തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും നവകേരള സദസ്സുമായി നടക്കുന്നതിനാല്‍ സെക്രട്ടേറിയറ്റിന്റെ ഭരണം സ്തംഭിച്ചു. ചീഫ് സെക്രട്ടറി നവകേരള വേദിയില്‍ സ്വാഗതം പറഞ്ഞ് നടക്കുന്നതിനാല്‍ നിയന്ത്രിക്കാനും ആരുമില്ലാതെയായി. ഇതോടെ സെക്രട്ടേറിയറ്റിന്റെ ഭരണം ഇടത് യൂണിയന് നേതാക്കളുടെ നിയന്ത്രണത്തില്‍.
വകുപ്പ് സെക്രട്ടറിമാരില്‍ പലരും നവകേരള സദസ്സിലും ചിലര്‍ അവധിയിലും. ഏതാനും സെക്രട്ടറിമാരാണ് എത്തുന്നത്. കാബിനറ്റ് ചേരുന്നത് അതതിടങ്ങളിലെ ഹോട്ടലുകളില്‍ വച്ച് ആയതിനാല്‍ സെക്രട്ടേറിയറ്റില്‍ ഈ വിഭാഗത്തിലെ ജീവനക്കാരും നവകേരള സദസ്സ് തീരുന്നതു വരെ അവധിയിലായി. എല്ലാ വകുപ്പുകളിലും ഭരണ സ്തംഭനമാണ്. പരാതികളുമായി നിരവധി പേര് സെക്രട്ടേറിയറ്റില്‍ വരുന്നുണ്ട്. നവകേരളത്തില്‍ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്നുവെന്ന അറിവില്ലാതെയാണ് പലരും വരുന്നത്.
വിവിധ പദ്ധതികളും മുടങ്ങിയിട്ടുണ്ട്. ഇ ഫയല്‍ വഴി തീര്‍പ്പ് കല്‍പ്പിക്കാമെങ്കിലും മന്ത്രിമാര്‍ അതിന് മുതിരുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഇതോടെ വിവിധ വകുപ്പുകളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ട ഫയലുകള്‍ കെട്ടിക്കിടക്കുന്നു.
മിക്ക ജില്ലകളിലും മഴക്കെടിതി രൂക്ഷമാണ്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട റവന്യൂ വിഭാഗം കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴയത്ത് നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടും രക്ഷാ പ്രവര്‍ത്തനം നടത്തിയത് റസിഡന്‍സ് അസോസയേഷനുകളുടെ നേതൃത്വത്തില്‍. ദുരന്ത നിവാരണ സേന എത്താനും വൈകി. സെക്രട്ടേറിയറ്റിന് സമീപത്താണ് വെള്ളക്കെട്ട് അനുഭവപ്പെട്ടതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: