ജുന്‍ജുനു( രാജസ്ഥാന്): ഇന്ധനത്തിന് അധികസെസ് ചുമത്തി രാജസ്ഥാന് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും ഗെഹ്ലോട്ട് സര്‍ക്കാര്‍ കളയാറില്ല. പെട്രോളിന് ഹരിയാനയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും നിങ്ങള്‍ക്ക് ഇവിടുത്തേതിലും പതിമൂന്ന് രൂപ കുറച്ചുനല്കിയാല് മതി’, രാജസ്ഥാനിലെ ജുന്‍ജുനുവില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പെട്രോള്‍ വിലയിലെ വ്യത്യാസങ്ങളെക്കുറിച്ച് അവലോകനം നടത്തും. അഴിമതിയെപ്പറ്റി അന്വേഷണം നടത്തും. പൊതുതാത്പര്യത്തിന് അനുസൃതമായി കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കും, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സ്വന്തം നേതാക്കളുടെ കുടുംബത്തിന്റെ വികാസം മാത്രമാണ് ലക്ഷ്യമിടുന്നത്. അഴിമതിയും പ്രീണനവും സ്വജനപക്ഷപാതവുമാണ് അവരുടെ മുഖമുദ്ര. അവര്‍ രാജ്യത്തിന് വലിയ നഷ്ടമാണ് വരുത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷം സ്വന്തം മന്ത്രിമാര്‍ ഒരു ജോലിയും ചെയ്തില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെ പരിതപിക്കുന്നു. ഭരണമെന്ന പേരില്‍ ഇവിടെ നടന്നത് കണ്‍കെട്ടും ചൂതാട്ടവുമാണ്. ഈ ജാദൂഗാര്‍-ബാസീഗാര്‍ കളിയുടെ മറവില്‍ മന്ത്രിമാര്‍ പണം മോഷ്ടിക്കുന്നതിന്റെ തിരക്കിലായിരുന്നു, മോദി ചൂണ്ടിക്കാട്ടി.
ജന്‍ഔഷധി മേഖലയിലൂടെ എണ്‍പത് ശതമാനത്തിലധികം വിലക്കുറവിലാണ് അവശ്യമരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തത്. നൂറ് രൂപയുടെ മരുന്ന് ഇരുപത് രൂപയ്ക്ക് നല്കി. ഇടത്തരക്കാരും പാവങ്ങളുമായ രോഗികള്‍ക്ക് ഇത് സഹായകരമായെന്ന് മോദി പറഞ്ഞു. ലോകം ക്രിക്കറ്റ് ലഹരിയിലാണ്.
സാധാരണ കളിക്കാര്‍ ഓടുന്നത് റണ്‍സെടുക്കാനാണ്, പക്ഷേ കോണ്‍ഗ്രസില്‍ വേറൊരു തരം ക്രിക്കറ്റാണ് നടക്കുന്നത്. റണ്‍സ് എടുക്കാനല്ല, ഒപ്പമുള്ളയാളെ ഔട്ടാക്കണമെന്ന ലക്ഷ്യമാണ് അതിനുള്ളിലെ ഓരോരുത്തര്‍ക്കും, ചുരു ജില്ലയിലെ താരാനഗര്‍ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: