മാദിഗ സമൂഹത്തിന്റെ പിന്തുണയും മോദിയുടെ സര്‍വസ്വീകാര്യതയും തെലങ്കാനയില്‍ ബിജെപിയെ മുന്നിലെത്തിക്കുമെന്ന് വിലയിരുത്തല്‍. സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഇതാദ്യമായാണ് ബിജെപി ഇത്രയധികം ജനപിന്തുണ ആര്‍ജിക്കുന്നത്. 2014ല്‍ സംസ്ഥാനരൂപീകരണത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് അഞ്ച് സീറ്റാണ്. 63 സീറ്റ് നേടിയ ടിആര്‍എസ് ഭരണം നേടി. കോണ്‍ഗ്രസ് 21, ടിഡിപി 17. ഒവൈസിയുടെ എഐഎംഐഎം 7. വൈഎസ്ആര്‍ കോണ്‍ഗ്രസ് 3, ബിഎസ്പി രണ്ട്, സിപിഐ, സിപിഎം, സ്വതന്ത്രര്‍ ഓരോ സീറ്റ് വീതം എന്നിങ്ങനെയായിരുന്നു കക്ഷി നില.
2018ല്‍ നടന്ന രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു സീറ്റിലേക്ക് ഒതുങ്ങി. തെലങ്കാന രാഷ്‌ട്ര സമിതി 88 സീറ്റുമായി വീണ്ടും അധികാരത്തിലേറി. 21 സീറ്റുമായി കോണ്‍ഗ്രസ് പ്രതിപക്ഷത്തും.
എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്തമാണ്. സംസ്ഥാനത്തുടനീളം ഇരട്ടഎന്‍ജിന്‍ സര്‍ക്കാരിന്റെ വികസനസാധ്യതകള്‍ ചര്‍ച്ചയാക്കാന്‍ ബിജെപിക്ക് സാധിച്ചു. ചന്ദ്രശേഖര്‍ റാവുവിന്റെ അഴിമതിയും കുടുംബവാഴ്ചയും ഗ്രാമങ്ങളില്‍ പോലും സര്‍ക്കാരിനെതിരായ വികാരമുണ്ടാക്കിയിട്ടുണ്ട്. തെലങ്കാന രാഷ്‌ട്രസമിതി എന്ന പേര് ഭാരത് രാഷ്‌ട്രസമിതി എന്നാക്കിയതിന് പിന്നില്‍ റാവുവിന്റെ ദല്‍ഹി മോഹമാണെന്ന ആക്ഷേപവും ചര്‍ച്ചയായി. അദ്ധ്യാപകനിയമനത്തിലെയും പിഎസ്‌സിയിലെയും തട്ടിപ്പുകള്‍ ചോദ്യം ചെയ്ത് ബണ്ടി സഞ്ജയ് റാവുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം തെലങ്കാനയെ ഇളക്കി മറിച്ചു. ബിജെപി ഓഫീസില്‍ നിന്ന് അദ്ദേഹത്തെ രാത്രി കെസിആറിന്റെ പോലീസ് വലിച്ചിഴച്ചുകൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വൈറലായി.
പിന്നാക്കക്കാരില്‍ പിന്നാക്കമായ മാദിഗ സമൂഹം സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പ്. ജനസംഖ്യയില്‍ മുന്‍തൂക്കമുള്ള മാദിഗ വിഭാഗത്തിന്റെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് തെലങ്കാനയിലെ പിന്നാക്ക ജനതയ്‌ക്കാകെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. മാദിഗ പോരാട്ടത്തിന് നേതൃത്വം നല്കുന്ന മന്ദകൃഷ്ണ മാദിഗയുടെ പിന്തുണ ബിജെപിക്ക് കരുത്തുപകരും.
ടിഡിപി മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചതും സൂപ്പര്‍താരം പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന ബിജെപിക്ക് പിന്തുണ നല്കുന്നതും ഇക്കുറി തെലങ്കാനയെ മാറ്റിമറിക്കും. ആന്ധ്രപ്രദേശില്‍ ടിഡിപിയുമായി സഖ്യത്തിലുള്ള ജനസേനയുടെ തെലങ്കാനയിലെ സാന്നിധ്യം ആ വോട്ടുകള്‍ എന്‍ഡിഎ പാളയത്തിലെത്തിക്കും.
കോണ്‍ഗ്രസിന് താരതമ്യേന വോട്ടുണ്ടെങ്കിലും ഒത്തൊരുമയുള്ള നേതൃത്വമില്ലാത്തത് ബിആര്‍എസിന് ബദല്‍ തേടുന്ന വോട്ടര്‍മാരില്‍ നല്ലൊരു പങ്കിനെ എന്‍ഡിഎയ്‌ക്ക് അനുകൂലമായി തിരിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: