ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര ദന്തല്‍ഗാവ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. 41 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിട്ട് 13-ാം ദിവസത്തിലേക്ക് കടന്നിരിക്കേ തൊഴിലാളികള്‍ പുലര്‍ത്തുന്ന മനോധൈര്യമാണ് രക്ഷാദൗത്യത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നത്.
രക്ഷപ്പെടുത്താന്‍ തുരങ്കത്തിലേക്ക് ഇറക്കിയ പൈപ്പ് തൊഴിലാളികളുടെ അടുത്തെത്താന്‍ ഏതാനും മീറ്ററുകള്‍ മാത്രമാണ് ദൂരം. തുരങ്കത്തിനു പുറത്ത് ഹെലികോപ്റ്ററുകളും ആംബുലന്‍സുകളും അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണ്. ആരോഗ്യ പരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ സംഘത്തെയും സജ്ജീകരിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘം സ്ട്രെച്ചറുകളില്‍ ബെയറിങ്ങുകളും വീലുകളും സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളികളെ സ്ട്രെച്ചറുകളില്‍ കിടത്തി പൈപ്പിനുള്ളിലൂടെ പുറത്തെത്തിക്കുന്നതിനാണിത്. തൊഴിലാളികള്‍ പൈപ്പിലൂടെ ഇഴയുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
ചിന്യാലിസൗറിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ തൊഴിലാളികളുടെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി 41 കിടക്കകളടക്കം സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ തൊഴിലാളികളെ ഋഷികേശിലെ എയിംസിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ദല്‍ഹിയില്‍ നിന്നുള്ള ഏഴംഗ വിദഗ്ധ സംഘവും സ്ഥലത്തെത്തി.
ബുധനാഴ്ച വൈകിട്ടോടെ തിരശ്ചീനമായി തുരന്ന് പൈപ്പ് സ്ഥാപിക്കുന്നത് 44 മീറ്റര്‍ വരെ എത്തിയിരുന്നു. 60 മീറ്ററാണ് ആകെ തുരക്കേണ്ടത്. തുടര്‍ന്ന് ഡ്രില്ലിങ്ങിനിടെ ഇരുമ്പുപാളിയില്‍ തട്ടി പൈപ്പ് അകത്തുകടത്താന്‍ സാധിച്ചില്ല. ആറു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഇന്നലെ രാവിലെയോടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഇരുമ്പുപാളി മുറിച്ചുമാറ്റി. ഡ്രില്ലിങ് പുനരാരംഭിക്കുകയും ഒന്നര മീറ്ററോളം എത്തുകയും ചെയ്തിരുന്നു. വീണ്ടും ചെറിയ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് തുരക്കല്‍ അല്പ സമയം നിര്‍ത്തിയ ശേഷം പുനരാരംഭിച്ചു. രക്ഷാദൗത്യം വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലാണെന്നും തൊഴിലാളികളുടെയും രക്ഷാപ്രവര്‍ത്തകരുടെയും സുരക്ഷയാണ് പ്രധാനമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുമായി രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്തി. തൊഴിലാളികള്‍ക്ക് നല്കുന്ന ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളെക്കുറിച്ച് മോദി ചോദിച്ചറിഞ്ഞു. പുഷ്കര്‍ സിങ് ധാമിയും കേന്ദ്രമന്ത്രി വി.കെ. സിങ്ങും തുരങ്കം സന്ദര്‍ശിച്ച് തൊഴിലാളികളുമായി സംസാരിച്ചു. മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് തുരങ്കത്തിന് സമീപം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: