ജയ്പൂര്‍: ബിജെപി അധികാരത്തിലെത്തിയാല്‍ രാജസ്ഥാനില്‍ പെട്രോള്‍ ലിറ്ററിന് 11.80 രൂപയെങ്കിലും കുറയുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. ജയ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാജസ്ഥാനില്‍ എന്ത് മാറ്റമുണ്ടാകുമെന്ന് ചോദിക്കുന്നവരുണ്ട്. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കും. പെട്രോളിന് ലിറ്ററിന് 11.80 രൂപയെങ്കിലും കുറയുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയുള്ള സംസ്ഥാനം രാജസ്ഥാനാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക സെസാണ് രാജസ്ഥാനിലെ ഈ ഉയര്‍ന്ന ഇന്ധനവിലയ്ക്ക് കാരണം.
അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പെട്രോളിന്റെയും ഡീസലിന്റെയും അധിക ലെവിയില്‍ നിന്ന് 35,975 കോടി രൂപയാണ് സമാഹരിച്ചത്. മറ്റ് 18 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് നേടിയതിനേക്കാള്‍ 2,000 കോടി രൂപയാണ് രാജസ്ഥാന് മാത്രം നേടിയത്.
രാജ്യത്തുടനീളം പെട്രോളിന്റെ ശരാശരി നിരക്ക് ലിറ്ററിന് 96.72 രൂപയാണ്, എന്നാല്‍ രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോള്‍ വില ലിറ്ററിന് 113.34 രൂപയാണ്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഇന്ധനവില കുറയ്ക്കുമെന്നും അശോക് ഗെഹ്ലോട്ട് സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: