റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് ഹാട്രിക് തോല്‍വി. ഇന്നലെ അര്‍ജന്റീനയോട് പരാജയപ്പെട്ട ബ്രസീല്‍ യോഗ്യാ റൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം കളിയിലാണ് പരാജയം രുചിക്കുന്നത്. ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ അര്‍ജന്റീനയോട് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കാനറികള്‍ പരാജയം രുചിച്ചത്.
63-ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയാണ് നിലവിലെ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. കഴിഞ്ഞ മത്സരങ്ങളില്‍ ഉറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അതേസമയം കഴിഞ്ഞ കളിയില്‍ ഉറുഗ്വെയോട് തോറ്റ അര്‍ജന്റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. 81-ാം മിനിറ്റില്‍ ബ്രസീലിന്റെ ജോലിന്റണ്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് അവര്‍ മത്സരം പൂര്‍ത്തിയാക്കിയത്. ലോകകപ്പ്് യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തില്‍ സ്വന്തം മണ്ണില്‍ ബ്രസീലിന്റെ ആദ്യ തോല്‍വിയാണിത്.
മാരക്കാനയില്‍ തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തിന് മുന്നിലാണ് ഒരിടവേളയ്ക്ക് ശേഷം ലാറ്റിനമേരിക്കന്‍ വമ്പന്മാര് നേര്‍ക്കുനേര്‍ വന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിനീഷ്യസ് ജൂനിയറിന് ഇറങ്ങാനാവാതെ വന്നപ്പോള്‍ പരിക്ക് മാറി ഗബ്രിയേല്‍ ജെസ്യൂസ് ബ്രസീലിന്റെ ആദ്യ ഇലവനിലേക്ക് മടങ്ങിവന്നു. വിനീഷ്യസിന് പുറമെ റിച്ചാര്ലിസണ്, നെയ്മര്‍ എന്നീ സൂപ്പര്‍ താരങ്ങളും കാനറി നിരയിലുണ്ടായിരുന്നല്ല.
ഗ്യാലറിയിലെ ആരാധകരുടെ കൂട്ടയടി കാരണം വൈകിയാരംഭിച്ച മത്സരത്തില്‍ മൈതാനവും തീപിടിച്ചു. ബ്രസീല്‍-അര്‍ജന്റീന താരങ്ങള്‍ പലതവണ മൈതാനത്ത് മുഖാമുഖം വന്നു. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ബ്രസീലിന്റെ റോഡ്രിഗോയും കൊമ്പുകോര്‍ത്തു. കളി പരുക്കനായതോടെ ഗബ്രിയേല്‍ ജെസ്യൂസ്, റാഫീഞ്ഞ, കാര്‍ലോസ്് അഗസ്റ്റോ എന്നിവര്‍ക്ക് ആദ്യ പകുതിയില്‍തന്നെ മഞ്ഞകാര്‍ഡ് കിട്ടി. രണ്ട് ടീമുകള്‍ക്കും ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍വല കുലുക്കാന്‍ ഇരുടീമുകള്‍ക്കും കഴിയാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
മാര്‍ക്വീഞ്ഞോസിന് പകരം നിനോയെ ഇറക്കിയാണ് ബ്രസീല്‍ രണ്ടാം പകുതി തുടങ്ങിയത്. എന്നാല്‍ 63-ാം മിനിറ്റില്‍ എത്തിയ കോര്‍ണര്‍ കിക്ക് വലയിലെത്തിച്ച് അര്‍ജന്റീന കളിയില്‍ ലീഡ് നേടി. ലോ സെല്‍സോ എടുത്ത കിക്ക് ബോക്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഒട്ടാമെന്‍ഡി ഉയര്‍ന്ന് ചാടി തലകൊണ്ട് ബ്രസീലിയന്‍ ഗോളി അലിസന് ബെക്കറിനെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ഗോള്‍ മടക്കാന്‍ ബ്രസീല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും എമിലിയാനോ മാര്‍ട്ടിനസിനെ കീഴടക്കാനായില്ല. ഇതോടെ 1-0ന്റെ പരാജയവുമായി ബ്രസീല്‍ മാരക്കാനയില്‍ നിന്ന് മടങ്ങി. യോഗ്യതാ റൗണ്ടില്‍ ആറ് കളികള്‍ കഴിഞ്ഞപ്പോള്‍ 15 പോയിന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. തോല്‍വിയോടെ 7 പോയിന്റുമായി ബ്രസീല്‍ ആറാം സ്ഥാനത്തായി.
മറ്റ് കളികളില്‍ കൊളംബിയ, ഉറുഗ്വെ, ഇക്വഡോര്‍ ടീമുകള്‍ വിജയം സ്വന്തമാക്കി. ഉറുഗ്വെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെയും ഇക്വഡോര്‍ 1-0ന് ചിലിയെയും കൊളംബിയ 1-0ന് പരാഗ്വെയെയും പരാജയപ്പെടുത്തിയപ്പോള്‍ പെറു-വെനസ്വേല കളി 1-1ന് സമനിലയില്‍ പിരിഞ്ഞു.
13 പോയിന്റുമായി ഉറുഗ്വെയും 12 പോയിന്റുമായ കൊളംബിയയുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: