീരോഷം ശക്തമാക്കിയിരിക്കുകയാണ്. 5,26,80,045 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2.51 കോടി വനിതാ വോട്ടര്‍മാരാണ്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, 2021ല്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം രാജസ്ഥാനാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 2020 നെ അപേക്ഷിച്ച് 17% വര്‍ധനവാണ് രാജസ്ഥാനില്‍ ഉണ്ടായത്. സംസ്ഥാനത്ത് 6,337 ബലാത്സംഗ കേസുകളാണ് ഐപിസി 376 പ്രകാരം രജിസ്റ്റര്‍ ചെയ്തത്. രാജ്യത്താകെ 31,677 ബലാത്സംഗ കേസുകളാണ് ആ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരെയുണ്ടായ വിവിധ കുറ്റകൃത്യങ്ങളുടെ എണ്ണം രാജസ്ഥാനില്‍ 40,738 ആയിരുന്നു. രാജ്യത്തുടനീളം 4,28,278 കുറ്റകൃത്യങ്ങളാണ് ആ വര്‍ഷം സ്ത്രീകള്ക്കുനേരെയുണ്ടായത്.
സംസ്ഥാന സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായി ആരോപണം ഉന്നയിക്കുകയും പിന്നാലെ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. രാജേന്ദ്ര സിങ് ഗുധയെയാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്. രാജസ്ഥാനില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സര്‍ക്കാര്‍ സ്വയം ആത്മപരിശോധന നടത്തണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
രാജസ്ഥാനിലെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്ന് സ്ത്രീസുരക്ഷയായിരുന്നു. സ്ത്രീകള്‍ക്കുനേരെയുണ്ടായ അക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാന് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ബിജെപി ഉന്നയിച്ചത്. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ നിരവധി നടപടികളാണ് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടുതല്‍ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍, ആന്റി റോമിയോ സ്ക്വാഡുകള്‍ രൂപീകരിക്കല്‍ തുടങ്ങിയവ ബിജെപി നല്കുന്ന വാഗ്ദാനങ്ങളില്‍ ചിലതുമാത്രമാണ്. സ്ത്രീ സുരക്ഷ ഉറപ്പുനല്കാനാവുമോയെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: