തിരുവനന്തപുരം: ‘നവകേരള സദസ്സില്‍ ലഭിച്ച പരാതികള്‍ ഉപേക്ഷിച്ച നിലയില്‍!’ എന്ന വാര്‍ത്ത ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചതാണെന്ന് വ്യാജവാര്‍ത്ത നല്‍കി ഇകഴ്‌ത്താന്‍ ശ്രമവുമായി ഇടതുമാധ്യമങ്ങള്‍.
നവകേരള സദസ്സിനെ ഉയര്‍ത്തികാണിക്കുന്നതിന്റെ ഭാഗമായി പൊതുമാധ്യമങ്ങള്‍ നല്‍ക്കുന്ന വസ്തുതകളായ വാര്‍ത്തകളെ ഇകഴ്‌ത്താനും മാധ്യമങ്ങളുടെ ആധികാരികത നശിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള പ്രവണതകള്‍ നടക്കുന്നത്.
നിലത്ത് ഉപേക്ഷിച്ച നിലയിലുള്ള കവറുകളുടെ ചിത്രങ്ങളുള്‍പ്പെടെ വീക്ഷണം ദിനപത്രം നവംബര്‍ 20ാം തീയതി കണ്ണൂര്‍ എഡിഷണില്‍ ആദ്യ പേജില്‍ നല്‍കിയ വാര്‍ത്തയെ ജന്മഭൂമി ദിനപത്രം നല്‍കിയെന്നാണ് ചില ഇടതുമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
എന്നാല്‍ വിഷയത്തിന്റെ നിജസ്ഥിതി അന്വേഷിക്കുക എന്ന മാധ്യമധര്‍മ്മം പാലിക്കാതെ ഇത്തരമൊരു ഫോട്ടോ എടുത്ത് ജനങ്ങളെ കബളിപ്പിക്കാനും നവകേരള സദസ്സിനെ ഉയര്‍ത്തികാണിക്കാനുമാണ് സന്ദേശം.കോം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്.
ഇതിനോടകം തന്നെ നവകേരള സദസ്സിനെതിരെയും മന്ത്രിമാരുടെ ധൂര്‍ത്തിനെതിരേയും ജനങ്ങള്‍ക്കിടയിലും സമൂഹികമാധ്യമങ്ങളിലും വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ജനപ്രതിനിധികള്‍ ജനങ്ങളിലേക്ക് എന്നു പറഞ്ഞിട്ട് നവകേരള സദസ്സുകളില്‍ കേവലമായ പ്രസംഗങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷപാര്‍ട്ടികളുടെ വിമര്‍ശനം. അതേസമയം ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജന്മഭൂമി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: