തിരുവനന്തപുരം: മണ്ഡലകാലം തുടങ്ങി ഒരാഴ്ചയാകാറായിട്ടും അയ്യപ്പഭക്തര്‍ക്ക് തിരുവനന്തപുരത്ത് ഇടത്താവളമൊരുക്കാതെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ കടന്നുപോകുന്ന തിരുവനന്തപുരം ജില്ലയില്‍ അയ്യപ്പന്‍മാര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും ഇടതുസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അന്യസംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് മണ്ഡലകാലത്ത് പ്രതിദിനം തലസ്ഥാനത്തെത്തുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ഇടത്താവളം ജില്ലയില്‍ വേണമെന്ന അയ്യപ്പഭക്തരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്ര പരിസത്തും ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്തും സര്‍ക്കാര്‍ ഇടത്താവളം ഒരുക്കുമായിരുന്നു. ഇടത്താവളമെന്നാണ് പേരെങ്കിലും വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളുണ്ടായിരുന്നില്ല.
ആറ്റുകാല്‍ ക്ഷേത്രത്തിന്റെ നടപ്പന്തലിലായിരുന്നു അയ്യപ്പന്മാര്‍ വിശ്രമിക്കുന്നത്. വിരിവയ്‌ക്കാനുള്ള സൗകര്യവും ഒരുക്കാറില്ല. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്ഷണം വിവിധ ഭക്തജന സംഘടനകള്‍ നല്‍കും. ശൗചാലയവും കുളിമുറിയും അമ്പലത്തിന് സമീപമുള്ള കംഫര്‍ട്ട്‌സ്‌റ്റേഷനില്‍ കാശു നല്‍കി ഉപയോഗിക്കാം. ആറ്റുകാലില്‍ ഒരു ഇന്‍ഫര്‍മേഷന്‍ സെന്ററോ വൈദ്യസഹായകേന്ദ്രമോ ഒരുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് കുടിവെള്ളവും രാത്രിയില്‍ ആഹാരവും ഹൈന്ദവസംഘടനകളാണ് നല്‍കുന്നത്. സൗജന്യ വൈദ്യപരിശോധനയും ഇന്‍ഫര്‍മേഷന്‍ ഓഫീസും ക്ഷേത്രഭരണസമിതിയാണ് ഒരുക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ലൈറ്റുകള്‍ നല്‍കുകയും അഗ്‌നിശമനസേനയെയും പോലീസിനെയും നിയോഗിക്കുകയും മാത്രമാണ് സര്‍ക്കാരിന്റെ ജോലി.
ഇത്തവണ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഇടത്താവളത്തിനായി യാതൊരു ഒരുക്കവും സര്‍ക്കാര്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ശബരിമല ദര്‍ശനം കഴിഞ്ഞ് അയ്യപ്പന്മാര്‍ ശ്രീപത്മനാഭക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് കന്യാകുമാരി ക്ഷേത്രത്തിലേക്ക് പോകുന്നത്. ഓരോ ദിവസവും അയ്യായിരത്തിലധികം അയ്യപ്പന്മാരാണ് മണ്ഡലകാലത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്നത്. കൊട്ടാരക്കര ഗണപതിക്ഷേത്രം കഴിഞ്ഞാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും അയ്യപ്പസേവാസമാജം ഒരുക്കുന്ന സൗകര്യങ്ങളാണ് അയ്യപ്പന്‍മാര്‍ക്ക് ആശ്രയം.
സുനില്‍ തളിയല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: