കോട്ടയം: തിരുവനന്തപുരം ആലപ്പുഴ കാസര്‍കോട്, കാസര്‍കോട് ആലപ്പുഴ തിരുവനന്തപുരം വന്ദേഭാരത് സര്‍വീസുകള്‍ രണ്ട് പാസഞ്ചര്‍ സര്‍വീസുകളെ ബാധിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് റെയില്‍വേ. വന്ദേഭാരതിനു വേണ്ടി ഇവയുടെ സമയം പുനഃക്രമീകരിച്ചതോടെ യാത്രക്കാര്‍ക്ക് അരമണിക്കൂര്‍ ലാഭിക്കാന്‍ സാധിച്ചുവെന്നു മാത്രമല്ല, സമയക്രമം കൂടുതലായി പാലിക്കാനും കഴിഞ്ഞു, റെയില്‍വേ അറിയിച്ചു.
രണ്ട് പാസഞ്ചറുകളുടെയും സമയം പഴയതു പോലെയാക്കണമെന്നുണ്ടെങ്കില് ആലപ്പുഴ വഴിയുള്ള രണ്ട് വന്ദേഭാരത് സര്‍വീസുകളും കൂടി, ഇരട്ടലൈനുകളുള്ള കോട്ടയം വഴിയാക്കാന്‍ സന്നദ്ധമാണെന്നും ഇക്കാര്യം ജനപ്രതിനിധികള്‍ പരിഗണിക്കണമെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.
വന്ദേഭാരതിന്റെ സമയം പരിഗണിച്ച് എറണാകുളം കായംകുളം (06451) പാസഞ്ചര്‍, ആലപ്പുഴ എറണാകുളം പാസഞ്ചര്‍ (06452) എന്നിവയുടെ സമയം മാറ്റിയിരുന്നു. വന്ദേഭാരതിന് മുന്‍പ് എറണാകുളം കായംകുളം (06451) പാസഞ്ചര്‍ വൈകിട്ട് ആറു മണിക്ക് പുറപ്പെട്ട്, 9.05 ന് എത്തിയിരുന്നു. വന്ദേഭാരത് വന്ന ശേഷം ആറരയ്ക്ക് പുറപ്പെട്ട് 9.05 ന് എത്തിത്തുടങ്ങി. അങ്ങനെ അരമണിക്കൂര്‍ ലാഭിച്ചുവെന്നു മാത്രമല്ല, സമയക്ലിപ്തത ഏതാണ്ട് 95 ശതമാനം പാലിക്കാനും സാധിച്ചു. വന്ദേഭാരതിന് മുന്‍പ് ആലപ്പുഴ എറണാകുളം പാസഞ്ചര്‍ (06452) വൈകിട്ട് ആറു മണിക്ക് പുറപ്പെട്ട് 7.35 ന് എത്തിയിരുന്നു. വന്ദേഭാരത് വന്ന ശേഷം വൈകിട്ട് 6.20 നാണ് പുറപ്പെടുന്നത്. 7.50ന് എത്തും. അഞ്ചു മിനിറ്റ് ലാഭിക്കാനായി. സമയക്ലിപ്തത നേരത്തെ 86.66 ശതമാനമായിരുന്നത് 89.47 ശതമാനവുമായി.
രണ്ട് പാസഞ്ചറുകളുടെയും സമയം പഴയ പോലെയാക്കണമെങ്കില്‍, ഒരു മാര്‍ഗമാണുള്ളത്. ആലപ്പുഴ വഴിയുള്ള വന്ദേഭാരതുകള്‍ കൂടി ഇരട്ട ലൈനുള്ള കോട്ടയം വഴിയാക്കണം. ഇക്കാര്യം സൗകര്യപ്രദമോയെന്ന് ജനപ്രതിനിധികള്‍ പരിശോധിക്കണം, റെയില്‍വേ അഭ്യര്‍ഥിച്ചു. നിരുത്തരവാദപരമായ വ്യാജപ്രചാരണം മൂലമുണ്ടായ തെറ്റിദ്ധാരണയകറ്റാനാണ് പത്രക്കുറിപ്പെന്ന് റെയില്‍വേ അറിയിച്ചു.
പൊളിഞ്ഞത് ആരിഫിന്റെ കള്ളക്കളി
വന്ദേഭാരത് സര്‍വീസുകളെ അപകീര്‍ത്തിപ്പെടുത്താന്‍ ആലപ്പുഴ എംപി എ. എം. ആരിഫിന്റെ നേതൃത്വത്തില്‍ ചിലര്‍ നടത്തിയ സമരമാണ് റെയില്‍വേയുടെ ഈ നിര്‍ദേശത്തിന് കാരണം. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സര്‍വീസ് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ നിലപാടെടുത്തതും.
കൊല്ലത്തിനും എറണാകുളത്തിനും ഇടയിലോടുന്ന രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ വൈകുന്നുവെന്നും അതിനു കാരണം വന്ദേഭാരത് എക്സ്പ്രസ് ആണെന്നുമുള്ള വ്യാജപ്രചാരണം സോഷ്യല്‍ മീഡിയയിലും പുറത്തും മാസങ്ങളായി നടക്കുന്നുണ്ട്. വന്ദേഭാരത് വന്നശേഷം പാസഞ്ചര്തീവണ്ടികള് പിടിച്ചിടുന്നെന്നും സമയക്രമം തെറ്റുന്നെന്നും ആരോപിച്ച് എ.എം. ആരിഫ് എംപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഒരുവിഭാഗം യാത്രക്കാര്‍ പ്രതിഷേധിച്ചു.
തുടര്‍ന്ന് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് റിപ്പോര്‍ട്ട് തേടി. ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ വന്ദേഭാരത് കോട്ടയം വഴിയാക്കാം എന്നാണ് റയില്‍വേയുടെ നിര്‍ദേശം.
കേരളത്തിലെ നാല് വന്ദേഭാരത് സര്‍വീസുകളും വന്‍ ലാഭത്തില്‍ യാത്ര തുടരുമ്പോഴാണ് ആരിഫിന്റെ ആരോപണം. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം കാസര്‍കോട് സര്‍വീസ് രാജ്യത്ത് തന്നെ ഏറ്റവും ലാഭമേറിയ സര്‍വീസാണ്. 200% ആണ് ബുക്കിങ് ഡിമാന്‍ഡ്. കോട്ടയം വഴിയുള്ള സര്‍വീസിന് 186% ആണ് ഡിമാന്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: