ലിസ്ബന്: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ തുടര്‍ച്ചയായ പത്താം ജയം സ്വന്തമാക്കി പോര്‍ചുഗല്‍ ടീം. ഗ്രൂപ്പ് ജെയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ടീം ഐസ്ലന്ഡിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോര്‍ച്ചുഗീസ് വിജയം.
മാസങ്ങള്‍ക്കുള്ളില്‍ ജര്‍മനിയില്‍ നടക്കാനിരിക്കുന്ന യൂറോ 2024ലേക്ക് ആദ്യമായി യോഗ്യത നേടിയ ടീം ആണ് പോര്‍ച്ചുഗല്‍. ഐസ്ലന്ഡിനെതിരെ ഇന്നലെ രണ്ട് പകുതികളിലായി ഓരോ ഗോളുകള്‍ നേടിയാണ് പോര്‍ചുഗല്‍ പത്താം ജയം സ്വന്തമാക്കിയത്. യോഗ്യതാ മത്സരത്തിലെ പത്ത് മത്സരങ്ങളും ജയിച്ച ടീമിന്റെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയായി. ഗ്രൂപ്പ് ജെയില്‍ നിന്ന് സ്ലൊവാക്യയാണ് രണ്ടാം സ്ഥാനക്കാരായ യൂറോ കപ്പിന് നേരിട്ട് യോഗ്യത നേടിയത്.
ഇതേ ഗ്രൂപ്പില്‍ ബോസ്നിയ ആന്റ് ഹെര്സന്ഗോവിനയെ നേരിടാനിറങ്ങിയ സ്ലൊവാക്യ ഇന്നലെ വിജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്ലൊവാക്യയുടെ ജയം.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സ്പെയിന് ജോര്‍ജിയയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വിജയം. കളിയുടെ നാലാം മിനിറ്റില്‍ റോബിന് ലെ നോര്മാഡിലൂടെ സ്പെയിന് മുന്നിലെത്തി. പത്താമത്തെ മിനിറ്റില്‍ ജോര്‍ജിയ സ്പെയിനെ ഞെട്ടിച്ച് ഒപ്പമെത്തി.ഖ്വിച്ച ക്വറാട്ട്സ്കീലിയ ആണ് സമനില പിടിച്ചത്. ആദ്യപകുതി തീരുവോളം കളി സമനിലയില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ ജോര്‍ജിയ വിജയിച്ചു. രണ്ടാം പകുതിയിലേക്ക് തിരിഞ്ഞതോടെ സ്പെയിന് വീണ്ടും ഗോളുകള്‍ നേടി. 55-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ഗോള്‍ നേടിയപ്പോള്‍. 72-ാം മിനിറ്റില്‍ ദാനഗോള്‍ ലഭിച്ചു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ലക്സംബര്‍ഗ് ലെയ്ച്ചെന്സ്റ്റെയിനെ(1-0) തോല്‍പ്പിച്ചപ്പോള്‍ സ്കോട്ട്ലന്‍ഡും നോര്‍വേയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുവരും മൂന്ന് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: