ആര്‍ഷഗ്രന്ഥമായിത്തന്നെ ഭഗവദ്ഗീത ആദരിക്കപ്പെടുന്നുണ്ടെങ്കിലും അത് വേദകാലത്തിനുശേഷം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് രചിക്കപ്പെട്ടതാണ്. ദ്വാപരയുഗാന്ത്യത്തില്‍ ജീവിച്ചിരുന്ന മഹാപ്രതിഭയും മഹര്‍ഷീശ്വരനും ആയിരുന്ന കൃഷ്ണദൈ്വപായനന്‍ ബദര്യാശ്രമത്തില്‍ വസിച്ചുകൊണ്ട് വേദങ്ങളെ നാലായി വ്യസിക്കുകയാണു ചെയ്തത്. അവയെക്കാള്‍ ശ്രേഷ്ഠമായതും പഞ്ചമവേദമെന്ന് ഘോഷിക്കപ്പെടുന്നതും ഭാരതീയ ജീവിതത്തിന്റെ സമസ്ത മേഖലകളേയും ചിന്താസരണികളേയും പുരസ്‌കരിച്ചുകൊണ്ട് സമസ്തജന ബോധകവും സമസ്തജനരഞ്ജകവും ആയി രചിക്കപ്പെട്ടതുമായ ഇതിഹാസകാവ്യമാണ് മഹാഭാരതം. ഈ വിശ്വമഹാകാവ്യശില്പത്തിലെ കൗസ്തുഭരത്‌നമാണ് ഭഗവദ്ഗീത.
തുടര്‍ന്നുണ്ടായ ഭാഗവതപുരാണത്തില്‍ മനുഷ്യമനസ്സിലെ ഏറ്റവും ആര്‍ദ്രവും മഹനീയവുമായ വികാരമായി ഭക്തിയുടെ സര്‍വ്വാംഗീണമായ സ്വരൂപം വര്‍ണ്ണിക്കപ്പെട്ടു. കൂടെത്തന്നെ മറ്റു പുരാണങ്ങളിലും അത്രതന്നെ പ്രാധാന്യമില്ലെങ്കിലും ഭക്തി പ്രതിപാദ്യവിഷയമായി. നാരദഭക്തിസൂത്രങ്ങളും ശാണ്ഡില്യഭക്തിസൂത്രങ്ങളും ഭക്തിക്ക് ശാസ്ത്രസ്വഭാവം നല്കുകയുണ്ടായി. ഭക്തി സാര്‍വ്വത്രികമായ അംഗീകാരവും വൈപുല്യവും നേടി, അങ്ങനെ ഒരു പ്രസ്ഥാനമായിത്തന്നെ വളര്‍ന്നു. ഹിന്ദു ധര്‍മ്മത്തിലാകെയും ഭക്തിയില്‍ അധിഷ്ഠിതമായ ഈശ്വരസങ്കല്പം (സഗുണേശ്വര സങ്കല്പം) ഭഗവാന്റെ അവതാരകഥകളിലൂടെ പുഷ്ടമായി ഹൈന്ദവഹൃദയങ്ങളില്‍ സര്‍വ്വാശ്ലേഷിയായ ഒരനുഭൂതിയായി വികസിച്ചു വന്നു. ഭക്തിയുടെ ഈ വികാസം ക്ഷേത്രാരാധനയ്‌ക്കും ക്ഷേത്ര സംസ്‌കാരത്തിന്റെ നാനാമുഖമായ വളര്‍ച്ചയ്‌ക്കും ക്ഷേത്രകലകളുടെ സംഫുല്ലനത്തിനും കാരണമായെന്ന് ചുരുക്കിപ്പറയാം. പുരാണേതിഹാസങ്ങളില്‍ വൈദിക വിഷയങ്ങളും ഉപബൃംഹണം ചെയ്യപ്പെട്ടു. അങ്ങനെ അവയുടെ രൂപവും ഭാവവും വളരെ വിപുലമായിത്തീര്‍ന്നു. അതോടെ പുരാണങ്ങളുടെ പ്രാധാന്യവും സാര്‍വ്വജനീനതയും ഹിന്ദുധര്‍മ്മത്തില്‍ സ്വീകരിക്കപ്പെട്ടു. അതുകൊണ്ടാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനം ശ്രുതിയും സ്മൃതിയും മാത്രമല്ല പുരാണങ്ങളും കൂടിയാണെന്ന് ചിലരെങ്കിലും പറഞ്ഞുവരുന്നത്.
ഏതു സ്രോതസ്സില്‍ നിന്നാണ് ഇതിഹാസപുരാണങ്ങളില്‍ ഭക്തിയുടെ പ്രവേശം സംഭവിച്ചത് എന്ന് പര്യാലോചിച്ചാല്‍ അത് വൈദികപാരമ്പര്യത്തില്‍ നിന്നല്ല എന്നേ പറയാനാവൂ. കാരണം വേദങ്ങളിലെങ്ങും ഭക്തി കാണപ്പെടുന്നില്ല. അങ്ങനെ വരുമ്പോള്‍ ജനജീവിതത്തില്‍ ഇന്നും വളരെ ശക്തമായ പ്രേരണയും സ്വാധീ നവും ചെലുത്തിപ്പോരുന്ന ഭക്തിഭാവം വേദോപനിഷത്തുകളില്‍ നിന്നു ഭിന്നമായ ഒരു അതിപ്രാചീന പാരമ്പര്യത്തില്‍ നിന്നു വന്നതാകാനേ ഇടയുള്ളൂ. അങ്ങനെയുള്ള അതിപ്രാചീന പാരമ്പര്യങ്ങള്‍ ശൈവധര്‍മ്മം (ശൈവാഗമം), വൈഷ്ണവധര്‍മ്മം (പാഞ്ച രാത്ര്യാഗമം, ഐകാന്തിക ധര്‍മ്മം) എന്നിവയുടെ വഴിയില്‍ കൂടി വന്നതാകണം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇവ പുരാണങ്ങളിലും പ്രവേശം നേടിയിട്ടുണ്ട്. ശ്രുതിസ്മൃതികളോടൊപ്പമാണ് പുരാണങ്ങളെപ്പറ്റി പലപ്പോഴും പറഞ്ഞുപോരുന്നതെങ്കിലും അവയുടെ രൂപവും രചനയും പില്ക്കാലത്ത് ഉണ്ടായതാണെന്നതില്‍ സംശയമില്ല. പക്ഷേ അവയുടെ ആദിരൂപം വേദങ്ങള്‍ക്കും മുമ്പ് ഉണ്ടായതാണെന്നുള്ളതില്‍ സംശയമില്ല. പക്ഷേ അവയുടെ ആദിരൂപം വേദങ്ങള്‍ ക്കും മുമ്പു മുതലേ പ്രാചീനഭാരതത്തിലെ ജനമസ്സുകളില്‍ ഐതിഹ്യരൂപേണ രചിക്കപ്പെട്ട് നിലനിന്നിരുന്നു എന്നു കരുതണം. പുരാണം എന്ന വാക്കിന്റെ സ്വാരസ്യം ചിന്തിച്ചാലും പുരാണഗ്രന്ഥങ്ങള്‍ വളരെ പണ്ടേ നിര്‍മ്മിക്കപ്പെട്ടതാണെന്നേ കരുതാനാവൂ. അങ്ങനെ ചില
പ്രാചീന ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചു കാണുന്നുമുണ്ട്.
എന്നാല്‍ പലേ പ്രാഗ്‌വൈദിക വിശ്വാസങ്ങളും ദേവോപാസനാപരമായ കഥകളും ഐതിഹ്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ അവയുടെ കൂടെ വൈദിക സങ്കല്പ്പനങ്ങളും വേദങ്ങളില്‍ ചില സൂചനകള്‍ മാത്രമായി വര്‍ണ്ണിക്കപ്പെട്ടിരുന്ന ഈശ്വരാവതാര കഥകളും ഉള്‍പ്പെ ടുത്തി പുരാണങ്ങള്‍ വിപുലീകരിക്കപ്പെട്ടതായി കരുതാന്‍ ന്യായമുണ്ട്. ഏതായാലും പുരാണങ്ങളില്‍ പ്രാഗ്‌വൈദികമായ പാരമ്പര്യ ത്തോടൊപ്പം വൈദിക പാരമ്പര്യവും വൈദികാനന്തര കാലത്തെ പാരമ്പര്യവും അന്തര്‍ഭൂതമാണെന്ന് കാണാവുന്നതാണ്.
ഇവിടെ ഭക്തിയുടെ കാര്യം തന്നെ അല്പം കൂടി വിശദമാ ക്കേണ്ടിയിരിക്കുന്നു. ‘ഉത്പന്നാ ദ്രാവിഡേ സാഹം’ എന്ന് ഭക്തി തന്നെപ്പറ്റി ശ്രീമദ് ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളത് എന്തുകൊണ്ട് എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: