പി. വത്സല ടീച്ചര്‍ എന്നെന്നേക്കുമായി മിഴികള്‍ പൂട്ടിയപ്പോള്‍ നമ്മുടെ സാഹിത്യ സാംസ്കാരിക രംഗം കൂടുതല്‍ ദുര്‍ബലമാവുകയാണ്. ഭരണ വര്‍ഗത്തിന്റെ വാഴ്ത്തപ്പാട്ടുകാരും ദേശദ്രോഹികളുടെ സേവക്കാരും മലീമസമാക്കിക്കൊണ്ടിരുന്ന കേരളത്തിന്റെ സാംസ്കാരിക ഭൂമികയില്‍ വേറിട്ടവഴി സ്വയം ചെത്തിക്കോരിമുന്നേറിയ ധീരതയെയാണ് മലയാളികള്‍ ആദരവോടെ പി. വത്സല ടീച്ചര്‍ എന്നു പേര് ചൊല്ലി വിളിച്ചത്. തപസ്യയുടെ വേദിയില്‍ പി. വത്സല പോകരുതെന്ന് തിട്ടൂരമിറക്കിയവരോട് എന്റെ പാരമ്പര്യം ഭാരതീയമാണെന്നും താന്‍ സനാതനസംസ്കാരമാണ് പിന്തുടരുന്നതെന്നും ഉറച്ച ശബ്ദത്തില്‍ മറുപടി കൊടുത്ത കരുത്തിന്റെ മറുപേരാണ് പി. വത്സല. പുരോഗമന കലാസാഹിത്യ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന, കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന പി. വത്സല ഹിന്ദു വര്‍ഗ്ഗീയതയുടെ ചെളിക്കയത്തില് വീണുവെന്ന് വിലപിച്ചവരുടെ നേരെ വസ്തുനിഷ്ഠമായും സുതാര്യമായും സുഭദ്രമായും പി. വത്സല ചോദ്യങ്ങള്‍ തൊടുത്തുവിട്ടതും ചിതലരിക്കാത്ത ഓര്‍മയാണ്.
നെല്ല്, ആഗ്നേയം, നിഴലുറങ്ങുന്ന വഴികള്‍, പാളയം, കൂമന്‍കൊല്ലി, ചാവേര്‍, വിലാപം, മേല്‍പ്പാലം തുടങ്ങിയ നോവലുകള്‍ പി. വത്സലയുടെ പ്രതിഭാശക്തി പ്രഖ്യാപിക്കുന്നവയാണ്. ജീവിതത്തിന്റെ പരുത്ത പ്രതലങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഈ ആഖ്യായികകള്‍ വായനക്കാരേറ്റെടുത്ത കൃതികളാണ്. വയനാട്ടിലെ ആദിവാസികളും കര്‍ഷകരും നക്സലൈറ്റുകളും പി. വത്സലയുടെ നോവലുകളില്‍ തിളക്കത്തോടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദേശീയ പ്രസ്ഥാനവും കാര്‍ഷികസമരവും മാപ്പിള കലാപവും ആദിവാസി ജനതയുടെ കണ്ണീരുപ്പുനിറഞ്ഞ ജീവിത ചിത്രങ്ങളും മനുഷ്യകാമനകളുടെ വൈവിധ്യവും പി. വത്സല പച്ചയായി ചിത്രീകരിച്ചു. വത്സലയുടെ സ്ത്രീകഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയരായിരുന്നു. അരുന്ധതി കരയുന്നില്ല, അനുപമയുടെ കാവല്ക്കാരന്, ചാമുണ്ടിക്കുഴി തുടങ്ങിയ കഥാസമാഹാരങ്ങള്‍ റിയലിസത്തിന്റെയും റൊമാന്റിസത്തിന്റെയും സംഗമസ്ഥാനങ്ങളായിരുന്നു. മണ്ണിന്റെ രുചിയും ഗന്ധവുമുള്ള കഥനഭാഷയായിരുന്നു പി. വത്സലയുടേത്.
തപസ്യ കലാസാഹിത്യവേദിയുമായി ആത്മബന്ധം പുലര്‍ത്തിയ എഴുത്തുകാരി കൂടിയായിരുന്നു പി. വത്സല. ഭാരതീയ സംസ്കൃതിയുടെ സൗന്ദര്യദര്‍ശനവും കലാദര്‍ശനവും ഉയര്‍ത്തിപ്പിടിക്കുന്ന തപസ്യയുടെ രക്ഷാധികാരികളിലൊരാളായി പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച പി. വത്സല, 1996ല്‍ നടന്ന അക്കിത്തം സപ്തതിയാഘോഷത്തില് ആദ്യന്തം പങ്കെടുക്കുകയും സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ തപസ്യയുടെ സാംസ്കാരിക മേഖലകളിലെ ഇടപെടലുകള്‍ സ്വാഗതാര്‍ഹവും മാതൃകാപരവുമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തത് ദേശസ്നേഹികള്‍ക്ക് അഭിമാനവും കുടിലബുദ്ധികള്‍ക്ക് ആഘാതവുമായിമാറിയതും വിസ്മരിക്കാനാവില്ല. 2001ല്‍ നടന്ന തപസ്യരജതോത്സവ സംഘാടകസമിതിയില്‍ അംഗമായിരുന്നു പി. വത്സല.
തപസ്യയുടെ മുഖപത്രമായ ‘വാര്‍ത്തിക’ത്തില്‍ ഇടയ്ക്കിടയ്ക്ക് അവരുടെ രചനകള്‍ വെളിച്ചം കണ്ടിരുന്നു. തപസ്യയുടെ മുന്‍ ജനറല്‍ സെക്രട്ടറി എന്‍.പി. രാജന് നമ്പിയുമായി നിരന്തര സമ്പര്‍ക്കമുണ്ടായിരുന്നു കുലീനതയുടെ പ്രതീകമായിരുന്ന പി. വത്സലയ്ക്ക്. തപസ്യയുടെ സഞ്ജയന് പുരസ്കാരം നല്കിയപ്പോള്, പുരസ്കാരം താനേറ്റുവാങ്ങുന്നത് നിറഞ്ഞ അഭിമാനത്തോടെയാണെന്ന് സമര്പ്പണസദസ്സില് തന്നെ അവര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇടതുവലതു പാളയങ്ങളില്‍ തടവില്‍ക്കിടക്കുന്ന ചില സാംസ്കാരിക നായകര്‍ നിന്ദാഭാവത്തില്‍ പ്രതികരിച്ചതും ഓര്‍ത്തുപോവുന്നു. കേന്ദ്രസര്‍ക്കാരിനെ പൊതുമധ്യത്തില്‍ അപമാനിക്കുക എന്ന ദുഷ്ടലാക്കോടെ അവാര്‍ഡ് വാപസി പ്രകടനങ്ങള്‍ അരങ്ങുതകര്‍ത്തു മുന്നേറുമ്പോള്‍ പി. വത്സല നടത്തിയ പ്രതികരണം, കപട ബുദ്ധിജീവികളുടെയും കൂലിയെഴുത്തുകാരുടെയും നെഞ്ചുപിളര്ക്കുംവിധം തീക്ഷ്ണത നിറഞ്ഞതായിരുന്നു.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഞാഞ്ഞൂലുകള് തലപൊക്കുന്നുവെന്നും കിട്ടിയതുകൊണ്ടല്ല, വാങ്ങിയതുകൊണ്ടാണ് സാറാജോസഫും സച്ചിദാനന്ദനും മറ്റും അവാര്‍ഡ് തിരിച്ചുകൊടുക്കുന്നതെന്നും തുറന്നടിക്കുവാനുള്ള മനോബലം പി. വത്സലയ്ക്കുണ്ടായിരുന്നു. ഭാരതത്തിന്റെ ആദരണീയനായ പ്രധാനമന്ത്രിയോടും മാതാ അമൃതാനന്ദമയിദേവിയോടും തനിക്കുള്ള ആദരവ് ലേഖനരൂപത്തില്‍ പ്രകാശിപ്പിക്കുവാനും അവര്‍ തയ്യാറായി. ചെന്നായക്കൂട്ടങ്ങള്‍ തന്നെ കൊത്തിപ്പറിക്കുവാന്‍ പാഞ്ഞടുക്കുമെന്നറിഞ്ഞിട്ടും പറഞ്ഞതും എഴുതിയതും മായ്ച്ചും വിഴുങ്ങുയും അവരുടെ ഗുഡ്ബുക്കില്‍ വീണ്ടുമിടം കിട്ടാനും അവരെ സ്തുതിക്കുവാനും പി. വത്സല ശ്രമിച്ചതേയില്ല. ധീരതയുടെ കനലായി കേരളത്തിന്റെ സാംസ്കാരിക സദസില്‍ ഈ എഴുത്തുകാരി എന്നെന്നും മുദ്രിതമാവുന്നതും ഇതൊക്കെക്കൊണ്ടാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: