ലവര്കൂസന്(ജര്‍മനി): യൂറോകപ്പ് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് യോഗ്യത. ടീം ഉള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ യുക്രെയ്നെ സമനിലയില്‍ പിടിച്ചതോടെയാണ് ചാമ്പ്യന്മാര് യോഗ്യത ഉറപ്പാക്കിയത്. ജര്‍മനിയില്‍ നടന്ന ഇന്നലത്തെ നിര്‍ണായക മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്.
എന്ത് വിലകൊടുത്തും തോല്‍വി ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണ് അസൂറികള്‍ ഇന്നലെ കളത്തിലിറങ്ങിയത്. തോല്‍ക്കാതിരുന്നെങ്കില്‍ മാത്രം യോഗ്യത ഉറപ്പിക്കാം എന്നതായിരുന്നു ഇറ്റലിയുടെ സ്ഥിതി. അതില്‍ അവര്‍ വിജയിച്ചു. തോല്‍വിയോടെ മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്ന യുക്രെയ്ന് മാസങ്ങള്‍ക്കുള്ളില്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോകപ്പില്‍ യോഗ്യത നേടിയെടുക്കാന്‍ പ്ലേ ഓഫ് കളിക്കാന്‍ അവസരമുണ്ട്.
തോല്‍വി അറിയാതെ 20 പോയിന്റുമായി ഗ്രൂപ്പ് സിയില്‍ ഒന്നാമതുള്ള ഇംഗ്ലണ്ട് നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. 14 പോയിന്റോടെയാണ് ഇറ്റലി രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടിയത്. ഇത്രയും പോയിന്റ് യുക്രെയ്നുണ്ടെങ്കിലും ഗോള്‍ വ്യത്യാസം ഇറ്റലിക്ക് തുണയായി.
ഇന്നലെ നടന്ന മത്സരത്തില്‍ ഡെന്മാര്ക്കിനെ ഞെട്ടിച്ച് വടക്കന്‍ അയര്‍ലന്‍ഡ് ജയിച്ചതാണ് മറ്റൊരു പ്രധാന സംഭവം. ഗ്രൂപ്പ് എച്ചില് നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായി യോഗ്യത ഉറപ്പിച്ചുകഴിഞ്ഞ ഡെന്മാര്ക്കിനെ വടക്കന്‍ അയര്‍ലന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇതേ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ സ്ലൊവേനിയ കസാഖ്സ്ഥാനെ 2-1ന് തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഫിന്‍ലന്‍ഡ് സാന്‍മാറിനോയെയും ഇതേ സ്കോറിന് തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: