ആലപ്പുഴ: കര്‍ഷകരെ സംരക്ഷിക്കുന്നതിനായി വിളകള്‍ക്ക് താങ്ങുവില നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം പാളി. രണ്ടു വര്‍ഷം മുന്‍പ് കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചില്ല. 16 തരം വിളകള്‍ക്കാണ് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചത്. മരച്ചീനി, വാഴ, പൈനാപ്പിള്‍, കുക്കുമ്പര്‍, തക്കാളി, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നീ വിളകള്‍ക്കാണ് സംസ്ഥാനം താങ്ങുവില ഏര്‍പ്പെടുത്തുന്നത്. ഉത്പാദനച്ചെലവും ഉത്പാദനക്ഷമതയും കണക്കിലെടുത്ത് അടിസ്ഥാനവില തീരുമാനിക്കുമെന്നായിരുന്നു അറിയിപ്പ്.
വിപണിവില ഇതിലും കുറയുമ്പോള്‍ അടിസ്ഥാന വില കര്ഷകന് ലഭ്യമാക്കും എന്നതായിരുന്നു പ്രഖ്യാപനം. എന്നാല്‍ വിളകള്‍ സംഭരിക്കുന്നതിനും, മികച്ച വിപണനം ഉറപ്പാക്കുന്നതിനും സംവിധാനം ഒരുക്കാതെ നടത്തിയ പദ്ധതി തുടക്കത്തിലേ പാളി. ആദ്യ ഘട്ടത്തില്‍ വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചെങ്കിലും അതിലും കുറഞ്ഞ വിലയ്ക്ക് വിളകള്‍ വില്ക്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരായി. വിളകള്‍ കേടുകൂടാതെ സംഭരിച്ച് സൂക്ഷിക്കുന്നതിനും, വിപണനത്തിനും മാര്‍ഗമില്ലാതെ വന്നതോടെ കിട്ടുന്ന വിലയ്ക്ക് വില്ക്കാന് കര്ഷകന് നിര്‍ബന്ധിതരായി. തുടക്കത്തിലേ പരാജയപ്പെട്ടതോടെ പിന്നീട് താങ്ങുവില ഉറപ്പാക്കല്‍ പദ്ധതി സര്‍ക്കാരും കൈവിട്ടു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരണ വകുപ്പുമായും ചേര്‍ന്നാണ് കൃഷിവകുപ്പ് ഈ പദ്ധതി നടപ്പാക്കുകയെന്നും, ഒരു പഞ്ചായത്തില്‍ ഒരു വിപണിയെങ്കിലും തുറക്കുമെന്നും കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല. വിപണിവില ഓരോ ഉത്പന്നത്തിനും നിശ്ചയിച്ച അടിസ്ഥാനവിലയേക്കാള്‍ താഴെ പോകുമ്പോള്‍ സംഭരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലയുടെ വ്യത്യാസം കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃഷി വകുപ്പ് നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ കൃഷിവകുപ്പ് ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് യാതൊരു സഹായവും നല്‍കിയിട്ടില്ല. സ്വാമിനാഥന് കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെല്ലിന് തറവില പ്രഖ്യാപിക്കാന്‍ പോലും തയാറാകാതിരുന്ന സംസ്ഥാന സര്‍ക്കാര്‍, നെല്ലിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍ നിന്ന് പോലും കൈയിട്ടു വാരുന്ന സ്ഥിതിവിശേഷമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: