ഹൈദരാബാദ്: മതം മാറിയ ക്ഷേത്ര ജീവനക്കാരനെ അയോഗ്യനാക്കി പിരിച്ചുവിട്ട ദേവസ്വം നടപടി ആന്ധ്രാ ഹൈക്കോടതി ശരിവച്ചു. ശ്രീ ഭ്രമരാംബിക മല്ലികാര്‍ജ്ജുന സ്വാമി ദേവസ്ഥാനമാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്. മതസ്ഥാപന ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണ് ഇതരമതത്തിലേക്ക് മാറിയശേഷം ജോലിയില്‍ തുടരുന്നതെന്ന് ഭരണഘടനയുടെയും മതസ്ഥാപന ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തുകയായിരുന്നു.
ഭരണഘടനയുടെ അനുച്ഛേദം 16(5) പ്രകാരവും ആന്ധ്രപ്രദേശ് ചാരിറ്റബിള്‍ ആന്‍ഡ് ഹിന്ദു റിലീജിയസ് ഇന്സ്റ്റിറ്റിയൂഷന് ആന്‍ഡ് എന്‍ഡോവ്മെന്റ്സ് ഓഫീസ് ഹോള്‍ഡേഴ്സ് ആന്‍ഡ് സര്‍വന്റ് സര്‍വീസ് റൂള്‍സ് 2000 (എപി റൂള്‍സ് 2000) പ്രകാരവും പിരിച്ചുവിടല്‍ ശരിയാണെന്നാണ് വിധി.
എപി റൂള്‍സ് 2000 മൂന്ന് അനുസരിച്ച് ജീവനക്കാരന് ഹിന്ദു മതം അനുഷ്ഠിക്കുന്നയാളായിരിക്കണമെന്നുണ്ട്. മതപരിവര്‍ത്തനം ചെയ്യാതെയാണ് ക്രിസ്ത്യന്‍ യുവതിയെ വിവാഹം കഴിച്ചതെന്ന് പരാതിക്കാരന് വാദിച്ചു. പക്ഷേ വിവാഹം 1954 ലെ സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നെങ്കില്‍ അതിന് സെക്ഷന്‍ 13 പ്രകാരം ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ നല്‍കിയിരുന്നില്ല.
പരാതിക്കാരന് 2002 മുതല്‍ ക്ഷേത്രത്തിലെ റെക്കോര്‍ഡ് അസിസ്റ്റന്റായിരുന്നു. 2010 ല്‍ കുര്‍ണൂല്‍ ജില്ലയില്‍ നന്ദ്യാലിലുള്ള പള്ളിയില്‍ ക്രിസ്ത്യന്‍ യുവതിയെ വിവാഹം ചെയ്തു. എപി റൂള്‍സ് 2000 പ്രകാരം അയോഗ്യനായെന്ന് ജീവനക്കാരനെതിരേ ലോകായുക്തയില്‍ പരാതി പോയി. തുടര്‍ന്ന് ഇദ്ദേഹത്തെ പുറത്താക്കി. എന്നാല്‍, വിവാഹം കഴിച്ചെങ്കിലും മതം മാറിയിട്ടില്ലെന്നും സ്കൂള്‍ രേഖകളിലെ വിവരപ്രകാരം ഹിന്ദുവും പിന്നാക്ക ജാതിയിലുള്ളയാളുമാണെന്ന് അദ്ദേഹം അധികൃതര്‍ക്ക് വിശദീകരണം നല്കി. ക്രിസ്ത്യന്‍ യുവതിയെ വിവാഹം ചെയ്തെങ്കിലും ഹിന്ദു അനുഷ്ഠാന പ്രകാരമാണ് ജീവിക്കുന്നതെന്നായിരുന്നു വാദം. എന്നാല്‍ കോടതി ഈ വാദം തെറ്റാണെന്ന് കണ്ട് തള്ളി.
ഈ കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, പള്ളിയിലെ വിവാഹ രേഖകള്‍ പരിശോധിച്ചു. അതില്‍ വധുവിന്റെയും വരന്റെയും മതം രേഖപ്പെടുത്തിയിരിക്കുന്നത് ക്രിസ്ത്യാനി എന്നാണ്. പരാതിക്കാരന്റേതാണ് ആ രേഖയിലെ ഒപ്പ് എന്ന് അയാള്‍തന്നെ ശരിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി, പരാതിക്കാരന്റെ പുറത്താക്കല്‍ നടപടി ശരിയെന്ന് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: