പത്തനംതിട്ട: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരാണ് പിടിയിലായത്. അഭി വിക്രം യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു.
അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ മറ്റുള്ളവരിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകളും കണ്ടെടുത്തു. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. പുറത്തു വന്നതു മാത്രമല്ല കൂടുതൽ ആപ്പുകൾ ഉപയോഗിച്ച് വ്യാജ രേഖകൾ നിർമിക്കപ്പെട്ടതായി എട്ടംഗ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
പന്തളത്ത് നിന്നി പിടിച്ചെടുത്ത രണ്ട് ലാപ്ടോപ്പുകൾ രണ്ട് ദിവസത്തിനുള്ളിൽ മ്യൂസിയം സ്റ്റേഷനിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്. സർവറിലെ വിവരങ്ങൾ ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ട് വരണാധികാരിയായിരുന്ന പിവി രതീഷിനും തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ നൽകാൻ യൂത്ത് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
വിഷയത്തിൽ കോൺഗ്രസ് മൗനം തുടരുകയാണ്. വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്ന് ദിവസത്തെ സമയ പരിധി അവസാനിച്ചതിനാൽ നിയമപരമായ നടപടികളുണ്ടാകുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: