ന്യൂദല്‍ഹി: നാഷണല്‍ പെന്‍ഷന്‍ സ്‌കീം(എന്‍പിഎസ്) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്ദിറില്‍ ബിഎംഎസ് നേതൃത്വത്തില്‍ പതിനായിരങ്ങളുടെ പ്രതിഷേധം. പഴയ പെന്‍ഷന്‍ സ്‌കീം പുനഃസ്ഥാപിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് നിവേദനം നല്കി.
ബിഎംഎസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എംപ്ലോയീസ് നാഷണല്‍ കോണ്‍ഫെഡറേഷന്റെ(ജിഇഎന്‍സി) ആഹ്വാനമേറ്റെടുത്താണ് റയില്‍വെ, ഡിഫന്‍സ്, തപാല്‍, മറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ജീവനക്കാര്‍ സമരത്തില്‍ അണിനിരന്നത്.
അവസാന അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ശതമാനമെങ്കിലും ഉറപ്പുള്ള പെന്‍ഷനെന്ന രീതിയില്‍ പുനഃസ്ഥാപിക്കുക, വിലനിലവാരത്തിന് അനുസരിച്ചുള്ള ക്ഷാമാശ്വാസം ഉറപ്പാക്കുക, കേന്ദ്ര ശമ്പളക്കമ്മിഷന്‍ ശിപാര്‍ശകള്‍ക്ക് അനുസരിച്ച് പെന്‍ഷന്‍ പരിഷ്‌കരിക്കുക എന്നീ മൂന്ന് കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ സമരത്തെ അഭിവാദ്യം ചെയ്ത് പറഞ്ഞു.
പെന്‍ഷന്‍ ഉറപ്പില്ലാത്ത സാഹചര്യം വലിയ ആശങ്കകളാണ് ജീവനക്കാരില്‍ സൃഷ്ടിക്കുന്നത്. ഇത് ഒഴിവാക്കണം. പഴയ പെന്‍ഷന്‍ പദ്ധതി സ്ഥിരവും ഉറപ്പായതുമായിരുന്നു. എന്നാല്‍ 2004 ജനുവരി ഒന്ന് മുതല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് പഴയ പെന്‍ഷന്‍ പദ്ധതി നിര്‍ത്തി പങ്കാളിത്ത പെന്‍ഷന്‍ ആരംഭിച്ചത്.
2003 ഡിസംബര്‍ 22ന് ഓര്‍ഡിനന്‍സിലൂടെ ആരംഭിച്ച നീക്കം 2013 സപ്തംബറില്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ബില്‍ വഴി നിയമമാക്കുകയായിരുന്നുവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പഴയ പെന്‍ഷന്‍ പദ്ധതി ജീവനക്കാര്‍ക്ക് നല്കിയിരുന്ന സുരക്ഷിതത്വമാണ് ഇത് വഴി ഇല്ലാതായതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.
ജിഇഎന്‍സി ഉപാദ്ധ്യക്ഷന്‍ വിപന്‍കുമാര്‍ ദോഗ്ര, ബിഎംഎസ് ദേശീയ അദ്ധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യ, നേതാക്കളായ സുഖ് വിന്ദര്‍ സിങ് ഡിക്കി, എം.പി. സിങ്, അശോക് ശുക്ല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: