തൃശ്ശൂര്‍: കേരളം മാവോയിസ്റ്റുകളുടെ പ്രധാന താവളമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. 2022 ഡിസംബര്‍ 18നു നല്കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ്.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്. ഇരു സംസ്ഥാനങ്ങളും നടപടി സ്വീകരിച്ചപ്പോള്‍ കേരളം റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല. ഛത്തീസ്ഗഡ്, തെലങ്കാന മേഖലയില്‍ കേന്ദ്രസേനകള്‍ നടപടി ശക്തമാക്കിയതോടെ പുതിയ കേന്ദ്രമായി മാവോയിസ്റ്റുകള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തിയിലെ വനമേഖല തെരഞ്ഞെടുത്തു. വയനാടാണ് കേന്ദ്രം.
വയനാടിനു പുറമേ മലപ്പുറം, പാലക്കാട് ജില്ലകളിലും മാവോയിസ്റ്റുകള്‍ സജീവമാണ്. മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ രാജ്യത്തെ 70 ജില്ലകളില്‍ കേരളത്തിലെ ഈ മൂന്നു ജില്ലകളുമുണ്ട്. ട്രൈബല്‍ കോളനികള്‍ കേന്ദ്രീകരിച്ചും കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ആശയ പ്രചാരണവും റിക്രൂട്ട്‌മെന്റുമാണ് കേരളത്തില്‍ ഇപ്പോള്‍ ഇവര്‍ ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനാരംഭമായതിനാല്‍ ഛത്തീസ്ഗഡ് മേഖലയിലേതു പോലെ സായുധ ആക്രമണങ്ങള്‍ക്ക് ഇപ്പോള്‍ മുതിരില്ല. മാവോയിസ്റ്റ് സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി യൂണിറ്റും പശ്ചിമഘട്ടം കേന്ദ്രീകരിച്ച് രൂപീകരിച്ചു. ഇവരുടെ പക്കല്‍ വലിയ ആയുധ ശേഖരമുണ്ട്. ദന്തേവാഡ മേഖലയില്‍ നിന്നെത്തിയവരാണ് കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്തവരെ പരിശീലിപ്പിക്കുന്നത്. വെസ്റ്റേണ്‍ഘട്ട് സ്‌പെഷല്‍ സോണ്‍ കമ്മിറ്റിക്കാണ് മേല്‍നോട്ടം.
2022 ഫെബ്രുവരി മുതല്‍ എന്‍ഐഎ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് റിപ്പോര്‍ട്ട്. തമിഴ്‌നാടും കര്‍ണാടകവും തങ്ങളുടെ അതിര്‍ത്തിയില്‍ നടപടികള്‍ കര്‍ശനമാക്കിയെങ്കിലും കേരളം റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന് കൈമാറിയ കേന്ദ്രഫണ്ട് കൈപ്പറ്റിയെങ്കിലും നടപടികള്‍ ഇഴയുകയാണ്. 2026 വരെ കേരളത്തിന് ഇക്കാര്യത്തിനായി പ്രത്യേക ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നേരിടാനാന്‍ പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന ദൗത്യസംഘം കേന്ദ്ര നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് രൂപീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പലവട്ടം സായുധ മാവോയിസ്റ്റ് സംഘങ്ങള്‍ നാട്ടിലിറങ്ങി. 2022ല്‍ ഏഴു പ്രാവശ്യവും 2023ല്‍ അഞ്ചു പ്രാവശ്യവും അവര്‍ പുറത്തുവരികയും ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടുവട്ടം പോലീസുമായേറ്റുമുട്ടി. സി.പി. മൊയ്തീന്‍, വിക്രം ഗൗഡ തുടങ്ങിയ നേതാക്കളെയടക്കം തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല.
ദന്തേവാഡ വനമേഖലയില്‍ നിന്നു പുറത്താക്കപ്പെടുന്ന മാവോയിസ്റ്റ് സംഘങ്ങള്‍ സുരക്ഷിത താവളമായി കേരളത്തെ കാണുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ വലിയ സാന്നിധ്യം ഒളിവു ജീവിതത്തിനു തുണയാണ്. മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഢി ഇത്തരത്തില്‍ തൊഴിലാളി വേഷത്തിലാണ് അങ്കമാലിയില്‍ പിടിയിലായത്. കേരളത്തിലാണ് തങ്ങള്‍ക്കനുകൂലമായ രാഷ്‌ട്രീയാന്തരീക്ഷമുള്ളതെന്നും മാവോയിസ്റ്റുകള്‍ കരുതുന്നു. തീവ്രവാദികള്‍ക്കെതിരായ പോലീസ് നീക്കങ്ങളെ പോലും വിമര്‍ശന ബുദ്ധിയോടെ കാണുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക