കണ്ണൂര്‍: ‘നവകേരള സദസ്സില്‍ ലഭിച്ച പരാതികള്‍ ഉപേക്ഷിച്ച നിലയില്‍!’ എന്ന വാര്‍ത്ത ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചുവെന്ന് ഇടതുമാധ്യമങ്ങള്‍ നല്‍കിയ വ്യാജവാര്‍ത്തയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍.
ഒരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് മന്ത്രി ഇത്തരത്തിലുള്ള വ്യാജ പ്രചരണം നടത്തിയിരിക്കുന്നത് എന്ന് വ്യക്തമാണ്. ഇതിനു ഉദാഹരണമാണ് അദേഹം രണ്ടു ദിവസം മുമ്പേ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ്.
നവകേരള സദസ്സിനെ ഉയര്‍ത്തികാണിക്കുന്നതിന്റെ ഭാഗമായി പൊതുമാധ്യമങ്ങള്‍ നല്‍ക്കുന്ന വസ്തുതകളായ വാര്‍ത്തകളെ ഇകഴ്‌ത്താനും മാധ്യമങ്ങളുടെ ആധികാരികത നശിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള പ്രവണതകള്‍ നടക്കുന്നത്. സമാനമായി മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നത്.
നിലത്ത് ഉപേക്ഷിച്ച നിലയിലുള്ള കവറുകളുടെ ചിത്രങ്ങളുള്‍പ്പെടെ വീക്ഷണം ദിനപത്രം നവംബര്‍ 20ാം തീയതി കണ്ണൂര്‍ എഡിഷണിലെ ആദ്യ പേജില്‍ നല്‍കിയ വാര്‍ത്തയെ ജന്മഭൂമി ദിനപത്രം നല്‍കിയെന്നാണ് ഇടത് അനുകൂല മാധ്യമങ്ങളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും പ്രചരിപ്പിച്ചത്. ഇതിനെ വെള്ളം തൊടാതെ വിഴുങ്ങുന്ന സമീപനമാണ് മന്ത്രി സ്വീകരിച്ചത്.
എന്നാല്‍ വിഷയത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെ ഇത്തരമൊരു ഫോട്ടോ എടുത്ത് ജനങ്ങളെ കബളിപ്പിക്കാനും നവകേരള സദസ്സിനെ ഉയര്‍ത്തികാണിക്കാനുമാണ് ഇടതുകേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജന്മഭൂമി അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ അധികാര കേന്ദ്രത്തില്‍ നിന്ന് ഇത്തരം ഒരു പ്രതികരണം ഉണ്ടാകുന്നത്.
ഇതിനോടകം തന്നെ നവകേരള സദസ്സിനെതിരെയും മന്ത്രിമാരുടെ ധൂര്‍ത്തിനെതിരേയും ജനങ്ങള്‍ക്കിടയിലും സമൂഹികമാധ്യമങ്ങളിലും വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ജനപ്രതിനിധികള്‍ ജനങ്ങളിലേക്ക് എന്നു പറഞ്ഞിട്ട് നവകേരള സദസ്സുകളില്‍ കേവലമായ പ്രസംഗങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷപാര്‍ട്ടികളുടെ വിമര്‍ശനം.
മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നവകേരളസദസ്സിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം പ്രതിപക്ഷപാര്‍ട്ടികളെയും വലതുപക്ഷ മാധ്യമങ്ങളെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. ഏതെങ്കിലും രീതിയില്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിടാനാണ് ഇവര്‍ നോക്കുന്നത്. നവകേരള സദസ്സിന് ആഡംബര ബസ്സ് ആണ് ഉപയോഗിക്കുന്നതെന്നും ലക്ഷ്വറി സൗകര്യങ്ങള്‍ ഉണ്ടെന്നുമൊക്കെയായിരുന്നു ആദ്യ പ്രചാരണം. അത് ആദ്യ ദിനം തന്നെ പൊളിഞ്ഞതോടെ ജാള്യത മറക്കാന്‍ അടുത്ത വ്യാജവാര്‍ത്തയിറക്കിക്കഴിഞ്ഞു. നവകേരള സദസ്സില്‍ ലഭിച്ച പരാതികള്‍ ഉപേക്ഷിച്ച നിലയില്‍ എന്നാണ് ജന്മഭൂമി വാര്‍ത്ത. കൂടെ നിലത്ത് കിടക്കുന്ന കുറച്ചു കവറുകളുടെ ചിത്രവുമുണ്ട്. സര്‍ക്കാര്‍ വിരുദ്ധരെല്ലാം പതിവുപോലെ കിട്ടിയ വാര്‍ത്തയെടുത്തു സോഷ്യല്‍ മീഡിയയില്‍ ഒട്ടിക്കാനും തുടങ്ങി. എന്നാല്‍ സാമാന്യബോധമുള്ള ആര്‍ക്കും അവ കവറുകള്‍ മാത്രമാണ് എന്ന് മനസിലാകും എന്ന് ഇക്കൂട്ടര്‍ ഓര്‍ക്കുന്നില്ല.
തികച്ചും പ്രൊഫഷണലായാണ് നവകേരള സദസ്സില്‍ പരാതികള്‍ സ്വീകരിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്. അതിനായി പ്രത്യേക കൗണ്ടറുകള്‍ ഓരോ സ്ഥലത്തും ഒരുക്കിയിട്ടുണ്ട്. തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.
ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. കവറോടെ ലഭിക്കുന്ന പരാതികള്‍ കവര്‍ ഒഴിവാക്കി ഫയലാക്കുകയാണ് ചെയ്യുന്നത്. ലഭിക്കുന്ന പരാതികള്‍ക്കും നിവേദങ്ങള്‍ക്കും രസീതും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്. നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയ്‌ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്‌ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ്തല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും.
അതായത് പരാതി കൊടുക്കുന്ന ഓരോ ആള്‍ക്കാര്‍ക്കും അതിന്റെ സ്ഥിതി അറിയാന്‍ ആകും എന്ന് ചുരുക്കം. ഇത്രയും കൃത്യമായ സംവിധാനം ഒരുക്കിയിട്ടുള്ളപ്പോള്‍ പരാതികള്‍ ഉപേക്ഷിച്ച നിലയില്‍ എന്ന് വാര്‍ത്ത എഴുതിവിട്ടാല്‍ ആള്‍ക്കാര്‍ വിശ്വസിക്കും എന്നാണ് ധാരണയെങ്കില്‍ കല്ലിനു കടിച്ചു പല്ല് കളയണ്ട എന്നാണ് അത്തരക്കാരോട് പറയാനുള്ളത്.
നവകേരളസദസ്സിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം പ്രതിപക്ഷപാര്‍ട്ടികളെയും വലതുപക്ഷ മാധ്യമങ്ങളെയും വിറളി…
Posted by Saji Cherian on Monday, November 20, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: