പാമ്പാടി(കോട്ടയം): സിനിമ-സീരിയല്‍ താരം വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കാറിനുള്ളില്‍ ഫോറന്‍സിക് വിഭാഗവും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ പരിശോധനയില്‍ തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിദഗ്ധരായ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ എത്തിച്ച് കാര്‍ പരിശോധിക്കും.
ശനിയാഴ്ച വൈകിട്ട് പാമ്പാടി കാളച്ചന്തയിലെ ബാറിനു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മീനടം കുറിയന്നൂര്‍ പരേതരായ തങ്കച്ചന്-കുഞ്ഞമ്മ ദമ്പതികളുടെ മകന് വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇത് അമിതമായി ശ്വസിച്ചത് എങ്ങനെയെന്ന് കണ്ടെത്താനാണ് കാര്‍ പരിശോധിച്ചത്. എന്നാല്‍ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിനോദിന്റെ സംസ്കാരം ഇന്ന് രണ്ടിന് കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ നടക്കും.
സ്വന്തമായി എഴുതിയ കഥയുടെ പ്രീപ്രൊഡക്ഷന് കഴിഞ്ഞ് സിനിമ ചിത്രീകരണത്തിലേക്ക് കടക്കാനൊരുങ്ങുന്നതിനിടെയാണ് വിനോദ് തോമസിന്റെ മരണം. വിനോദ് കഥയെഴുതിയ ചിത്രത്തില്‍ രണ്ട് കഥപാത്രങ്ങള്‍ മാത്രമാണുള്ളത്. അഭിനയിച്ച അഞ്ച് സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. ഇതില്‍ പൃഥിരാജിനൊപ്പം വിലായത്ത് ബുദ്ധയില്‍ അഭിനയിച്ച് വരികയായിരുന്നു.
അയ്യപ്പനും കോശിയും, കുറി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം വിനോദ് ചെയ്തിരുന്നു. 16 സിനിമകളിലും, ഷോര്‍ട് ഫിലിമുകളിലും വെബ് സീരിയസുകളിലും അഭിനയിച്ചിട്ടുണ്ട്.
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അഭിനയത്തില്‍ വിനോദ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രരചന, വായന, ഗാനാലാപനം, എഴുത്ത് എന്നിവയായിരുന്നു ഒഴിവ് സമയങ്ങളിലെ പ്രധാന വിനോദം. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരികെയെത്തി അഭിനയരംഗത്തേക്ക് കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: