ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പിആര്‍എസ് വായ്പ കെണിയില്‍പ്പെട്ട് ജീവനൊടുക്കിയ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. നവകേരള സദസിന്റെ പേരില്‍ ധൂര്‍ത്ത് നടത്തുന്ന സര്‍ക്കാര്‍ അന്നം തരുന്ന കര്‍ഷകരെയും കുടുംബങ്ങളും പൂര്‍ണമായും അവഗണക്കുകയാണ്. കര്‍ഷകര്‍ ജീവനൊടുക്കിയത് നെല്ലുവിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമല്ലെന്ന് പ്രചരിപ്പിക്കാനാണ് കൃഷിവകുപ്പിനും മന്ത്രിക്കും തിടുക്കം.
അമ്പലപ്പുഴ മേഖലയില്‍ രണ്ടു മാസത്തിനിടെ രണ്ട് കര്‍ഷകരാണു ജീവനൊടുക്കിയത്. കഴിഞ്ഞ സപ്തംബറില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് വീട്ടിലെത്തി ഉറപ്പു നല്‍കിയതാണ്. അതിന് ശേഷം പല തവണ മന്ത്രിസഭാ യോഗം ചേര്‍ന്നെങ്കിലും തീരുമാനമുണ്ടായില്ല. സപ്തംബര്‍ 17നാണ് വണ്ടാനം നീലിക്കാട്ടുചിറ കെ.ആര്.രാജപ്പന് (88) വീടിനുള്ളില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്.
നാലുപാടം പാടശേഖരത്തില്‍ പുഞ്ചക്കൃഷി നടത്തി നെല്ലു കൊടുത്ത ഇനത്തില്‍ രാജപ്പനും മകന് പ്രകാശനും 1.57 ലക്ഷം രൂപ കിട്ടാനുണ്ടായിരുന്നു. രാജപ്പന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള പിആര്‍എസ് മകളുടെ പേരിലേക്കു മാറ്റി സപ്ലൈകോ തുക നല്കി. ഇനി ഒരു കര്‍ഷകനും ഇത്തരം അനുഭവമുണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് രാജപ്പന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി ഉറപ്പു നല്‍കിയത്. എന്നാല്‍ രാജപ്പന് മരിച്ചു രണ്ട് മാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല.
ആ സംഭവത്തിന്റെ ദുഃഖമടങ്ങും മുന്‍പാണ് സമീപപ്രദേശമായ തകഴി കുന്നുമ്മയില്‍ നവംബര്‍ 11ന് കര്ഷകന് കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്തത്. അടുത്ത ദിവസം മാധ്യമങ്ങളെ പോലും അറിയിക്കാതെ കൃഷിമന്ത്രി, പ്രസാദിന്റെ വീട് സന്ദര്‍ശിച്ച് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ചയാകാറായിട്ടും നടപടി മാത്രമില്ല. ധനസഹായം നല്‍കിയില്ലെന്ന് മാത്രമല്ല, കര്‍ഷകനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അധിക്ഷേപിക്കുകയാണ് കൃഷിവകുപ്പ്. പിആര്‍എസ് കുടിശിഖയല്ല ജീവനൊടുക്കാന്‍ കാരണമെന്ന് ആദ്യം ഭക്ഷ്യമന്ത്രിയാണ് പ്രഖ്യാപിച്ചത്. കൃഷി മന്ത്രിയാകട്ടെ ഇതാവര്‍ത്തിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നയവൈകല്യത്തിന് ബാങ്കുകളെ പ്രതിക്കൂട്ടിലാക്കി മുഖം രക്ഷിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി സിപിഐ നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് മുന്നില്‍ സമരവും തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് നെല്ലുവില നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്കിയാല് പ്രശ്നത്തിന് പരിഹാരമാകും. എന്നാല്‍ അതിന് തയാറാകാതെ നെല്ലുവില ഇപ്പോഴും സര്‍ക്കാരിന്റെ ഉറപ്പില്‍ കര്ഷകന് വായ്പയായാണ് നല്‍കുന്നത്. ഈ തുക സര്‍ക്കാര്‍ അടച്ചു തീര്‍ക്കും വരെ കര്ഷകന് വായ്പക്കാരനായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: